Tuesday, May 19, 2026
Home » “പ്രചോദനങ്ങൾ”
പ്രചോദനങ്ങൾ

“പ്രചോദനങ്ങൾ”

by Editor

ഓരോ ജീവിതത്തെയും മുന്നോട്ട് നയിക്കുന്നതിന് പ്രചോദനം നൽകുന്ന അനേക കാര്യങ്ങൾ ഉണ്ട്. കുടുംബം, വ്യക്തിബന്ധങ്ങൾ, മതം, മത ഗ്രന്ഥങ്ങൾ, അനുഭവങ്ങൾ, അവയിൽ നിന്നുൾക്കൊണ്ട പാഠങ്ങൾ, സമൂഹം, വിശിഷ്ട വ്യക്തിത്വങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ പ്രചോദന ദായകങ്ങളായി നമുക്ക് ചുറ്റുമുണ്ട്.

ഓരോരുവനും തെരഞ്ഞെടുക്കുന്ന രീതികൾ മാത്രമാണ് വ്യത്യസ്തം. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് യുഗത്തിൻ്റെ നടുവിൽ നിൽക്കുന്ന മനുഷ്യന്, വേണ്ടുന്നതെല്ലാം വിരൽത്തുമ്പിൽ ലഭിക്കും എന്ന സ്ഥിതിവിശേഷത്തിൻ്റെ ഒരു സവിശേഷതയാണ് അതതു നേരത്തെ മാനസികാവസ്ഥയ്ക്കനുസൃതമായ പ്രചോദന വചനങ്ങൾ കയ്യിലിരിക്കുന്ന സ്‌ക്രീനിൽ റിപ്പബ്ലിക് ദിന പരേഡിലെ പ്ലോട്ട് ഷോ പോലെ ഓരോന്നോരോന്നായി വരുന്നത്.

സത്യം പറഞ്ഞാൽ ഫോൺ കയ്യിലെടുത്ത് ഒന്ന് മനസിൽ ചിന്തിച്ചാൽ മതി ആ കാര്യത്തെ കുറിച്ചുള്ള നൂറു നൂറു ചിന്താ വാക്യങ്ങൾ സ്‌ക്രീനിൽ തെളിയും. അധികം ചിന്തിക്കേണ്ടതില്ല, തീരുമാനങ്ങൾക്ക് വേണ്ടി തല പുകയുകയും വേണ്ട. എല്ലാം കൂടി ചേർത്തു തയ്യാറാക്കിയ വചനങ്ങൾ നിരനിരയായി എത്തുകയായി. സന്തോഷമാണെങ്കിൽ അതിനൊത്തത്, സങ്കടമെങ്കിൽ അതിനൊത്തത്, അങ്ങനെ മനുഷ്യൻ്റെ മനസറിയുന്ന നിർമ്മിത ബുദ്ധിയുടെ നിർമ്മിതമല്ലാത്ത ബുദ്ധിവൈഭവത്തെ ആരും പ്രശംസിച്ചു പോവും. അങ്ങനെ ലഭിക്കുന്ന വചനങ്ങൾ നമുക്ക് വലിയ പ്രചോദനം നൽകുന്നവയായിത്തീരുകയാണിവിടെ. എന്നാൽ പെട്ടെന്നൊരു ദിവസത്തിൽ ഇതൊന്നും ലഭ്യമല്ലാതെ വരുന്ന ഒരവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

എത്ര ഭീകരമായിരിക്കും അത് അല്ലേ? മനസുവായിക്കുന്നതും, പ്രചോദന പ്രസംഗങ്ങളും, ആകർഷണ നിയമങ്ങളും, പ്രകടനങ്ങളും (മാനിഫെസ്റ്റേഷൻ) ഒക്കെ അരങ്ങുവാഴുകയാണിന്ന്. അത്തരം വേദികളിലേക്ക് അനേകരുടെ തള്ളിക്കയറ്റവും നാം കാണുന്നു. യഥാർത്ഥത്തിൽ ഈ പ്രചോദനങ്ങൾ നമുക്ക് മറ്റാരെങ്കിലും പറഞ്ഞു തരേണ്ടതാണോ? നമുക്കു ചുറ്റും, നമ്മുടെ ഉള്ളിലും ഇതിൻ്റെ അനേകം സ്രോതസ്സുകൾ ഇല്ലേ? ഉണ്ട്.

ജനിച്ചു വീണപ്പോൾ കരയുവാൻ ആരും തന്നെ പ്രചോദിപ്പിച്ചിട്ടല്ല നാം കരഞ്ഞത്. വിശക്കുമ്പോൾ കരയണമെന്ന് ഒരു വിദഗ്ധരും നമ്മെ അന്ന് പഠിപ്പിച്ചില്ല. നിറങ്ങളെ കണ്ട് ചിരിച്ചതും, ശബ്‌ദങ്ങൾ കേൾക്കാൻ തുടങ്ങിയതും, കൈകാലിട്ടടിച്ചതും, മുട്ടിൽ നീന്തിയതും, പിടിച്ചെഴുന്നേറ്റു നിന്നതും, വീണതും, അവിടെ നിന്ന് നടന്നു പഠിച്ചതും വളർന്നതും ഒക്കെ നമ്മിൽ നിന്നും നമുക്ക് ചുറ്റും നൽകപ്പെട്ട സാഹചര്യങ്ങളിൽ നിന്നുമൊക്കെ സ്വയം പ്രചോദനമുൾക്കൊണ്ടു കൊണ്ടാണ്. പിന്നെ എവിടെയാണ് നമുക്ക് മറ്റൊരാളുടെ, അല്ലെങ്കിൽ നമ്മുടെ ബോധമണ്ഡലത്തെ സ്വാധീനിക്കുന്ന ഒരു നിർമ്മിത സംവിധാനത്തിൻ്റെ ആവശ്യം നമ്മുടെ പ്രചോദനങ്ങൾക്കായി വേണ്ടി വന്നത്?

പ്രയത്നങ്ങളെയും പ്രയാസങ്ങളെയും ലഘൂകരിക്കാനുള്ള ഉപാധികൾ മറ്റുള്ളവരിലും, മറ്റു വസ്‌തുക്കളിലും കണ്ടെത്തുന്ന സ്വഭാവം എന്ന് ഉടലെടുത്തുവോ അന്ന്. പ്രയാസങ്ങളോ പ്രതിസന്ധികളോ ജീവിതത്തിൽ ഉണ്ടാകരുതെന്ന അതിയായ ആഗ്രഹം നമ്മുടെ ആശ്രയത്തെ മറ്റെന്തിലോ ഒക്കെ ഏല്പിച്ചു. അതുകൊണ്ട് തന്നെ അവയുടെ നിയന്ത്രണത്തിന് വിധേയത്വം പ്രാപിക്കുവാൻ നാം നിർബന്ധിതരായി. ലഘുവും ആശ്വാസപ്രദവുമായ നുകങ്ങളെക്കാൾ മനുഷ്യൻ അടിമത്വത്തെ തേടുന്ന സ്ഥിതി.

സങ്കീർത്തനങ്ങൾ 119ാം അദ്ധ്യായം 105ാം വാക്യത്തിൽ നാം വായിക്കുന്നു. “നിൻ്റെ വചനം എൻ്റെ കാലുകൾക്കു ദീപവും എൻ്റെ പാതയ്ക്കു പ്രകാശവുമാകുന്നു” ദൈവം തൻ്റെ വചനത്താൽ സൃഷ്ടിച്ച ഈ ഭൂമിയിൽ നമുക്ക് ലഭിച്ചിട്ടുള്ള ഈ സുന്ദരമായ ജീവിതകാലം മുഴുവൻ നമ്മുടെ പ്രയാണം അവൻ്റെ വചനപ്രകാരമെങ്കിൽ അവ നമ്മുടെ കാലുകൾക്ക് ദീപവും നാം നടക്കുന്ന പാതയിൽ അത് പ്രകാശവും ആയി ഭവിക്കും. അവിടെ നിന്നും ലഭിക്കുന്ന പ്രചോദനം നമ്മുടെ ജീവിതത്തെ പ്രകാശമുള്ളതാക്കിത്തീർക്കും. ദൈവ വചനത്തിന് കാതോർക്കാം. പ്രചോദനമുൾക്കൊള്ളാം.

ഫാ. അജിൻ കോശി ജോൺ

Send your news and Advertisements

You may also like

error: Content is protected !!