കൊൽക്കത്ത: കാവിയണിഞ്ഞ് ഈശ്വര നാമത്തിൽ സത്യപ്രതിഞ്ജ ചൊല്ലി, പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. പതിനായിരക്കണക്കിന് പേരെ സാക്ഷി നിർത്തിയാണ് ബ്രിഗേഡ് മൈതാനത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. 50 വർഷത്തിനുശേഷം ബ്രിഗേഡ് മൈതാനത്ത് നടന്ന എറ്റവും വലിയ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് വംഗ നാട്ടിലെ അധികാര കൈമാറ്റം നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി, നിരവധി കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രിക്കൊപ്പം തുറന്ന ജീപ്പിലാണ് സുവേന്ദു അധികാരി ബ്രിഗേഡ് മൈതാനത്തിൽ എത്തിയത്. പ്രധാനമന്ത്രിയെ ആശ്ലേഷിച്ച് അനുഗ്രഹം വാങ്ങിയ അദ്ദേഹത്തിന് ഗവർണർ ആർ. എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്നു ദിലീപ് ഘോഷാണ് രണ്ടാമതായി മന്ത്രിയായി സത്യവാചകം ചൊല്ലിയത്. റാണിബന്ധ് എംഎൽഎയും വനവാസി സമുഹത്തിൻ്റെ പ്രതിനിധിയുമായി ക്ഷുധിറാം ടുഡു, ബൻഗാവിൽ നിന്ന് വിജയിച്ച അശോക് കീർത്താനിയ, ബിജെപി വനിതാ നേതാവ് അഗ്നിമിത്ര പോൾ, നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്ന നിഷിത് പ്രമാണിക് സുവേന്ദു എന്നിവരും മന്ത്രിമാരായി ചുമതലയേറ്റെടുത്തു. സമൂഹത്തിൻ്റെ എല്ലാം മേഖലകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉൾപ്പെടുത്തി കൊണ്ടാണ് പശ്ചിമ ബംഗാളിൽ ബിജെപി പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദു അധികാരിക്ക് ആദ്യമായി ‘ജയൻ്റ്-കില്ലർ’ എന്ന പദവി ലഭിച്ചത്. 2020 ഡിസംബറിൽ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. രണ്ടാമത്തെ മത്സരത്തിൽ മമതയുടെയും തൃണമൂലിലിന്റെയും അടിവേരറുക്കാൻ സുവേന്ദുവിന് സാധിച്ചു.
അഭിനന്ദിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി.
പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ചരിത്രപരമായ മുന്നേറ്റത്തോടെ അധികാരമേറ്റ സുവേന്ദു അധികാരിയെ അഭിനന്ദിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗാളിലെ ബിജെപിയുടെ വിജയം സുവേന്ദുവിന്റെ ജനകീയ നേതൃത്വത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ഹസീന പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
ഭാഷാപരമായും സാംസ്‌കാരികമായും വലിയ ബന്ധം പുലർത്തുന്ന പശ്ചിമ ബംഗാളും ബംഗ്ലാദേശും തമ്മിലുള്ള സഹകരണം സുവേന്ദു അധികാരിയുടെ കാലഘട്ടത്തിൽ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഹസീന പ്രത്യാശ പ്രകടിപ്പിച്ചു. ‘സുവേന്ദു അധികാരിക്ക് എൻ്റെയും ബംഗ്ലാദേശ് ജനതയുടെയും പേരിൽ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഇരു ബംഗാളുകളിലെയും ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം,‘ അവർ വ്യക്തമാക്കി.
ബംഗാളിലെ 294 സീറ്റുകളിൽ 207 എണ്ണവും നേടിയാണ് മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിച്ചത്. അനധികൃത കുടിയേറ്റം തടയുമെന്നതടക്കമുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിലനിൽക്കെ, ഷെയ്ഖ് ഹസീനയുടെ ഈ അഭിനന്ദന സന്ദേശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.

