വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യക്ക് ആണവ സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്ന കരാറിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയിരുന്നു. യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനും ചേർന്നാണ് ഈ സുപ്രധാന കരാറിൽ ഒപ്പുവെച്ചത്.
1954-ലെ യു.എസ്. ആറ്റോമിക് എനർജി ആക്ടിലെ സെക്ഷൻ 123 പ്രകാരമാണ് ഈ കരാർ. വിദേശ രാജ്യങ്ങൾക്ക് സിവിലിയൻ ആണവ സാങ്കേതികവിദ്യയും സാമഗ്രികളും കൈമാറാൻ അമേരിക്കയ്ക്ക് ഇത്തരം ഒരു കരാർ നിർബന്ധമാണ്. ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഈ പങ്കാളിത്തം 30 വർഷത്തേക്കുള്ളതാണ്. കരാറിനൊപ്പം ഒരു ഉഭയകക്ഷി സുരക്ഷാ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് (IAEA) എപ്പോൾ വേണമെങ്കിലും മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്താൻ അനുമതി നൽകുന്ന ‘അഡീഷണൽ പ്രോട്ടോക്കോൾ’ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.
സംയുക്ത പഠനങ്ങൾക്ക് ശേഷം അനുയോജ്യമെന്ന് കണ്ടാൽ സൗദി മണ്ണിൽ തന്നെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് (Uranium Enrichment Plant) നിർമ്മിക്കാൻ അമേരിക്കൻ കമ്പനികൾക്ക് ഈ കരാർ അനുമതി നൽകിയേക്കും. ഈ കരാർ ഇനി ഔദ്യോഗികമായി യു.എസ് കോൺഗ്രസിന്റെ പരിശോധനയ്ക്ക് സമർപ്പിക്കും. 90 ദിവസത്തിനകം കോൺഗ്രസ് ഇതിനെതിരെ വോട്ട് ചെയ്ത് തടയാതിരുന്നാൽ കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ നീക്കം മേഖലയിൽ ഒരു പുതിയ ആണവ മത്സരത്തിന് (Nuclear Arms Race) കാരണമായേക്കാമെന്ന് ആണവവ്യാപന വിരുദ്ധ വിദഗ്ധരും ചില യു.എസ് ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. മുൻപ് സൗദി-അമേരിക്ക ആണവ ചർച്ചകൾ നടക്കുമ്പോൾ ഇസ്രായേലിനെ ഒരു രാഷ്ട്രമായി സൗദി അംഗീകരിക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാറിൽ അത്തരം നിബന്ധനകൾ വെച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

