Thursday, April 23, 2026
Home » തിരക്കഥാകൃത്ത് ജോൺ പോൾ ഓർമ്മകളിൽ
തിരക്കഥാകൃത്ത് ജോൺ പോൾ ഓർമ്മകളിൽ

തിരക്കഥാകൃത്ത് ജോൺ പോൾ ഓർമ്മകളിൽ

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

മലയാള ചലച്ചിത്ര രംഗത്ത് നിരവധി പ്രഗൽഭ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമുള്ളയാളാണ് തിരക്കഥാകൃത്ത് ആണ് ജോൺ പോൾ. ഭരതനും മോഹനും ഐ വി ശശിയും സേതുമാധവനും ജോഷിയുമൊക്ക അദ്ദേഹത്തിന്റെ തിരക്കഥയില്‍ സിനിമകള്‍ ചെയ്തു.

എന്നാല്‍ ഏറെക്കാലമായി സിനിമയുടെ ടൈറ്റിലുകളില്‍ അദ്ദേഹത്തിൻ്റെ പേര് കാണാറില്ലായിരുന്നു. 2009-ല്‍ വിജി തമ്പിക്കുവേണ്ടി എഴുതിയ ‘നമ്മള്‍ തമ്മില്‍‘ എന്ന ചിത്രം പുറത്തിറങ്ങി ഒരു ദശവർഷത്തിലേറെയായി ജോൺ പോൾ തിരക്കഥ രചന നടത്തിയില്ലങ്കിലും നിശ്ശബ്ദനായിരുന്നില്ല; പിൻതിരിഞ്ഞു നോക്കുമ്പോൾ സിനിമാ കാലത്തേക്കാൾ സജീവമായിരുന്നു, ജോൺ പോളിന് പിന്നിട്ട ഈ പതിറ്റാണ്ട്. സംസ്കാരിക പ്രവർത്തനവും ചരിത്രമെഴുത്തും ചാനൽ ചരിത്ര പരമ്പരകളും എല്ലാമായി ആ കാലം സ്വാർത്ഥകമായി….

തിരക്കഥാകൃത്തു മാത്രമല്ല, സിനിമാ നിർമ്മാതാവുമായിരുന്നു ജോൺ പോൾ. ഒരു പക്ഷേ, അദ്ദേഹത്തെ ജീവിത സായാഹ്നത്തിൻ നിസ്വനാക്കിയതും ഈ നിർമ്മാണ സംരഭങ്ങളാകാം. ഭാര്യയും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തെ ‘അങ്കിൾ‘ എന്നാണ് വിളിച്ചിരുന്നത്.

എറണാകുളത്ത് ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റേയും മുളയരിക്കൽ റബേക്കയുടേയും മകനായി 1950 ഒക്ടോബർ 29-ന് ജനിച്ചു. ‘ജോൺ പോൾ പുതുശ്ശേരി‘ എന്നും അറിയപ്പെടുന്നു. പിതാവ് എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് ജില്ലയിലെ ചിറ്റൂർ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ കായിക അദ്ധ്യാപകനായിരുന്നു. എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിൽ എറണാകുളം മഹാരാജാസിൽ നിന്നും ബിരുദാനന്തര ബിരുദം നേടി.

ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് പത്രപ്രവർത്തകനായും ജോലിചെയ്തു. ‘കേരള ടൈംസ്‘ പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് ‘പീറ്റർ ലാൽ‘ പ്രശസ്തരായ സിനിമാ കോളം എഴുത്തുകാര്യം കേരളാ ടൈംസിൽ ഉണ്ടായിരുന്നു – മാത്രമല്ല, ഇക്കാലത്തു തന്നെ, എറണാകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്ന ജോൺ ധാരാളം ലോക സിനിമകൾ കാണാനും അവസരം നേടി.

എം.എ. കഴിഞ്ഞ്, പിന്നീട്, ജോൺ മട്ടാഞ്ചേരി കാനറാ ബാങ്ക് ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായിരുന്നു. ഇതിനിടയിൽ കഥയും തിരക്കഥയുമായി സിനിമയിൽ സജീവമായതോടെ ബാങ്ക് ജോലി ഉപേക്ഷിച്ചു.

1980-കളുടെ തുടക്കത്തിൽ, സിനിമ രംഗത്ത് എത്തി. സംവിധായൻ ഭരതന്റെ ചിത്രങ്ങളാണ് ജോണിൻ്റെ എഴുത്തു ജീവിതത്തിലെ ഉയരങ്ങളിലേക്കുള്ള പടവുകളായത്. ആദ്യത്തേത്, ‘ചാമരം’ തന്നെ, ഏറെ പ്രസിദ്ധി നേടി. ‘ഞാൻ ഞാൻ മാത്രം’, ‘യാത്ര’, ‘ഒരു കടങ്കഥപോലെ’, ‘ഉത്സവപ്പിറ്റേന്ന്’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം’, ‘സവിധം’, ‘ചമയം‘ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ നൂറിലധികം ചലച്ചിത്രങ്ങൾക്ക് ജോൺ തിരക്കഥയെഴുതി.

ഇവയിൽ പലതിന്റെയും കഥയും ജോണിന്റേതു തന്നെ. ‘യാത്ര’, ‘വിട പറയും മുമ്പേ‘ തുടങ്ങിയ പല ചിത്രങ്ങളും വിദേശ ചിത്രങ്ങളുടെ മൂലകഥയെ അവലംബിച്ച് ജോൺ എഴുതിയതാണ്. സിനിമയുടെ പല അംശങ്ങളിലും അദ്ദേഹം നിശബ്ദ സംഭാവനകൾ നല്കി. സിനിമ നിർമ്മാണത്തിൻ്റെ ആസൂത്രണത്തിലും ആവിഷ്ക്കാരത്തിലും എല്ലാം.

ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ, എം.ടി. വാസുദേവൻ നായർ എഴുതി സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ എന്ന ഏഷ്യാനെറ്റുമായി സഹകരിച്ചുള്ള ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു.

കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺ പോൾ.

‘സ്വസ്തി’; ‘കാലത്തിനു മുൻപേ നടന്നവർ’; ‘ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ’; ‘തിരക്കഥകൾ: യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം‘;

‘എന്റെ ഭരതൻ തിരക്കഥകൾ’; ‘എം ടി ഒരു അനുയാത്ര’; ‘പ്രതിഷേധം തന്നെ ജീവിതം’; ‘പി ജെ ആന്റണി’ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ന് പുതിയൊരു പുസ്‌തകത്തിന്റെ പ്രകാശനമാണ്: ‘ഓർമ്മകൾ; വിചാരങ്ങൾ’

‘സഫാരി’ ചാനലിൽ അദ്ദേഹം അവതരിപ്പിച്ച സിനിമ ചരിത്ര/സ്മൃതി പരമ്പര ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴും യൂട്യൂബിൽ ഇത് ആളുകൾ കാണുന്നു; ശ്രവിക്കുന്നു.

കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു 2022 ഏപ്രിൽ 23-ന് നിര്യാതനായത്. അതിനുമുമ്പ്‌ രണ്ട് മാസത്തോളമായി വിവിധ (‘അമൃതാ’; ‘ലിസി’) ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു.

ഭാര്യ: ആയിഷ എലിസബത്ത്; മകൾ: ജിഷ

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!