പൂവരശ്ശിൻ്റെ തടിയിലുള്ള ഭംഗിയുള്ള ഒരു പഴയ ചിരവയാണ് ചിത്രത്തിൽ …. ‘ചിരവ‘യിൽ ഇത്ര പറയാനെന്തിരിക്കുന്നു എന്നൊരു ചിന്തക്കുന്നുണ്ടാകും. തെങ്ങു തേങ്ങയും മനസ്സിൽ കുടിയിരിത്തിയിരിക്കുന്ന ഒരു ജനതയുടെ ‘ചങ്ക് ബ്രോ‘ ആണീ ചിരവ (Coconut Grater / Coconut Scraper)
പഴയ കാലം മുതലുള്ള വീട്ടുപകരണം എന്ന നിലയിൽ ഇതിൻ്റെ പ്രാധാന്യം നിലനില്ക്കുമ്പോൾ തന്നെ, ഇതിന് കൗതുകരമായ വിവിധ തരം ‘വേരിയൻ്റുകൾ‘ ഉണ്ടായിരുന്നു; ഇന്നീ യന്ത്രവല്ക്കൃത ലോകത്തിൽ ആ വൈവിധ്യം ഏറെയുണ്ട്.
കോട്ടയം കുറവിലങ്ങാട് പള്ളിയിലെ നേർച്ചസദ്യക്ക് പണ്ട് ഉപയോഗിച്ചിരുന്ന 24-നാക്കുള്ള ഒരു ചിരവ ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ എത്രയെത്ര തരം ചിരവകൾ!
കൊലാലംപൂരിലുള്ള ഒരു മ്യൂസിയത്തിൽ പോയ ഒരാൾ താൻ അവിടെ കണ്ട കാഴ്ച എഴുതിയത് വായിച്ചിട്ടുണ്ട്. പാരമ്പര്യമായി ഉപയോഗിച്ച് വന്നിരുന്ന ചിരവകളുടെ ഒരു ശേഖരം തന്നെ അവിടെയുണ്ടത്രേ. അവയുടെ വിശദീകരണങ്ങളും ഒപ്പമുണ്ട്.
പക്ഷേ, ‘ചിരവ’ക്ക് ഒരു നീണ്ട ചരിത്രമുണ്ട് എന്നു പറയപ്പെടുന്നു:
1540-ൽ ഫ്രാങ്കോയിസ് ബൂളിയർ ആണ് ‘ചിരവ’ കണ്ടുപിടിച്ചത് എന്ന് ഈ ചരിത്രം രേഖപ്പെത്തുന്നു – അങ്ങനെ ഒരു കഥയുണ്ട് എന്നു മാത്രം ധരിച്ചാൽ മതി. അതിനു മുമ്പ് ആളുകൾ തേങ്ങ ചിരണ്ടിയിട്ടില്ല എന്ന് വിശ്വസിക്കുവാൻ പ്രയാസം തന്നെ!
ജമൈക്കയിൽ പരമ്പരാഗത സംഗീതോപകരണങ്ങളുടെ പട്ടികയിൽ നാളികേര ചിരവയും സ്ഥാനം പിടിച്ചിട്ടുണ്ടത്രേ. “ക്രോ- ക്രോ” എന്ന പക്കമേളം നല്ല രസമായിരിക്കും!
ചില നാടുകളിൽ പാൽക്കട്ടി ചിരകാൻ വേണ്ടി കണ്ടുപിടിച്ച ചിരവയാണ്, പിന്നീട് നാളികേരം ചിരകാനായി മാറ്റി രൂപകൽപ്പന ചെയ്തത് എന്നും പറയപ്പെടുന്നു… അവിശ്വസനീയമായ ഒരു സായിപ്പൻ വാദം മാത്രം!
ഇൻഡോനേഷ്യ, ജാവ (ജമൈക്ക), സിംഗപൂർ , മലേഷ്യ എന്നീ രാജ്യങ്ങളിൽ മുൻകാലത്ത് ഉപയോഗിച്ചിരുന്ന ചിരവകൾ നമ്മുടെ നാട്ടിൽ കാണുന്നവയിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. പക്ഷിമൃഗാദികളുടെ രൂപത്തിലും വളരെ മനോഹരമായ കൊത്തുപണികളിലും ഉള്ളവയാണ് അവിടെ സാധാരണയായി ഉപയോഗിച്ചിരുന്ന ചിരവകൾ.
തേങ്ങയും തേങ്ങപ്പാലും ചേർത്തുള്ള പാരമ്പര്യ വിഭവങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള തേങ്ങ ചിരവുന്നതിനു വേണ്ടി നമ്മുടേതു പോലുള്ള നാടുകളിൽ ഇതിനുള്ള സംവിധാനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. എങ്കിലും ചില കൗതുക രൂപങ്ങൾ…..
തേങ്ങ ചെരവിയെടുക്കുന്ന യന്ത്ര സംവിധാനങ്ങൾ ഇന്ന് പല സൂപ്പർ മാർക്കറ്റുകളിൽ സ്ഥപിതമാണ്; ചിരവിയ തേങ്ങ പാക്കറ്റിലാക്കി ഒരു ‘വാല്യു ആഡഡ് പ്രോഡക്റ്റ്‘ ആയി വില്പന നടത്തുന്ന രീതിയും വ്യാപകമായി കഴിഞ്ഞു….. നിലവി ഇതിനോടും പറയോടും ഒപ്പം ‘ചിരവ’യും നമ്മുടെ ഷോ കെയ്സിൽ സ്ഥാനം പിടിക്കുന്ന കാലം വിദൂരമല്ല!
കവർ ചിത്രം: പൂവരശ്ശിൻ്റെ (Satin Wood) തടിയിലുള്ള ചിത്രപ്പണിയോടുകൂടിയ ഒരു ചിരവ.
ആർ. ഗോപാലകൃഷ്ണൻ

