കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി ബിജെപി സർക്കാർ അധികാരമേറ്റതോടെയാണ് സി.പി.ഐ(എം) മുഖപത്രമായ ഗണശക്തിക്ക് (Ganashakti) നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സർക്കാരിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. ശനിയാഴ്‌ച പുറത്തിറങ്ങിയ പത്രത്തിന്റെ മുൻപേജിലാണ് സർക്കാരിൻ്റെ പരസ്യമുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും ചിത്രങ്ങൾ അടങ്ങിയ സർക്കാർ പരസ്യം അതീവ പ്രാധാന്യത്തോടെയാണ് ഗണശക്തി പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പൂർണ്ണ പേജ് പരസ്യം ഉൾപ്പെടെയുള്ള കൂടുതൽ സർക്കാർ പരസ്യങ്ങൾ പത്രത്തിന്റെ ഉൾപ്പേജുകളിലും ഇടംപിടിച്ചു. ബിജെപി അധികാരത്തിൽ വന്നതോടെ പാർട്ടി ഓഫീസുകൾ തുറക്കാൻ സിപിഎമ്മിന് സ്വാതന്ത്ര്യം കിട്ടിയിരുന്നു. പിന്നാലെയാണ് പാർട്ടി പത്രത്തിന് പരസ്യം ലഭിച്ചത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (TMC) സർക്കാർ അധികാരത്തിലിരുന്ന കഴിഞ്ഞ 15 വർഷമായി സി.പി.എം മുഖപത്രമായ ‘ഗണശക്തി’ക്ക് ഔദ്യോഗിക സർക്കാർ പരസ്യങ്ങൾ നിഷേധിച്ചിരുന്നു.
സംസ്ഥാനത്ത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരമേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യം പത്രത്തിന്റെ മുൻപേജിൽ അച്ചടിച്ചുവന്നത്. ആർ.എൻ.ഐ (RNI) അംഗീകാരമുള്ള പത്രങ്ങൾക്ക് മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാർ പരസ്യങ്ങൾക്ക് അർഹതയുണ്ടെന്ന് 2014-ൽ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും മുൻ സർക്കാർ ഇത് നടപ്പാക്കിയിരുന്നില്ലെന്ന് സി.പി.എം നേതാവും ഗണശക്തി എഡിറ്ററുമായ സമീക് ലാഹിരി വ്യക്തമാക്കി.

