ബാങ്കോക്: തായ്‌ലാൻഡിലെ ബാങ്കോക്കിലുള്ള ലോഡ്ജ് മുറിയിൽ മലയാളി യുവാവായ പ്രജിത് പുഷ്പാംഗദനെ (49) മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയാണ് ഇദ്ദേഹം. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു.
യു.കെയിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന പ്രജിത്, സ്കൂൾ അവധിക്കാലത്ത് വിനോദയാത്രയ്ക്കായാണ് തായ്‌ലൻഡിൽ എത്തിയത്. മുറിയിൽ നിന്നും കണ്ടെത്തിയ പാസ്‌പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തായ് അധികൃതർ മരണവിവരം എടത്വ പോലീസിനെ അറിയിച്ചത്. മഹാരാഷ്ട്ര സ്വദേശിനിയായ സീനയാണ് ഭാര്യ, മകൻ യാഷ്. അഞ്ചു ദിവസം മുൻപ് അമ്മയുമായി ഫോണിൽ സംസാരിച്ച പ്രജിത് ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല, തായ്‌ലൻഡ് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഭാര്യയുടെയും മകന്റെയും സമ്മതപത്രം വാങ്ങി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയ ജനപ്രതിനിധികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്

