കൊച്ചി: ആകാംഷയുടെ അവസാന മണിക്കൂറുകളിലാണ് രാഷ്ട്രീയ കേരളം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിക്കും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. രാവിലെ 8 മുതൽ തപാൽ വോട്ടുകളും 8.30 മുതൽ ഇവിഎമ്മിലെ വോട്ടുകളും എണ്ണും.
എക്സിറ്റ് പോൾ ഫലങ്ങളെയും കടത്തി വെട്ടുന്ന റെക്കോഡ് ഭൂരിപക്ഷം യുഡിഎഫ് അവകാശപ്പെടുമ്പോൾ 75 സീറ്റെങ്കിലും നേടി ഭരണ തുടർച്ചയാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ. നിയമസഭയിലെ അഞ്ച് സീറ്റിലെങ്കിലും താമര വിരിയുമെന്നാണ് എൻഡിഎ ക്യാമ്പിൻ്റെ അവകാശ വാദം. എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് വിജയം പ്രവചിക്കുമ്പോഴും കൃത്യമായ കൂട്ടിക്കിഴിക്കലുകളുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് 75 സീറ്റെന്ന കണക്കിലെത്തിയത്.
ഭരണവിരുദ്ധ വികാരമില്ലെന്ന് എൽഡിഎഫ് ആവർത്തിക്കുന്നുണ്ടെങ്കിലും, അടക്കം പറച്ചിലുകളിൽ പല മുതിർന്ന നേതാക്കളും അക്കാര്യം സമ്മതിക്കുന്നുണ്ട്. അതുതന്നെയാണ് യുഡിഎഫിൻ പ്രധാന വിജയ പ്രതീക്ഷകളിലൊന്ന്. മാത്രമല്ല, താരതമ്യേന ആകർഷകമായ തിരഞ്ഞെടുപ്പ് പ്രകടന പത്രികയും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.
ഇത്തവണ കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന എൻഡിഎ നേതൃത്വം തിരുവനന്തപുരം ജില്ലയിൽ നേമത്തും കഴക്കൂട്ടത്തും മികച്ച വിജയം നേടാമെന്നാണ് കണക്കുകൂട്ടുന്നത്. പാലക്കാടും മഞ്ചേശ്വരവും പിടിക്കുമെന്നും ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവ് തങ്ങൾക്കൊപ്പം നിൽക്കുമെന്നുമാണ് എൻഡിഎ ക്യാമ്പ് വ്യക്തമാക്കുന്നത്. ക്രിസ്ത്യൻ ഔട്ട്റീച്ച് പരീക്ഷണങ്ങളിൽ ക്ലച്ച് പിടിക്കാത്ത എൻഡിഎ ട്വൻ്റി -20യുമായി സഖ്യമുണ്ടാക്കി നഗര മേഖലകളിൽ കടന്നു കയറുവാനുള്ള തന്ത്രമാണ് പയറ്റിയത്.
മുന്നണികളുടെ അവകാശ വാദങ്ങൾ എന്തൊക്കെ ആയാലും സാമുദായിക വോട്ടുകൾ നിർണായകമായ തിരഞ്ഞെടുപ്പാണിത്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സാമുദായിക സമവാക്യങ്ങളിൽ കാര്യമായ മാറ്റവും സംഭവിച്ചിട്ടുണ്ട്. എൽഡിഎഫിൻ്റെ വിജയ പ്രതീക്ഷകൾക്ക് വിലങ്ങു തടിയാണ് ആ മാറ്റം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന ഏതാണ്ട് 60 ശതമാനം മുസ്ലീം വോട്ടുകളും 50 ശതമാനം ക്രിസ്ത്യൻ വോട്ടുകളും ഇത്തവണ യുഡിഎഫിലെത്താനാണ് സാധ്യത. എന്നാൽ ഈഴവ, പിന്നാക്ക വിഭാഗങ്ങളിലെ സ്വാധീനം നഷ്‌ടപ്പെട്ടിട്ടില്ല എന്നത് എൽഡിഎഫിന് ആശ്വാസമാണ്.
Assembly Election Results LIVE Updates >>
തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന്
കേരളത്തിനു പുറമേ തമിഴ്‌നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും. സാമാജികരുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന 6 സംസ്‌ഥാനങ്ങളിലെ 8 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. തമിഴ്നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നേ നടക്കൂ. ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെത്തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.
Assembly Election Results LIVE Updates >>
വോട്ടെണ്ണലിന് ഒരുങ്ങി കേരളം; ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

