Sunday, May 3, 2026
Home » വോട്ടെണ്ണലിന് ഒരുങ്ങി കേരളം; ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്

വോട്ടെണ്ണലിന് ഒരുങ്ങി കേരളം; ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

by Editor

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2026 മെയ് 4 തിങ്കളാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇത്തവണ സംസ്ഥാനത്ത് 79.70 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നും ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.

നാളെ (തിങ്കളാഴ്ച്ച) രാവിലെ എട്ട് മണിയോടെ തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ക്യുആർ കോഡ് ഉള്ള പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. 32,301 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സ്ട്രോങ് റൂമുകളുടെ സുരക്ഷാ ചുമതല സിആർപിഎഫിനാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അതേസമയം, മെയ് ആറ് വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതിയില്ല. തെറ്റായ ഫലങ്ങൾ നൽകുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംശയങ്ങളും ദൂരീകരിച്ച ശേഷം മാത്രമേ ഓരോ റൗണ്ട് ഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കൂ. പൂർണമായ ഫലപ്രഖ്യാപനം വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരിടത്തും തിരക്ക് കൂട്ടരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

വോട്ടെണ്ണൽ പരാതികൾ ഉണ്ടായാൽ പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കോടതി മുമ്പാകെയുള്ള കേസുകളിൽ ഇടപെടാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനമുണ്ടായാൽ കർശനമായ നിയമ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വോട്ടെണ്ണലിന് ധൃതി ആവശ്യമില്ലെന്നും ഓരോ റൗണ്ടും കൃത്യമായി എണ്ണി പോകണമെന്നും നിർദേശം നൽകി. വീഴ്ച ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Assembly Election Results >> 

Send your news and Advertisements

You may also like

error: Content is protected !!