ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്ക് കനത്ത തിരിച്ചടി. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ അപ്രസക്തമാക്കി ബിജെപി ഭരണത്തിലേക്ക് നീങ്ങുമ്പോൾ തമിഴ്‌നാട്ടിൽ ദശകങ്ങളായി നിലനിന്ന ദ്വികക്ഷി രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ്‌യുടെ ടിവികെ കന്നിപ്പോരാട്ടത്തിൽ തന്നെ കേവല ഭൂരിപക്ഷം കടന്നു.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് അടിപതറുന്നതിനിടെ പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി തൻ്റെ സുരക്ഷിതമണ്ഡലമായ ഭവാനിപുരിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു അധികാരിയുടെ വിജയം.
പശ്ചിമ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ 191 ഇടത്തും ബിജെപി വ്യക്തമായ ലീഡ് നേടി ഭരണം ഉറപ്പിച്ചു. തൃണമൂൽ കോൺഗ്രസ് 96 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ഓരോ സീറ്റുകളിൽ മാത്രമാണ് നേടാനായത്. ഇതോടെ പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലെത്തുകയാണ്.
തമിഴകത്ത് കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ്‌യുടെ തമിഴക വെട്രി കഴകം രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കുകയാണ്. ടിവികെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ ഡിഎംകെ കോട്ടകൾ തകർന്നടിഞ്ഞു. 111 സീറ്റുകളിൽ ലീഡ് നേടിക്കൊണ്ട് ടിവികെ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയുള്ള ടിവികെയുടെ കുതിപ്പ് ദ്രവിഡ രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേവലഭൂരിപക്ഷമായ 118 സീറ്റ് നേടാൻ ടിവികെയ്ക്ക് സാധിക്കുമോ എന്ന കാര്യം നിലവിൽ വ്യക്തമല്ലെങ്കിലും തമിഴ്മണ്ണിലെ പുത്തൻ രാഷ്ട്രീയതാരത്തിന്റെ കുതിച്ചുപായലിനാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സാക്ഷ്യംവഹിച്ചത്.
അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ് കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിന്റെ തോൽവി. റെക്കോർഡ് വിജയവുമായി വീണ്ടും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനൊരുങ്ങിയ അദ്ദേഹത്തെ പൂർണമായും അമ്പരപ്പിച്ചാണ് ടിവികെ സ്‌ഥാനാർഥി വി.എസ്.ബാബു വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും സ്‌റ്റാലിന് ലീഡ് നേടാനായില്ലെന്നതു തോൽവിയുടെ ആഘാതം കൂട്ടുന്നു. അതേസമയം പേരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിച്ച വിജയ് വിജയിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നപക്ഷം എന്ത് നിലപാടായിരിക്കും വിജയ് സ്വീകരിക്കുക എന്നാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിൽ സജീവമാകുന്നത്. എഐഎഡിഎഎംകെ നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുമായോ സഖ്യം രൂപവത്കരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും എന്നാൽ തനിച്ച് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം മറ്റ് പാർട്ടികളുടെ പിന്തുണ ആവശ്യമായി വരുമെന്നുറപ്പാണ്. ഇനി അറിയേണ്ടത്, എഐഎഡിഎംകെയുമായി വിജയ് കൈകോർക്കുമോ എന്നാണ്.
അസമിൽ കാവി തരംഗത്തിൽ പ്രതിപക്ഷ കോട്ടകൾ ആടിയുലയുകയാണ്. 126 അംഗ നിയമസഭയിൽ ബിജെപി മാത്രം 97 സീറ്റുകളിൽ വിജയിച്ചു. കൊടിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വാക്പോരിനും വിരാമമിട്ടുകൊണ്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 101 സീറ്റ് നേടി മൂന്നാം തവണയും ഭരണത്തിലെത്തി. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി 19 സീറ്റിലേക്കൊതുങ്ങി. മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ സഖ്യകക്ഷികളുടെ സഹായമില്ലാതെ ഭൂരിപക്ഷം നേടാനായത് ഹിമന്ത ബിശ്വ ശർമ്മയുടെ തന്ത്രപരമായ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ ഭരണത്തുടർച്ച എൻഡിഎ ഉറപ്പിച്ചു. 30 അംഗ നിയമസഭയിലെ കേവലഭൂരിപക്ഷമായ 16 സീറ്റുകളിൽ എൻഡിഎ വിജയമുറപ്പിച്ചു.

