Friday, June 12, 2026
Home » ഇറാന് 3 ദിവസം സമയമെന്ന് ട്രംപ്; യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി ഇറാൻ
ഇറാൻ അമേരിക്ക റഷ്യ

ഇറാന് 3 ദിവസം സമയമെന്ന് ട്രംപ്; യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി ഇറാൻ

by Editor

യുഎസ്, ഇറാൻ പ്രതിനിധികൾ തമ്മിൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്നേക്കുമെന്ന് പ്രതീക്ഷിച്ച ചർച്ച നടക്കാതെ വന്നതിനു പിന്നാലെ ഇറാന് ട്രംപ് ഇന്നലെ 3 ദിവസത്തെ സമയം ‘അനുവദിച്ചു’. ഇറാൻ്റെ എണ്ണ പൈപ്പ് ലൈനുകൾ ആക്രമിക്കപ്പെടുമെന്ന ഭീഷണിയോടെയാണ് പ്രസിഡന്റ് ട്രംപ് ഇറാനു മൂന്ന് ദിവസത്തെ സമയപരിധി നൽകിയത്. പാക്കിസ്ഥാൻ വഴി സമാധാന ചർച്ചകൾ നടത്താൻ താല്പര്യമില്ലെന്നും, വേണമെങ്കിൽ ഇറാൻ തന്നെ നേരിട്ട് വിളിക്കണമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാനുള്ള സമ്മർദ തന്ത്രമാണിതെന്നാണ് വിലയിരുത്തൽ.

യുഎസ് യുദ്ധ നിയമങ്ങൾ അനുസരിച്ച്, കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപിന് യുദ്ധം തുടരാൻ സാധിക്കുന്ന കാലാവധി മെയ് 1-ന് അവസാനിക്കും. ഇതിന് മുൻപായി ഒരു തീരുമാനമുണ്ടാക്കാനുള്ള സമ്മർദ്ദവും ട്രംപിനുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ ആഭ്യന്തര എണ്ണ പൈപ്പ് ലൈനുകൾ ഉൾപ്പെടെയുള്ള ഇറാൻ്റെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന സൂചന.

അതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ പുതിയ നിർദ്ദേശം മുന്നോട്ട് വെച്ചു. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവയ്ക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. മധ്യസ്‌ഥരായ പാക്കിസ്ഥാൻ മുഖേനയാണ് യുഎസിന് ഈ നിർദ്ദേശം കൈമാറിയത്. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടു വച്ചിരിക്കുന്നത്.

അയൽ രാജ്യങ്ങളാണ് പ്രധാനമെന്ന് ഹോർമൂസ് വിഷയത്തിൽ ഒമാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതും ശ്രദ്ധേയമായി. ഹോർമൂസിൽ സ്തംഭിച്ച നാവികരെ സ്വതന്ത്രരാക്കണമെന്ന് ഒമാൻ വ്യക്തമാക്കി. ഹോർമൂസിലെ നിയന്ത്രണം ഒമാനുമായി ഇറാൻ ചർച്ച ചെയ്തു. സ്തംഭിച്ചു കിടക്കുന്ന നാവികരെയും കപ്പലുകളെയും സ്വതന്ത്രരാക്കുന്നതിന് ലോകത്തോടു കൂട്ടുത്തരവാദിത്തമുണ്ടെന്ന് ഒമാൻ വിദേശകാര്യമന്ത്രി തന്നെ ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. ഹോർമൂസിലെ സുരക്ഷിത നാവിക ഗതാഗതമാണ് ചർച്ച ചെയ്തതെന്ന് ഇറാനും അംഗീകരിച്ചു.

അതിനിടെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചർച്ചകൾ സജീവമാക്കി. ഖത്തർ പ്രധാനമന്ത്രി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി, ഫ്രാൻസ് വിദേശകാര്യ മന്ത്രി എന്നിവർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. സൗദി വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎഇ വിദേശകാര്യ മന്ത്രിയുമായി ആശയം വിനിമയം നടത്തി. അതിനിടെ മധ്യസ്ഥ ചർച്ച കഴിഞ്ഞ് ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പാക്കിസ്ഥാനിൽ തിരിച്ചെത്തി. അതിനു ശേഷമാണു റഷ്യയിലേക്ക് തിരിച്ചത്.

റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി അരഗ്ചി കൂടിക്കാഴ്ച നടത്തും. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. നാവിക ഉപരോധം കാരണം കയറ്റുമതി നിലച്ച് ഇറാന്റെ ക്രൂഡോയിൽ സംഭരണ ശേഷി സ്തംഭനാവസ്ഥയിലെത്തുമെന്ന് വിലയിരുത്തലുകളുണ്ട്. ഇത് ഇറാനെ കൂടുതൽ ഇളവുകൾക്ക് വഴങ്ങാൻ പ്രേരിപ്പിക്കുമെന്നും കരുതപ്പെടുന്നു. ഇറാന്‍റെ യുറേനിയം ശേഖരം കസ്റ്റഡിയിൽ വയ്ക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചതുമാണ്. മാത്രമല്ല ഇറാന്‍റെ സിവിലിയൻ ആണവ പദ്ധതികൾക്ക് സഹായം നൽകുന്നതും റഷ്യയാണ്. അതുകൊണ്ട് ഒരു സമവായ ഫോർമുലയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ട്.

ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രത്തിൽ മുജ്‌താബയുടെയും ചിത്രം; പുതിയ പരമോന്നത നേതാവും കൊല്ലപ്പെട്ടതായി സംശയം.

Send your news and Advertisements

You may also like

error: Content is protected !!