ബെയ്‌ജിങ്: ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്കെതിരായ യുദ്ധത്തിന് ഇറാന് സൈനികസഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബെയ്ജിങ്ങിൽ വെച്ചുനടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും വ്യാപാരം, സുരക്ഷ, ഭൗമരാഷ്ട്രീയ വിഷയങ്ങൾ എന്നിവയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ അംഗീകരിച്ചുകൊണ്ട് പരസ്പരം സഹകരിക്കാൻ ധാരണയായതായി. വർഷങ്ങളായി നിലനിൽക്കുന്ന ശത്രുതയും മത്സരങ്ങളും പരിഗണിച്ച്, തർക്കങ്ങൾ കൂടുതൽ വഷളാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് കാണാൻ ഷി ജിൻപിങ്ങും ആഗ്രഹിക്കുന്നുണ്ടെന്നും, ഇക്കാര്യത്തിൽ എന്ത് സഹായം ചെയ്യാനും ചൈന തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശംവെക്കാൻ അനുവദിക്കില്ലെന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും യോജിച്ചു. എന്നാൽ, തായ്‌വാനുമായി ബന്ധപ്പെട്ട വിഷയത്തിൽ ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് സൽകിയിട്ടുണ്ട്. വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഷി ജിൻപിങ് ട്രംപിനെ അറിയിച്ചു.
സാമ്പത്തിക വിഷയങ്ങൾക്കുപുറമേ കൃഷി, വിനോദസഞ്ചാരം, സൈനിക ആശയവിനിമയം തുടങ്ങിയ മേഖലകളിലും സഹകരണം വ്യാപിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ചൈനീസ് വിപണികളിലേക്ക് അമേരിക്കയ്ക്ക് കൂടുതൽ പ്രവേശനം നൽകുന്നതിനെക്കുറിച്ചും അമേരിക്കൻ മേഖലകളിൽ ചൈനീസ് നിക്ഷേപം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായകമായ ഉഭയകക്ഷി കൂടിക്കാഴ്ച ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ ആണ് നടന്നത്. ആപ്പിൾ സിഇഒ ടിം കുക്ക്, ടെസ്‌ല തലവൻ ഇലോൺ മസ്ക്, എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ് തുടങ്ങിയ പ്രമുഖ യുഎസ് ടെക് കമ്പനികളുടെ തലവന്മാരും ട്രംപിനൊപ്പം ചൈനീസ് പ്രസിഡന്റുമായുള്ള ചർച്ചകളിൽ പങ്കെടുത്തു.
ചർച്ചകൾക്ക് ശേഷം ഇരു നേതാക്കളും ബീജിങ്ങിലെ ചരിത്രപ്രസിദ്ധമായ ‘ടെമ്പിൾ ഓഫ് ഹെവൻ’ (Temple of Heaven) സന്ദർശിക്കുകയും ഗ്രേറ്റ് ഹാളിൽ നടന്ന ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ചർച്ചകൾക്ക് ഒടുവിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും ഭാര്യയെയും സെപ്റ്റംബറിൽ ഔദ്യോഗിക സന്ദർശനത്തിനായി ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.
നീണ്ട ഒമ്പത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2017-ൽ ട്രംപ് തന്നെയാണ് ചൈന സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റ്. ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ തുടങ്ങിയവ പ്രധാന വിഷങ്ങൾ ഉയർത്തിയാണ് യുഎസ്-ചൈന ഉച്ചകോടി നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന ഔദ്യോഗിക സന്ദർശനത്തിനായി മെയ് 13-നാണ് ട്രംപ് ചൈനയിലെത്തിയത്.

