വാഷിങ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഉയർത്താനും രൂപയുടെ മൂല്യം നിലനിർത്താനുമായി അമേരിക്കയോട് 1,000 കോടി ഡോളറിന്റെ (10 ബില്യൺ യുഎസ് ഡോളർ) അടിയന്തര ധനസഹായം ആവശ്യപ്പെട്ടു. 5 വർഷത്തെ കാലാവധിയുള്ള ഒരു ഉഭയകക്ഷി ‘എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ഫെസിലിറ്റി’ (Exchange Stabilisation Support Facility) അനുവദിക്കണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വാഷിങ്ടണിൽ വെച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക്കിസ്ഥാൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. നിലവിൽ പാക്കിസ്ഥാൻ തങ്ങളുടെ വിദേശനാണ്യ ശേഖരത്തിനായി ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വായ്പകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ യുഎസുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തിക്കൊണ്ട് നിക്ഷേപങ്ങളും ധനസഹായവും ഉറപ്പാക്കാനാണ് പാക്കിസ്ഥാന്‍റെ ശ്രമം.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യങ്ങളിലും തർക്കങ്ങളിലും മധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാൻ മുൻകൈ എടുത്തിരുന്നു. ഇതിലൂടെ ഡൊണാൾഡ് ട്രംപ് ഭരണകൂടവുമായി പാക്കിസ്ഥാൻ തങ്ങളുടെ നയതന്ത്ര ബന്ധം ശക്തമാക്കിയിട്ടുണ്ട്. ഈ നയതന്ത്ര നേട്ടത്തെ സാമ്പത്തിക സഹായമാക്കി മാറ്റാനാണ് പാക്കിസ്ഥാൻ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ഈ വായ്പാ അപേക്ഷയിൽ അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് ഇതുവരെ ഔദ്യോഗികമായി അനുകൂല പ്രതികരണങ്ങളോ തീരുമാനങ്ങളോ വ്യക്തമാക്കിയിട്ടില്ല.
അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത് യുഎസ്-ഇറാൻ ചർച്ചകളിൽ മധ്യസ്ഥത വഹിച്ചതിനുള്ള ‘ബ്രോക്കറേജ് ഫീ’ അല്ലെങ്കിൽ വിലപേശൽ (Leverage) ആയിട്ടാണ്. ഖത്തറോ മറ്റ് ഗൾഫ് രാജ്യങ്ങളോ ചെയ്യാത്ത രീതിയിൽ, ഇറാനുമായി നേരിട്ട് അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു സുപ്രധാന പാലമായി പ്രവർത്തിച്ചു. ഈ അന്താരാഷ്ട്ര പ്രശംസ സാമ്പത്തിക നേട്ടമാക്കി മാറ്റുകയാണ് ലക്ഷ്യം. യുഎസ്-ഇറാൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ഇത് പാക് സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാവുകയും ചെയ്തിരുന്നു. മേഖലയിലെ സമാധാനത്തിന് തങ്ങൾ നൽകിയ പങ്കിന് പകരമായി അമേരിക്കൻ സഹായം അർഹിക്കുന്നു എന്നാണ് പാക്കിസ്ഥാന്റെ വാദം. കടുത്ത നിബന്ധനകളുള്ള ഐ.എം.എഫ് (IMF) വായ്പകളെയും ചൈനയുടെ കടക്കെണിയെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ 1,000 കോടി ഡോളറിന്റെ യുഎസ് പാക്കേജ് സഹായിക്കുമെന്ന് പാക്കിസ്ഥാൻ കരുതുന്നു.

