ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ ധീരജ് സേത്തിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സർവീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ജൂൺ 30-ന് ധീരജ് സേത്ത് പുതിയ ചുമതലയേൽക്കുമെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. നിലവിൽ കരസേനയുടെ ഉപമേധാവിയായി (വിസ് ചീഫ്) സേവനമനുഷ്‌ഠിച്ചുവരികയാണ് അദ്ദേഹം.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ വിദ്യാഭ്യാസത്തിന് ശേഷം 1986 ഡിസംബറിലാണ് ധീരജ് സേത്ത് ഇന്ത്യന്‍ കരസേനയുടെ ഭാഗമാകുന്നത്. നാല് പതിറ്റാണ്ടോളമുള്ള തന്റെ നീണ്ട സൈനിക കരിയറില്‍ നിരവധി തന്ത്രപ്രധാനമായ പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ്, സതേണ്‍ കമാന്‍ഡ് എന്നിവയുടെ നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം സുദര്‍ശന്‍ ചക്ര കോറിന്റെ കമാന്‍ഡറായും ഡല്‍ഹി ഏരിയയുടെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്ങായും മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് ജൂണ്‍ 30 മുതല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ മേധാവിയായി സ്ഥാനമേല്ക്കും.

