Sunday, May 10, 2026
Home » ‘പ്രകടനങ്ങളും ഫ്ളക്‌സുകളും വേണ്ട’: തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാക്കൾ.
'പ്രകടനങ്ങളും ഫ്ളക്‌സുകളും വേണ്ട': തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാക്കൾ.

‘പ്രകടനങ്ങളും ഫ്ളക്‌സുകളും വേണ്ട’: തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാക്കൾ.

by Editor

ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ കെപിസിസി നേതൃത്വത്തിനു രൂക്ഷവിമർശനം. പ്രകടനങ്ങൾ നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു, തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ശക്തിപ്രകടനങ്ങൾ ആവർത്തിക്കുന്നുണ്ടായെന്ന് ഹൈക്കമാൻഡ് നിരീക്ഷിക്കും. ആർക്ക് വേണ്ടി പ്രകടനം നടത്തിയാലും അയോഗ്യതയായി വിലയിരുത്തുമെന്നും ഹൈക്കമാൻഡ് അറിയിച്ചു.

ഇതേതുടർന്ന് കേരളത്തിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാക്കൾ രംഗത്ത് വന്നു. കെ.സി വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്ത പ്രസ്‌താവനയിലൂടെയാണ് പ്രവർത്തകർക്ക് കർശന നിർദേശം നൽകിയത്. സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത മൂർച്ഛിക്കുന്നു എന്ന വാർത്തകൾക്കിടെയാണ്, മൂന്ന് നേതാക്കളും ഒരേ സ്വരത്തിൽ രംഗത്തെത്തിയത്. തെരുവിലെ പോരുകൾ അവസാനിപ്പിക്കണമെന്നും അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനയും നേതൃത്വം നൽകി.

നേതാക്കൾക്കായി പ്രവർത്തകർ ആരും തന്നെ തെരുവിൽ പ്രകടനങ്ങൾ നടത്താൻ പാടില്ല. ഇത്തരം നീക്കങ്ങൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കളെ പിന്തുണച്ച് സ്ഥാപിച്ചിട്ടുള്ള ഫ്ളക്‌സുകളും ബോർഡുകളും ഇന്നലെ തന്നെ നീക്കം ചെയ്യണം എന്നാണ് അറിയിപ്പ്. അറിയിപ്പിനെ തുടർന്ന് ഫ്ളക്‌സുകളും ബോർഡുകളും രാത്രി തന്നെ നീക്കം ചെയ്തു തുടങ്ങി.

പാർട്ടിയിൽ കടുത്ത ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കുന്ന പ്രചരണങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾ വഴിമരുന്നിടും. തെരുവിലെ പോരുകൾ ജനങ്ങൾക്കിടയിൽ പാർട്ടിക്ക് മോശമായ പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. നേതാക്കളെ ഇഷ്‌ടപ്പെടുന്നതിൽ തെറ്റില്ല എന്നാൽ അത് സഹപ്രവർത്തകരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. പാർട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമ പ്രധാനമെന്നും പ്രവർത്തകർ തിരിച്ചറിയണമെന്നും നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ദേശീയ നേതൃത്വവുമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ച അവസാനിച്ചു. കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ച് ഇന്നലെ പ്രഖ്യാപനം ഉണ്ടാകില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗം മൂന്ന് മണിക്കൂറോളം നീണ്ടു. ചർച്ചയ്ക്ക് ശേഷം കേരളത്തിലെ നേതാക്കൾ ദീപാ ദാസ് മുൻഷിക്കൊപ്പം വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.

നിലപാടിൽ നിന്ന് നേതാക്കൾ പിന്മാറിയിട്ടില്ലെന്നാണ് സൂചന. മൂന്ന് നേതാക്കളോടും ദേശീയ നേതൃത്വം വിശദമായി സംസാരിച്ചു. ഞായറാഴ്‌ച വീണ്ടും മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തും. സോണിയാ ഗാന്ധിയുമായി കൂടി ഹ്രസ്വ ചർച്ച നടത്തിയതിന് ശേഷം വൈകാതെ പ്രഖ്യാപനം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!