Friday, May 15, 2026
Home » യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയുടെ കനത്ത ആക്രമണം; 800 ഓളം ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതായി സെലൻസ്കി
റഷ്യ യുക്രൈൻ യുദ്ധം

യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയുടെ കനത്ത ആക്രമണം; 800 ഓളം ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതായി സെലൻസ്കി

by Editor

കീവ്: യുക്രെയ്ൻ നഗരങ്ങളിൽ കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ. ബുധനാഴ്ച രാവിലെ ആണ് ആക്രമണം തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയും ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വിവിധ നഗരങ്ങളിലായി ഇതുവരെ കുട്ടികളടക്കം ആകെ 10 പേർ കൊല്ലപ്പെടുകയും 45-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ കീവിൽ മാത്രം വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ മധ്യസ്ഥതയിൽ നിലവിൽ വന്ന മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ആരംഭിച്ചത്. നാല് വർഷത്തിലേറെയായി തുടരുന്ന ഈ യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിത്. ആദ്യ തരംഗത്തിൽ 800-ലധികം ഡ്രോണുകൾ പ്രയോഗിച്ച റഷ്യ, തുടർന്നുണ്ടായ വ്യോമാക്രമണങ്ങളോടെ ആകെ 1,560-ലധികം ഡ്രോണുകളും നിരവധി ക്രൂയിസ് മിസൈലുകളും യുക്രെയ്നിലേക്ക് തൊടുത്തുവിട്ടതായി വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു.

തലസ്ഥാനമായ കീവ്, പോളണ്ട് അതി‍ർത്തിയിലെ പടിഞ്ഞാറൻ ന​ഗരമായ ലിവിവ്, ഒഡീസയിലെ ബ്ലാക്ക് സീപോ‍ർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായെന്നും സെലൻസ്കി വ്യക്തമാക്കി. യുക്രൈനിൻ്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ 23 ഓളം തവണ ആക്രമണമുണ്ടായതായി പ്രസിഡന്റിൻ്റെ ഉപദേഷ്ടാവും അറിയിച്ചു. യുക്രൈൻ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നുണ്ടെന്നും റഷ്യയുടെ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങൾ തക‍ർക്കുക എന്നതാണെന്നും സെലൻസ്കി ടെല​ഗ്രാമിലൂടെ അറിയിച്ചു. യുക്രൈൻ നടത്തിയ തിരിച്ചടിയിൽ റഷ്യയുടെ ബ്രയാൻസ്ക് മേഖലയിൽ രണ്ടുപേർക്ക് പരിക്കേറ്റതായും എട്ടു വീടുകൾക്കും വാഹനത്തിനും കേടുപാട് സംഭവിച്ചതായും ​റിപ്പോർട്ടുണ്ട്.

യുക്രെയ്ന്റെ പടിഞ്ഞാറൻ അതിർത്തികളിൽ ആക്രമണം കടുത്തതോടെ അയൽരാജ്യമായ പോളണ്ട് തങ്ങളുടെ യുദ്ധവിമാനങ്ങൾ  അടിയന്തിരമായി സജ്ജമാക്കി. സുരക്ഷാ കാരണങ്ങളാൽ സ്ലൊവാക്യ യുക്രെയ്നുമായുള്ള തങ്ങളുടെ അതിർത്തി താൽക്കാലികമായി അടയ്ക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബീജിംഗിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തുന്ന അതേ സമയത്തുതന്നെ അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാനും സമാധാന ചർച്ചകളെ അട്ടിമറിക്കാനുമാണ് റഷ്യ ഈ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ ആരോപിക്കുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; സമാധാന ചർച്ചകൾക്ക് മുൻകൈ എടുത്ത ട്രംപിന് നന്ദി അറിയിച്ച്‌ പുട്ടിൻ

Send your news and Advertisements

You may also like

error: Content is protected !!