Saturday, April 25, 2026
Home » അമേരിക്കയിൽ തദ്ദേശീയർക്ക് തൊഴിൽ സാധ്യത കുറയുന്നു; എച്ച്-1ബി വിസ വെട്ടികുറയ്ക്കാൻ ബിൽ: ഇന്ത്യക്കാർക്ക് തിരിച്ചടിയാകും
എൻഡ് എച്ച്-1ബി വിസ വെട്ടികുറയ്ക്കാൻ ബിൽ: ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

അമേരിക്കയിൽ തദ്ദേശീയർക്ക് തൊഴിൽ സാധ്യത കുറയുന്നു; എച്ച്-1ബി വിസ വെട്ടികുറയ്ക്കാൻ ബിൽ: ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

by Editor
Send your news and Advertisements

വാഷിങ്ടൺ: അമേരിക്കയിൽ വിദേശ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് എച്ച്-1ബി (H-1B) വിസയിൽ വരുന്നവർക്ക് വലിയ വെല്ലുവിളിയാകുന്ന പുതിയ നിയമനിർമ്മാണത്തിന് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തുടക്കമിട്ടിരിക്കുകയാണ്. “എൻഡ് എച്ച്-1ബി വിസ അബ്യൂസ് ആക്ട് 2026” (End H-1B Visa Abuse Act of 2026) എന്ന പേരിൽ അവതരിപ്പിച്ച ഈ ബിൽ, അമേരിക്കൻ സ്വദേശികളുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലുള്ള വിസ ചട്ടങ്ങളിൽ വൻ മാറ്റങ്ങളാണ് നിർദ്ദേശിക്കുന്നത്.

അമേരിക്കക്കാരായ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ എച്ച്-1ബി വിസകൾ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കാൻ ബിൽ ശുപാർശ ചെയ്യുന്നു. നിലവിലുള്ള പ്രതിവർഷ വിസ പരിധി 65,000-ൽ നിന്ന് 25,000 ആയി കുറയ്ക്കാൻ ബിൽ നിർദ്ദേശിക്കുന്നു. അരിസോണയിൽ നിന്നുള്ള എലി ക്രെയിൻ അവതരിപ്പിച്ച ബിൽ, നിലവിലെ വിസാ സമ്പ്രദായം പൂർണമായും പരിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്.

വൻകിട കോർപ്പറേറ്റുകളുടെ ലാഭത്തിനല്ല, മറിച്ച് കഠിനാധ്വാനം ചെയ്യുന്ന യുഎസ് പൗരന്മാർക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് എലി ക്രെയിൻ പറഞ്ഞു. ബ്രാൻഡൻ ഗിൽ, പോൾ ഗോസർ, ആൻഡി ഓഗിൾസ് തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളുടെ പിന്തുണ ബില്ലിനുണ്ട്.

നിലവിലുള്ള ലോട്ടറി സമ്പ്രദായത്തിന് പകരം ഉയർന്ന ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ വിസ നൽകുന്ന രീതി കൊണ്ടുവരണമെന്നും കുറഞ്ഞ ശമ്പളം പ്രതിവർഷം 2,00,000 ഡോളർ (ഏകദേശം 1.8 കോടി രൂപ) ആയി നിശ്ചയിക്കണമെന്നും ബിൽ ആവശ്യപ്പെടുന്നു. ഒരു ജോലി ചെയ്യാൻ യോഗ്യനായ അമേരിക്കൻ തൊഴിലാളിയെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തണമെന്നും, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി സ്വദേശീയരായ തൊഴിലാളികളെ പിരിച്ചു വിട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

എച്ച് 1 ബി വിസയുള്ളവർ ഒന്നിലധികം ജോലികൾ ചെയ്യുന്നതും തേർഡ് പാർട്ടി ഏജൻസികൾ വഴി വിദേശികളെ നിയമിക്കുന്നതും നിരോധിക്കണമെന്നും നിയമം നിർദേശിക്കുന്നു. വിസയുള്ളവർക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടു വരുന്നതിനും ഗ്രീൻ കാർഡ് അഥവാ സ്ഥിര താമസത്തിന് അപേക്ഷിക്കുന്നതിനും വിലക്കേർപ്പെടുത്താൻ ബിൽ ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ വിദ്യാർഥികൾക്ക് ജോലി പരിചയം നേടാൻ സഹായിക്കുന്ന ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പ്രോഗ്രാം നിർത്തലാക്കാനും നിർദേശമുണ്ട്.

അമേരിക്കക്കാരായ തൊഴിലാളികൾക്ക് പകരം കുറഞ്ഞ കൂലിക്ക് വിദേശികളെ വയ്ക്കുന്ന രീതി അവസാനിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ പറഞ്ഞു. സാങ്കേതിക വിദ്യ, എൻജിനീയറിങ് മേഖലകളിൽ വിദഗ്‌ധ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ സഹായിക്കുന്നതാണ് എച്ച് 1 ബി വിസകൾ. അമേരിക്കയിലെ എച്ച്-1ബി വിസ ഗുണഭോക്താക്കളിൽ 70 ശതമാനത്തിലധികവും ഇന്ത്യക്കാരായതിനാൽ, ഈ നിയമം പ്രാബല്യത്തിൽ വരുന്നത് ഇന്ത്യൻ ഐടി മേഖലയ്ക്കും പ്രൊഫഷണലുകൾക്കും വലിയ തിരിച്ചടിയാകും. നിലവിൽ ഈ ബിൽ യുഎസ് കോൺഗ്രസിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഇത് നിയമമായാൽ ഇന്ത്യൻ കുടിയേറ്റ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

You may also like

error: Content is protected !!