നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന കോട്ടയം ശാന്തയുടെ 19-ാം ചരമ ദിനമായിരുന്നു ഏപ്രിൽ 27-ന്. നാടക ചലച്ചിത്ര നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നര്‍ത്തകി, പാട്ടുകാരി, പിന്നണി ഗായിക, ഹരികഥാ/കഥപ്രസംഗ കലാകാരി എന്നീ നിലകളിലെല്ലാം അവര്‍ കലാപ്രവർത്തനം നടത്തിയിട്ടുണ്ട്.
കോട്ടയം അയ്മനം പഞ്ചായത്തിൽ ഉൾപ്പെട്ട ഒളശ്ശയിലെ വരകത്തിൽ നാരായണപ്പണിക്കരുടേയും സാവിത്രിയമ്മയുടെയും മകളാണ് ശാന്ത. ‘ബേബി’ എന്നായിരുന്നു വിളിപ്പേര്. 1937-ൽ ആണ് ജനനം. പിതാവായ നാരായണപ്പണിക്കർ ഒരു കോടതി ആമീനായിരുന്നു. നാരായണപ്പണിക്കരുടെ വീട്, സംഗീതവും നൃത്തവും എല്ലാം ചേർന്ന് കലാപരമായ ഒരു അന്തരീക്ഷം നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി തങ്കവും ബേബിയും (ശാന്തയും) ചേര്‍ന്ന് നാട്ടില്‍ ഒട്ടേറെ വേദികളില്‍ പാട്ടും നൃത്തവും അവതരിപ്പിച്ചു – അന്നവര്‍ക്ക് ‘അയ്‌മനം സിസ്റ്റേഴ്‌സ്’ എന്നൊരു പേരും ഉണ്ടായിരുന്നു.
ശാന്ത തിരുവനന്തപുരം മ്യൂസിക് കോളെജിൽ നിന്നും സംഗീതത്തിൽ ഡിപ്ലോമ / ‘ഗാനഭൂഷണം’ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. പതിനെട്ടാം വയസ്സിൽ തന്നെ സിനിമാ രംഗത്ത് എത്തി. 1955-ൽ ഇറങ്ങിയ ‘അനിയത്തി’ ആയിരുന്നു ആദ്യ സിനിമ.
പൊൻകുന്നം വർക്കിയുടെ ‘മനുഷ്യൻ’ (1961) എന്ന നാടകത്തിലൂടെ ശാന്ത അരങ്ങിലും എത്തി. കോട്ടയം കേരളാ തിയേറ്റേഴ്സ് അവതരിപ്പിച്ച ഈ നാടകത്തിൽ കോട്ടയം ശാന്തയുടെ നായകൻ ആയി അഭിനയിച്ചത് ശ്രീമൂലനഗരം വിജയനാണ്.
ആയരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും സിനിമയിൽ തിരക്കുള്ള നടിയായിരുന്ന ശാന്ത, നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ റോളുകളിൽ അഭിനയിച്ചു. ആകെ എണ്ണം നോക്കുമ്പോൾ അവർ അഭിനയിച്ചത് മുന്നിറിലധികം ചിത്രങ്ങളിലാണെന്നു ചില രേഖകൾ പറയുന്നു. ‘അമ്മയെ കാണാന്‍’, ‘ചെമ്മീന്‍’, ‘ഡോക്ടര്‍’, ‘മൂടുപടം’, ‘കള്ളിച്ചെല്ലമ്മ’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച’, ‘ശരപഞ്ജരം’, ‘മീന്‍’, ‘ഈറ്റ’, ‘പ്രജാപതി’, ‘കസ്തൂരിമാന്‍’, ‘കോലങ്ങള്‍‘ തുടങ്ങിയവ ഇതിൽ പ്രധാനം.
ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് അവർ ഏറ്റവും പ്രധാന സംഭാവനകൾ അർപ്പിച്ചത്. ആ രംഗത്ത് അവർ ഏറെ പ്രശസ്തയായിരുന്നു. 1000-ഓളം കഥാപാത്രങ്ങൾക്ക് അവർ ശബ്ദം നൽകി. ടി. ആര്‍. ഓമനയുടെ ശബ്ദം നടി ശാരദയുടെ ശബ്ദമായി ഉറച്ചുപോയതോടെ, അക്കാലത്തെ മറ്റു നടിമാരുടെ ശബ്ദം സ്ഥിരമായി ശാന്ത ഡബ്ബ് ചെയ്യാന്‍ തുടങ്ങി. അതോടെ ശാന്തക്ക് കൂടുതല്‍ അവസരം ലഭിച്ചു എന്നു പറയാം. സീമ, ലക്ഷ്മി തുടങ്ങിയ പ്രശസ്ത നടിമാർക്ക് സ്ഥിരമായി ശബ്ദം നൽകിയിരുന്നത് കോട്ടയം ശാന്ത ആയിരുന്നു. സീമയുടെ സിനിമകളിൽ രണ്ടെണ്ണമൊഴികെ എല്ലാ ചിത്രങ്ങൾക്കും ശബ്ദം നൽകിയത് ശാന്തയാണ്. (‘അവളുടെ രാവുകൾ’, ‘അടവുകൾ പതിനെട്ട്’ എന്നീ ചിത്രങ്ങൾ ഒഴിച്ച്. ഈ ചിത്രങ്ങളിൽ സീമയ്ക്ക് മല്ലികയാണ് ശബ്ദം നൽകിയത്) പൂര്‍ണ്ണിമാ ജയറാം, സ്വപ്ന, മാധവി, രോഹിണി ഹട്ടംഗഡി, ഷര്‍മിളാ ടാഗോര്‍, സറീനാ വഹാബ് എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് മിക്കപ്പോഴും ശബ്ദംനല്‍കിയതും കോട്ടയം ശാന്തയായിരുന്നു. ശോഭന തുടങ്ങിയ മറ്റു പല നടികൾക്കായി ചില സിനിമകളിൽ മാത്രവും ശാന്തയുടെ ശബ്ദം സന്നിവേശിപ്പിച്ചു.
‘ബോയിംഗ് ബോയിംഗ്’ എന്ന പ്രീയദർശൻ സിനിമയിലെ ഒരു സ്ത്രീ കഥാപാത്രമൊഴികെ (സുകുമാരിയുടെ ഡിക്ക് അമ്മായിക്ക് ഒഴികെ) എല്ലാവർക്കും ശബ്ദം കൊടുത്ത ഒരാള്‍. ആ ‘അത്ഭുതമാണ്’ കോട്ടയം ശാന്ത എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ്! ‘ബോയിംഗ് ബോയിംഗ്‘ എന്ന ചിത്രം ശ്രദ്ധിച്ചാൽ ഇത് മനസിലാകും. ആ സിനിമയിലെ ‘നായികമാര്‍ക്കെല്ലാം‘ ശബ്ദം കൊടുത്തത് കോട്ടയം ശാന്ത ആണെന്ന്. പുറമെ, വിമാനത്താവളത്തിലെ അറിയിപ്പ് മുതൽ, ദൂരദര്‍ശന്‍, റേഡിയോയിലെയും അനൗൺസ്‌മെന്റ് അടക്കം എല്ലാം കോട്ടയം ശാന്ത തന്നെ! കോട്ടയം ശാന്തയുടെ ഡബ്ബിംഗ് ചാതുര്യത്തിനു വേറെ എന്ത് തെളിവ് വേണം? (ആ സിനിമയിലെ ലിസിയുടെ കഥാപത്രത്തിനു ശബ്ദം മറ്റാരോ ആണെന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്; മേനകക്ക് ശബ്‌ദം കൊടുത്തത് വേറെ ആരോ ആണെന്നുന്നും ചില അഭിപ്രായങ്ങൾ വന്നെങ്കിലും, ഇതെല്ലം – ഈ നടിമാർക്കെല്ലാം – താൻ തന്നെ വ്യത്യസ്തമായി ശബ്‌ദം കൊടുത്തതാണെന്ന്, അവർ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്.)
സിനിമയ്ക്കായി കോട്ടയം ശാന്ത നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. സിനിമാ സംഗീതത്തിൽ അവർക്ക് ഒരു സ്ഥാനം നേടാനായില്ലെങ്കിലും കുറെ സിനിമകളിൽ അഭിനയിച്ചും നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പേരെടുത്തും സിനിമാ രംഗത്തു തന്നെ ദീർഘകാലം തുടർന്നു.
‘കേളേടി നിന്നെ ഞാൻ …’ (‘ഡോക്ടർ’, 1963) |മെഹബൂബ് & കോട്ടയം ശാന്ത|
‘രമണൻ’ കരിമ്പുഴ രാധ, കോട്ടയം ശാന്ത & കോറസ്
ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിലാണ് കോട്ടയം ശാന്ത അവസാനമായി അഭിനയിച്ചത്.
ഇടക്കാലത്ത് ടെലിവിഷൻ സീരിയൽ രംഗത്തും അവർ സജീവമായിരുന്നു. ‘വലയം’, ‘കൃഷ്ണകൃപാസാഗരം’, ‘ലക്ഷാര്‍ച്ചന’, ‘മാനസി’, ‘മീര’, ‘അഗ്നിസാക്ഷി’ തുടങ്ങിയവ അവയിൽപ്പെടുന്നു. സൂര്യ ടി വി യിലെ ‘പുനർജ്ജന്മം’ എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു മരണം സംഭവിക്കുമ്പോൾ.
വടക്കൻ പറവൂർ – ചെറായി സ്വദേശി ആയിരുന്ന കെ. ആർ. സുരേഷ് ആണ് ഭർത്താവ്.
സിനിമാരംഗത്തെ പല അണിയറ കഥകളും പുറത്തുകൊണ്ടുവന്ന അവരുടെ ആത്മകഥ ഏറെ വിവാദമായിരുന്നു. ഇതിൽ പലതിലും അവർ തന്നെ ഒരു ‘ഇര’ അഥവാ പാത്രമായിരുന്നു. അതായത്, മിക്കവയും സ്വന്തം അനുഭവങ്ങൾ തന്നെ. അടൂർ ഭാസിയായിരുന്നു അതിലെ പ്രധാന വില്ലൻ! ഷീലയെപ്പറ്റിയുള്ള ഈ ആത്മകഥയിലെ ചില പരാമർശങ്ങൾ അവരെയും ക്ഷുഭിതയാക്കി!
2007 ഏപ്രിൽ 27-നു കോട്ടയത്തെ ഒളശ്ശയിലെ തന്റെ വസതിയിൽ വെച്ച് ശാന്ത അന്തരിച്ചു.
ആർ. ഗോപാലകൃഷ്ണൻ

