ഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Denver International Airport) പറന്നുയരാൻ തുടങ്ങിയ ഫ്രോണ്ടിയർ എയർലൈൻസ് വിമാനം റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ച് അപകടമുണ്ടായി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ എഞ്ചിന് തീപിടിക്കുകയും കാബിനുള്ളിൽ പുക നിറയുകയും ചെയ്തു. ഇതോടെ പൈലറ്റ് ടേക്ക്-ഓഫ് അടിയന്തരമായി ഉപേക്ഷിച്ചു.
വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരെയും 7 ജീവനക്കാരെയും എമർജൻസി സ്ലൈഡുകൾ വഴി സുരക്ഷിതമായി പുറത്തിറക്കി. ആളപായമില്ലെങ്കിലും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ 12 യാത്രക്കാർക്ക് ചെറിയ പരിക്കുകൾ പറ്റി. ലോസ് ആഞ്ചലസിലേക്ക് പുറപ്പെടാൻ റൺവേയിലൂടെ അതിവേഗം കുതിച്ച ഫ്രോണ്ടിയർ എയർലൈൻസിന്റെ ഫ്ലൈറ്റ് 4345 (എയർബസ് എ321) വിമാനമാണ് റൺവേ മുറിച്ചുകടക്കാൻ ശ്രമിച്ചയാളെ ഇടിച്ചത്. സുരക്ഷാ വേലി ചാടിക്കടന്നാണ് ഈ വ്യക്തി റൺവേയിൽ പ്രവേശിച്ചത്. ഇയാൾ വിമാനത്താവളത്തിലെ ജീവനക്കാരനല്ലെന്നും ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.
“ഞങ്ങൾ ഒരാളെ ഇടിച്ചു, എഞ്ചിന് തീപിടിച്ചിരിക്കുന്നു” എന്ന പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം എയർ ട്രാഫിക് കൺട്രോൾ ഓഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കി വിമാനം റൺവേയിൽ നിർത്തി. അപകടത്തെത്തുടർന്ന് വിമാനത്തിന്റെ ക്യാബിനിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഉടൻ തന്നെ ഡെൻവർ ഫയർ ഡിപ്പാർട്ട്‌മെന്റ് എത്തി തീ അണയ്ക്കുകയും യാത്രക്കാരെയും ഏഴ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.
സംഭവത്തെത്തുടർന്ന് റൺവേ അടയ്ക്കുകയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരിച്ചയാളെക്കുറിച്ചോ അയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മിക്ക യാത്രക്കാരെയും പിന്നീട് മറ്റൊരു വിമാനത്തിൽ ലോസ് ഏഞ്ചൽസിലേക്ക് അയച്ചു.

