Sunday, May 10, 2026
Home » റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; സമാധാന ചർച്ചകൾക്ക് മുൻകൈ എടുത്ത ട്രംപിന് നന്ദി അറിയിച്ച്‌ പുട്ടിൻ
റഷ്യ യുക്രെയ്ൻ യുദ്ധം

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; സമാധാന ചർച്ചകൾക്ക് മുൻകൈ എടുത്ത ട്രംപിന് നന്ദി അറിയിച്ച്‌ പുട്ടിൻ

by Editor

മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഔദ്യോഗികമായി വ്യക്തമാക്കി. 4 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ഈ മാരകമായ പോരാട്ടം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുട്ടിൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മോസ്കോയിൽ നടന്ന വിക്ടറി ഡേ പരേഡിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഒരു മൂന്നാം രാജ്യത്തുവെച്ച് നേരിട്ട് കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് പുട്ടിൻ അറിയിച്ചു. എന്നാൽ ഇതിന് മുൻപായി ഒരു ശാശ്വത സമാധാന കരാറിന്റെ കരട് പൂർണ്ണമായി തയ്യാറാക്കണമെന്ന നിബന്ധന അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തെ വെടിനിർത്തലിനും യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനും ട്രംപ് മുന്നോട്ടുവെച്ച നിർദേശത്തിന് പിന്നാലെയാണ് പുട്ടിന്റെ നിർണായക പ്രഖ്യാപനം. “ഈ വിഷയം അവസാനിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ചർച്ചകൾ സുഗമമാക്കിയതിന് യുഎസിനോട് നന്ദിയുണ്ട്. ഇത് റഷ്യയ്ക്കും യുക്രെയ്‌നും വേണ്ടിയുള്ള കാര്യമാണ്,” പുട്ടിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആയിരം യുദ്ധത്തടവുകാരെ വീതം പരസ്‌പരം കൈമാറണമെന്ന ട്രംപിൻ്റെ നിർദേശത്തിൽ റഷ്യ സന്നദ്ധത അറിയിച്ചു. എന്നാൽ യുക്രെയ്ൻ്റെ ഭാഗത്തു നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്ന് പുട്ടിൻ ചൂണ്ടിക്കാട്ടി. ട്രംപിൻ്റെ നിർദേശത്തോട് യുക്രെയ്ൻ ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിച്ചേർത്തു.

മെയ് ഒമ്പത് മുതൽ 11 വരെ മൂന്ന് ദിവസത്തേക്ക് പൂർണമായ വെടിനിർത്തൽ. ഈ കാലയളവിൽ ഇരു രാജ്യങ്ങളും ആയിരം തടവുകാരെ വീതം വിട്ടയയ്ക്കണം. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയദിനമായ മെയ് ഒമ്പതിന് തന്നെ സമാധാനത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. യുക്രെയ്ൻ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നിന് ഔദ്യോഗികമായി അന്ത്യമാകും.

Send your news and Advertisements

You may also like

error: Content is protected !!