മറക്കാനാകാത്ത നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍. അദ്ദേഹം ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുകയാണ്. സ്മരണാഞ്ജലികൾ !
അടൂര്‍ ഗോപാലകൃഷ്ണൻ മലയാളിക്ക് / ചലച്ചിത്രലോകത്തിന് നല്‍കിയ മറ്റൊരു മികച്ച സംഭാവനയായിരുന്നു ഈ അനശ്വര നടൻ. ശരീര ഭാഷയുടെയും ശബ്ദ വിന്യാസത്തിന്റെയും തനതായ ശൈലിയിലൂടെ മലയാളിയുടെ അഭിനയ സങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞൊരു നടനാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍. ഇന്നും ജനമനസുകളില്‍ ജീവിക്കുന്ന മലയാള സിനിമയിലെ അതുല്യ പ്രതിഭകളിലൊരാള്‍.
നാടകത്തിലൂടെ അഭിനയമാരംഭിച്ച കരമന ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1936-ൽ തിരുവനന്തപുരം ജില്ലയിലെ കരമന പ്രദേശത്ത് കുഞ്ചുവീട്ടിൽ രാമസ്വാമി അയ്യരുടെയും ഭാർഗ്ഗവി അമ്മയുടെയും മകനായി തിരുവനന്തപുരം കരമനയിൽ ജനിച്ചു. ചാല ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നടത്തി. തുടർന്ന് ബിരുദവും തിരുവനന്തപുരം ലോ കോളേജിൽനിന്നും നിയമത്തിൽ ബിരുദവും നേടി. സാഹിത്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
‘പ്രോവിഡന്റ് ഫണ്ട്’ ഓഫീസിൽ ഉദ്യോഗസ്ഥനായ ശേഷം, കരമന തിരുവനന്തപുരം ആകാശവാണി നാടകങ്ങളിലും തിരുവനന്തപുരത്തെ തന്നെ നാടകവേദിയിലും സജീവമായി പങ്കാളിയായി. പിന്നീടാണ് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി ചേർന്നത്. ‘വൈകി വന്ന വെളിച്ചം’, ‘നിന്റെ രാജ്യം വരുന്നു’ തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല നാടകങ്ങളിലും കരമന അഭിനയിച്ചിരുന്നു.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ദി മിത്ത്‘ (1967) എന്ന ലഘു ചിത്രത്തിലാണ് കരമനയുടെ അംഗീകൃതമായ ആദ്യ സിനിമ. അടൂർ ഗോപാലകൃഷ്ണന്റെ ‘മിത്ത്‘ എന്ന ഈ ഷോർട്ട് ഫിലിമിലൂടെ ചലച്ചിത്ര അഭിനയം ആരംഭിച്ച കരമന അദ്ദേഹത്തിന്റെ അടൂരിന്റെ തന്നെ ‘എലിപ്പത്തായം‘ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ‘ഉറങ്ങാത്ത സുന്ദരി‘ (1969) അഡ്വക്കേറ്റ് ജോൺ ആയി (അൺ ക്രെഡിറ്റ് റോൾ) ആണ് കരമന മുഖ്യധാരാ (കൊമേഴ്സ്യൽ) സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത് എന്നും പറയാം.
‘സ്വയംവരം’, ‘മുഖാമുഖം’. ‘മതിലുകൾ’ എന്നീ അടൂർ ഗോപാലകൃഷ്ണൻ സിനിമകളിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ‘എലിപ്പത്തായ’ത്തിലെ ഉണ്ണി എന്ന മുഖ്യ കഥാപത്രമാണ് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്.
‘പൊന്മുട്ടയിടുന്ന താറാവി’ലെ കരമനയുടെ ഹാജിയാർ വേഷം വളരെ പ്രേക്ഷക പ്രീതിനേടിയിരുന്നു. ‘പട്ടണ പ്രവേശ‘ത്തിലെ അദ്ദേഹത്തിന്റെ ‘വേദനിക്കുന്ന കള്ളക്കടത്തുകാര’നായുള്ള വേഷവും ‘സ്പടിക’ത്തിലെ “ഉലക്ക!” ഡയലോഗ് പറയുന്ന നല്ലവനായ വൈദികനും അവിസ്മരണീയം തന്നെ! അല്പം നർമം ചാലിച്ച കഥാപത്രങ്ങളിൽ ആണ് കരമന ‘കലക്കുന്നത്’!
‘ഒഴിവുകാലം’, ‘വെള്ളാനകളുടെ നാട്’, ‘ധ്വനി’ തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച്ചവെച്ചു.
കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘മറ്റൊരാൾ’ (1988) എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ കൈമള്‍, കരമന ജനാര്‍ദ്ദനന്‍ നായരുടെ അഭിനയ ജീവതത്തിലെ മഴിവുറ്റ, അനന്യമായ പ്രകടനമാണ്.
1999-ൽ പുറത്തിറങ്ങിയ് ‘എഫ്.ഐ.ആർ.’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ദീർഘകാലം പ്രമേഹരോഗിയായിരുന്നു കരമന; 2000 ഏപ്രിൽ 24-ന്, 64-ാം വയസ്സിൽ മസ്തിഷ്കാഘാതത്തെത്തുടർന്ന് അന്തരിച്ചു.
ഭാര്യ ജയ. സുനിൽ, സുധീർ, സുജയ് എന്നീ മൂന്ന് മക്കളുണ്ട്. മകൻ ‘സുധീർ കരമന’ ഇപ്പോൾ പ്രസിദ്ധ സിനിമ നടനാണ്.
ആർ. ഗോപാലകൃഷ്ണൻ

