Monday, May 4, 2026
Home » കേരളത്തിൽ യുഡിഎഫ് തരംഗം. ഇടതുപക്ഷം തകർന്നടിഞ്ഞു.
കേരളത്തിൽ യുഡിഎഫ് തരംഗം. ഇടതുപക്ഷം തകർന്നടിഞ്ഞു.

കേരളത്തിൽ യുഡിഎഫ് തരംഗം. ഇടതുപക്ഷം തകർന്നടിഞ്ഞു.

by Editor

തിരുവനന്തപുരം: എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്ന് കേരളത്തിൽ യുഡിഎഫ് തരംഗം. പത്തു വര്‍ഷത്തിനിപ്പുറം സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 2021-ല്‍ നേടാന്‍ കഴിഞ്ഞ 41 സീറ്റില്‍ നിന്നാണ് 5 വര്‍ഷത്തിനിപ്പുറം 100 സീറ്റില്‍ അധികം നേടി ഭരണം തിരിച്ചുപിടിച്ചത്.

യുഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ കേരള ജനതക്ക് വി ഡി സതീശൻ നന്ദി പറഞ്ഞു . ഒരു കുടുംബം കണക്കെ യുഡിഎഫ് ഒരുമിച്ചുനിന്നു. കേരളം മതേതരമാണ് എന്ന മലയാളികളുടെ പ്രഖ്യാപനമാണ് ഈ വിജയമെന്നും സതീശൻ പറഞ്ഞു. എല്ലാ വർഗീയവാദത്തിനും എതിരായ അംഗീകാരമാണ് ഈ വിജയമെന്നും സതീശൻ പ്രതികരിച്ചു. ചെറുപ്പക്കാരുടെ പ്രതീക്ഷയാണ് യുഡിഎഫ്. ഒരു പുതുയുഗം ഇനി കേരളത്തിൽ ഉണ്ടാകും. സ്ത്രീകൾ, ചെറുപ്പക്കാർ എന്നിവർ വലിയ രീതിയിൽ സഹായിച്ചു. കേരളത്തിൽ ജനം ആഗ്രഹിക്കുന്ന ഭരണമുണ്ടാകുമെന്നും കേരളത്തെ ഉന്നതിയിൽ എത്തിക്കുന്ന പദ്ധതികൾ വരുമെന്നും സതീശൻ പറഞ്ഞു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് യുഡിഎഫ് ചർച്ചകൾ ഉടൻ തുടങ്ങുമെന്നും ഹൈകമാൻഡ് നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും സതീശൻ പറഞ്ഞു. പൂച്ച പെറ്റ് കിടക്കുന്ന ഖജനാവാണ് നമ്മുടേത്. കൃത്യമായ മാനേജ്മെന്റിലൂടെ ചോർച്ചയടക്കുമെന്നും ഗ്യാരണ്ടികൾ നടപ്പിലാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചത്. 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയിഷ പോറ്റിയിൽ തുടങ്ങി, പല സിപിഐഎം നേതാക്കളും യുഡിഎഫിലേക്ക് എത്തി. ജി.സുധാകരൻ, കുഞ്ഞികൃഷ്ണൻ എല്ലാവരും വിജയത്തിന്റെ പാതയിലാണ്. തളിപ്പറമ്പിൽ ഭാര്യയെ നിർത്തിയതിനും തിരിച്ചടി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാനില്ല. ഹൈക്കമാൻഡ് തീരുമാനിക്കും. തദ്ദേശത്തിലെ പരാജയത്തിന് പിന്നാലെ സർക്കാരിനെതിരായ വിധിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിഐപിഎം പാർട്ടി സെക്രട്ടറിയും നിലപാട്. ഇനിയും അവർ അത് തന്നെ ആവർത്തിക്കും. കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സമ്മാനിച്ച വിജയമാണിതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബാക്കി ഭാവി കാര്യങ്ങൾ ഐക്യ ജനാതിപത്യ മുന്നണിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മാത്രമല്ല കേരള കോൺ​ഗ്രസ് എമ്മിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാൻ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർ‌ട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ പാർട്ടി ചെയർമാനായ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോൺ​ഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ബിജെപി അക്കൗണ്ട് തുറന്നു. മൂന്ന് സീറ്റുകൾ ആണ് ബിജെപി നേടിയത്. നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു. 3500 വോട്ടുകൾക്ക് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്. ചാത്തന്നൂരില്‍ ബിജെപി നേതാവായ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്. കഴക്കൂട്ടത്തു വി മുരളീധരനും ജയിച്ചു.

Kerala Assembly Election Results >> 

Send your news and Advertisements

You may also like

error: Content is protected !!