ബ്രിസ്‌ബേൻ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ പതിനെട്ടാമത് ഓർമ്മപ്പെരുന്നാളിന് കൊടിയേറി. മെയ് മൂന്ന് ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ ഫാ അനീഷ് മാത്യു കൊടിയേറ്റി. മെയ് 8, 9, 10 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ.
മെയ് 8-നു 6:30-നു സന്ധ്യാനമസ്കാരവും തുടർന്ന് 7 മണിക്ക് മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. മെയ് ഒൻപതാം തീയതി വൈകുന്നേരം 6:00-നു സന്ധ്യാനമസ്കാരവും, റവ ഫാ അജിൻ കോശി ജോൺ വചന പ്രഭാഷണവും, ഭക്തി നിർഭരമായ റാസയും, ബ്രിസ്‌ബേൻ ഹാർട്ട് ബീറ്റ്‌സിന്റെ ഗാനസന്ധ്യയും, തുടർന്ന് ആശിർവാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുന്നാൾ ദിനമായ മെയ് 10-ന് രാവിലെ 7.00-നു പ്രഭാതനമസ്കാരം, 8.00-നു ഏഷ്യ പസിഫിക് ഭദ്രാസന സെക്രട്ടറി വെരി. റവ ഫാ തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ, റവ ഫാ മാത്യു കെ മാത്യു, റവ ഫാ അനീഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാന, തുടർന്ന് റാസയും ആശിർവാദവും, ആദ്യഫല ലേലവും, സ്‌നേഹ സദ്യയും ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ ഫാ അനീഷ് മാത്യു, പെരുന്നാൾ കൺവീനർമാരായ ബിനു ജോർജ് ചെമ്പിത്തറ, ജോബി മൈക്കിൾ വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.


