Wednesday, June 10, 2026
Home » രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാക്കിസ്ഥാനിൽ.
രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാക്കിസ്ഥാനിൽ.

രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാക്കിസ്ഥാനിൽ.

by Editor

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണ്ണായകമായ രണ്ടാംഘട്ട ഇറാൻ-യുഎസ് ചർച്ചകൾക്ക് പാക്കിസ്ഥാനിൽ ഒരുക്കങ്ങൾ നടക്കവേ വീണ്ടും ആശയക്കുഴപ്പം. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ച്ചി പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ടെങ്കിലും, അമേരിക്കൻ സംഘവുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല. പാക്കിസ്ഥാൻ മധ്യസ്ഥർ വഴിയുള്ള പരോക്ഷ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകനും ഉപദേശകനുമായ ജാരെഡ് കുഷ്നർ എന്നിവരാണ് അമേരിക്കൻ സംഘത്തെ നയിക്കുന്നത്. ആദ്യഘട്ടത്തിൽ പങ്കെടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഈ പ്രാവശ്യം സംഘത്തിനൊപ്പം ഇല്ല. അദ്ദേഹം നിലവിൽ അമേരിക്കയിൽ “സ്റ്റാൻഡ്‌ബൈ” (Standby) ആയി തുടരുകയാണ്. ചർച്ചകളിൽ എന്തെങ്കിലും വലിയ പുരോഗതി ഉണ്ടായാൽ മാത്രം അദ്ദേഹം പാക്കിസ്ഥാനിലേക്ക് തിരിക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.

പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീറും വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമാണ് ഇരുപക്ഷത്തെയും യോജിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്നത്. ഒരു സ്ഥിരമായ സമാധാന കരാറിനായി ഇറാൻ്റെ പക്കലുള്ള ആണവ സാമഗ്രികൾ കൈമാറണമെന്നും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. തങ്ങളുടെ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം നീക്കാതെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ.

അതേസമയം ഹോർമുസ് കടലിടുക്കിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. പ്രതിദിനം ശരാശരി 140 കപ്പലുകൾ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്നലെ വെറും അഞ്ച് കപ്പലുകൾ മാത്രമാണ് സഞ്ചരിച്ചത്. ഇറാൻ്റെ ഉപരോധവും അമേരിക്കൻ നാവികസേനയുടെ കർശന നിയന്ത്രണങ്ങളുമാണ് ഇതിന് കാരണം. ഇറാൻ്റെ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകൾ അമേരിക്ക തടയുന്നത് തുടരുകയാണ്. ഇന്നലെ രാവിലെ വരെ 34 കപ്പലുകൾ ഇത്തരത്തിൽ തിരിച്ചയച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് (Pete Hegseth) വ്യക്തമാക്കി. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏത് ബോട്ടുകളെയും വെടിവെച്ചിടാൻ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. കടലിടുക്കിലെ സ്തംഭനാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലെത്തി.

ഹോർമുസിൽ ഇറാൻ ബോട്ടുകളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ട് ട്രംപ്; പച്ചക്കൊടി ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കുമെന്നു ഇസ്രയേൽ

Send your news and Advertisements

You may also like

error: Content is protected !!