Saturday, April 25, 2026
Home » നോഹയുടെ പെട്ടകം ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ ഭൂമിക്കടിയിൽ തുരങ്കങ്ങൾ കണ്ടെത്തി.
നോഹയുടെ പെട്ടകം ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ ഭൂമിക്കടിയിൽ തുരങ്കങ്ങൾ കണ്ടെത്തി.

നോഹയുടെ പെട്ടകം ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ ഭൂമിക്കടിയിൽ തുരങ്കങ്ങൾ കണ്ടെത്തി.

by Editor
Send your news and Advertisements

ഇസ്താംബുൾ: ബൈബിൾ ചരിത്രത്തിലെ വിസ്‌മയമായ നോഹയുടെ പെട്ടകം (Noah’s Ark) ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ (Mount Ararat) നൂതനമായ സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർണായകമായ കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. തുർക്കിയിലെ ഡോഗുബയാസിത് ജില്ലയിലുള്ള ദുരുപിനാർ ഫോർമേഷനിൽ (Durupinar Formation) നടത്തിയ പരിശോധനകളിൽ ഭൂമിക്കടിയിൽ തുരങ്കങ്ങളും മുറികൾക്ക് സമാനമായ ഘടനകളും കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെടുന്നു.

അറാറാത്ത് പർവ്വതനിരകളിലെ ദുരുപിനാർ ഫോർമേഷനിൽ (Durupinar Formation) നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഈ പ്രദേശത്തെക്കുറിച്ചുള്ള ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു. പെട്ടകത്തിൻ്റെ ആകൃതിയിലുള്ള ഭൗമഘടനയ്ക്ക് താഴെ വിപുലമായ തുരങ്ക ശൃംഖലകൾ കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. പുതിയ സ്കാനിംഗ് ഡാറ്റ പ്രകാരം ഈ ഘടനയുടെ ഉൾഭാഗത്ത് ഏകദേശം 4 മീറ്റർ ആഴത്തിൽ 2 മീറ്റർ ഉയരമുള്ള തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കപ്പലിന്റെ മധ്യഭാഗത്തുകൂടെയും വശങ്ങളിലൂടെയും നീളുന്ന ഈ പാതകൾ ഒരു മധ്യ അറയിൽ (Central atrium) സംഗമിക്കുന്ന രീതിയിലാണുള്ളതെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

ഈ തുരങ്കങ്ങൾ പ്രകൃതിദത്തമായ പാറക്കെട്ടുകൾക്കിടയിലുള്ള വിള്ളലുകളല്ലെന്നും, മറിച്ച് കൃത്യമായ പ്ലാനിംഗോടെ നിർമ്മിച്ചതാണെന്നും ഗവേഷകനായ ആൻഡ്രൂ ജോൺസ് വ്യക്തമാക്കുന്നു. ഇതിൽ താങ്ങുതൂണുകളുടെയും (Support beams) ചുവരുകളുടെയും അവശിഷ്ടങ്ങൾ ഉള്ളതായി സ്കാനിംഗിൽ കാണപ്പെടുന്നു.

കഴിഞ്ഞ വർഷം പ്രദേശത്തുനിന്ന് ശേഖരിച്ച 88 ഓളം മണ്ണ് സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലം പുറത്തുവന്നതോടെ നിഗൂഢത വർധിച്ചിരിക്കുകയാണ്. പെട്ടകത്തിൻ്റെ ആകൃതിയിലുള്ള ഭാഗത്തിനുള്ളിലെ മണ്ണിൽ ഉയർന്ന അളവിൽ പൊട്ടാസ്യം കണ്ടെത്തിയിട്ടുണ്ട്. പുരാതന കാലത്ത് നശിച്ചുപോയ മരത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാകാം ഈ പൊട്ടാസ്യം ഉറവിടമെന്ന് കരുതപ്പെടുന്നു. ഇത് പെട്ടകത്തിന്റെ മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂടിൻ്റെ അവശിഷ്‌ടമാകാം എന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം ഗവേഷകർ.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,500 അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് പുരാതനമായ പവിഴപ്പുറ്റുകളും കടൽ ചിപ്പികളും (Seashells) കണ്ടെത്തിയത് ഈ പ്രദേശം ഒരുകാലത്ത് വെള്ളത്തിനടിയിലായിരുന്നു എന്ന വാദത്തിന് ബലം നൽകുന്നു. ഈ പ്രദേശത്ത് ബി.സി. 3500-നും 5000-നും ഇടയിൽ മനുഷ്യവാസമുണ്ടായിരുന്നതായി തുർക്കിയിലെ ഇസ്താംബുൾ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകളായി വിശ്വാസികൾ നോഹയുടെ പെട്ടകത്തിനായി തിരയുന്ന ഇടമാണ് അറാറാത്ത് പർവ്വതനിരകൾ. പുതിയ കണ്ടെത്തലുകൾ ബൈബിൾ ചരിത്രത്തിന് ശാസ്ത്രീയമായ അടിത്തറ നൽകുന്നുവെന്ന് വിശ്വാസികൾ അവകാശപ്പെടുന്നു. യേശു ക്രിസ്തു സുവിശേഷങ്ങളിൽ പരാമർശിച്ച നോഹയുടെ പെട്ടകത്തിൻ്റെ അസ്‌തിത്വം തെളിയിക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഇവർ കരുതുന്നു. എങ്കിലും, ഇത് നോഹയുടെ പെട്ടകം തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കൂടുതൽ ആഴത്തിലുള്ള ഖനനവും കാർബൺ ഡേറ്റിംഗും ആവശ്യമാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.

ഈ തുരങ്കങ്ങൾക്കുള്ളിലേക്ക് നേരിട്ട് കടന്നു പരിശോധിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത റോബോട്ടിക് ഉപകരണങ്ങൾ അയക്കാനാണ് ഗവേഷക സംഘം ഇപ്പോൾ പദ്ധതിയിടുന്നത്. പെട്ടകത്തിന്റെ ഉൾവശത്തെ ദൃശ്യങ്ങൾ പകർത്താൻ ഇത് സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

You may also like

error: Content is protected !!