ചെന്നൈ: സിനിമ സ്റ്റൈലിൽ ത്രസിപ്പിച്ച് കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങിയ വിജയ്… പേപ്പറിൽ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്‍യുടെ സത്യപ്രതിജ്ഞ. തന്‍റെ പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്.
ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിജയ്ക്ക് പുറമേ ഒൻപത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്‌തത്. എൻ ആനന്ദ്, ആദവ് അർജുന, ഡോ കെ ജി അരുൺരാജ്, കെ എ സെങ്കോട്ടയൻ, പി വെങ്കിട്ടരമണൻ, ആർ നിർമൽകുമാർ, രാജ്മോഹൻ, ഡോ ടി കെ പ്രഭു, സെൽവി എസ് കീർത്തന എന്നവരാണ് ഇന്ന് മന്ത്രിമാരായത്. മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളിലൊന്ന് അണ്ണാഡിഎംകെയുടെ മുൻ നേതാവായ കെ.എ. സെങ്കോട്ടയ്യൻ ആണ്. മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത എന്നിവരോടൊപ്പം ദശാബ്ദങ്ങളോളം പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്.
ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. ചടങ്ങിന് സാക്ഷിയാകാൻ വിജയ്യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും എത്തിരിയുന്നു. നടി തൃഷയുടെ സാന്നിധ്യവും പരിപാടിയിൽ ഉടനീളമുണ്ടായിരുന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും ചടങ്ങിൽ പങ്കെടുത്തു.
1967 ന് ശേഷം ഇതാദ്യമായാണ് ഡിഎംകെ- എഐഎഡിഎംകെ ഇതര സർക്കാർ തമിഴ്‌നാട്ടിൽ നിലവിൽ വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടിവികെ ആകെ നേടിയത്. 234 അംഗ നിയമസഭയിൽ 120 എംഎൽഎമാരുടെ പിന്തുണയാണ് വിജയ് അവകാശപ്പെട്ടിരിക്കുന്നത്. കോൺഗ്രസ്- 5, സി.പി.ഐ, സി.പി.എം എന്നിവയിൽ നിന്നും 2 വീതം, മുസ്ലിം ലീഗ്- 2 എന്നിങ്ങനെയുള്ളവരുടെ പിന്തുണ വാങ്ങിയാണ് 120 എന്ന സംഖ്യയിലേക്ക് വിജയ് എത്തിയത്.

