കൊച്ചി: കേരളത്തിൽ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ഇടതിൻ്റെ കോട്ടകൾ തകർന്നടിഞ്ഞു. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെ യുഡിഎഫ് തേരോട്ടം നടത്തിയപ്പോൾ ചെങ്കടലായിരുന്ന പല മേഖലകളും ത്രിവർണം പൊതിഞ്ഞു. ആർത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനടക്കം ഞെട്ടി. 13 മന്ത്രിമാർ തോറ്റ് തുന്നം പാടി. അര നൂറ്റാണ്ടായി ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന പയ്യന്നൂരും തൃക്കരിപ്പൂരും ഉദുമയും തകർന്ന് തരിപ്പണമായി. മൂന്നാം പിണറായി സർക്കാരെന്ന ഇടത് സ്വപ്‌നത്തെ തകർത്തെറിഞ്ഞ് 102 സീറ്റോടെയാണ് യുഡിഎഫ് അധികാരത്തിലേക്കെത്തുന്നത്.
നൂറ് സീറ്റിലധികം പിടിച്ച് ഭരണത്തിലേറുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ വാക്കുകൾ തിരഞ്ഞെംടുപ്പ് ഫലം വന്നപ്പോൾ അന്വർത്ഥമായി. 2021 ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എൽഡിഎഫ് 35 ലേക്ക് കൂപ്പുക്കുത്തി. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ അഞ്ച് ജില്ലകൾ സമ്പൂർണമായി യുഡിഎഫ് പിടിച്ചടക്കി. കാസർകോട്, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിൽ കേവലം ഒരു സീറ്റു മാത്രമാണ് എൽഡിഎഫിന് നേടാനായത്. തെക്കോട്ട് സഞ്ചരിക്കുമ്പോൾ തൃശൂരിലെ പുതുക്കാട് കഴിഞ്ഞ ആലപ്പുഴയിലെ ചേർത്തലയിലാണ് എൽഡിഎഫിന് അടുത്ത സീറ്റുള്ളത്. ഇടയ്ക്കുള്ള 31 മണ്ഡലങ്ങളിലും യുഡിഎഫ്.
മന്ത്രിമാരായ വി. ശിവൻകുട്ടി, പി.രാജീവ്, എം.ബി. രാജേഷ്, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, റോഷി അഗസ്റ്റിൻ, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, വി.അബ്ദുറഹിമാൻ, കെ.ബി.ഗണേഷ് കുമാർ എന്നിവർ തോറ്റു. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യത്തെ ആറ് റൗണ്ട് വരെ പിന്നിലായിരുന്നു. 2021 ൽ 50123 വോട്ടുകൾക്ക് പിണറായി വിജയൻ വിജയിച്ച മണ്ഡലമാണ് ധർമടം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, പി. പ്രസാദ്, ജി.ആർ.അനിൽ, കെ. രാജൻ എന്നിവർക്ക് മാത്രമാണ് മന്ത്രിമാരിൽ ജയിക്കാനായത്. കനത്ത പരാജയത്തിനടയിൽ ജി.സുധാകരനടക്കമുള്ള വിമതർ നേടിയ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. പാർട്ടി കോട്ടകളിലായിരുന്നു വിമതരുടെ വിജയം. അമ്പലപ്പുഴയിൽ ജി.സുധാകരനും പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണ്‌ണും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനുമാണ് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത്.
Assembly Election Candidates and Results >>
പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് മത്സരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജയും പരാജയപ്പെട്ടു. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ പേരാമ്പ്രയിൽ മുസ്ലീം ലീഗിന്റെ ഫാത്തിമ തഹ്‌ലിയയ്ക്ക് മുന്നിൽ കീഴടങ്ങി. ഇതോടെ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയിൽ വനിതാ പ്രാധിനിധ്യമായി. 64 സീറ്റുകളോടെ കോൺഗ്രസ് സമീപ കാലത്തെ മികച്ച പ്രകടനവും 22 സീറ്റുകളോടെ മുസ്ലീം ലീഗും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും സ്വന്തമാക്കി. പാലായിലടക്കം തോറ്റ് കേരള കോൺഗ്രസ് മാണി വിഭാഗം വട്ടപൂജ്യമായപ്പോൾ ജോസഫിൻ്റെ കേരള കോൺഗ്രസ് എട്ടിടത്ത് മത്സരിച്ച് ഏഴിടത്തും ജയിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പാർട്ടിയായി.
സിപിഐ 17 ൽ നിന്ന് ഒമ്പതായി ചുരുങ്ങി. മൂന്ന് സീറ്റുകളോടെ ആർഎസ്‌പിയും ഓരോ വീതം സീറ്റുകൾ നേടി കേരള കോൺഗ്രസ് ജേക്കബ്, സിഎംപി എന്നീ പാർട്ടികൾ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിച്ചു. ആർജെഡി കൂത്തുപറമ്പും കെ.കെ.രമ വടകരയും പാലാ മാണി സി.കാപ്പനും നിലനിർത്തി. ബേപ്പൂരിൽ പി.വി. അൻവറിന് ജയിക്കാനായില്ലെങ്കിലും റിയാസിൻ്റെ ഭൂരിപക്ഷം കുറയ്ക്കാനായി. അതേസമയം സിപിഎം ബന്ധം വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ച പി.കെ.ശശിക്കും എ. സുരേഷിനും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മലമ്പുഴയിൽ എ.സുരേഷ് മൂന്നാം സ്ഥാനത്തായി. ഒറ്റപ്പാലത്ത് ശശി 25000 ത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമത്ത് വീണ്ടും താമര വിരിയിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖർ 2876 വോട്ടുകൾക്കും ചാത്തന്നൂരിൽ ബി.ബി.ഗോപകുമാർ 4012 വോട്ടുകൾക്കും കഴക്കൂട്ടത്ത് വി. മുരളീധരൻ 20 വോട്ടുകൾക്കുമാണ് ജയിച്ചത്.

