തിരുവനന്തപുരം: കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) വീണ്ടും ഭരണത്തിലെത്തുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ ഒൻപതുമണിക്ക് മുൻപുതന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. 10.10-ഓടെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ വേദിയിലെത്തിയത്. 10.12-ഓടെ വന്ദേമാതരം ആലപിച്ച് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. വൻ കരഘോഷത്തോടെയാണ് വി.ഡി. സതീശൻ്റെ സ്ഥാനാരോഹണം സദസ്സ് ആഘോഷമാക്കിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ ഗവർണർ പൂച്ചെണ്ട് നൽകി അനുമോദിച്ചു. പിന്നാലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമതായി സത്യപ്രതിജ്ഞചെയ്‌തത്. മൂന്നാമതായി രമേശ് ചെന്നിത്തലയും സത്യവാചകം ചൊല്ലി. സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്‌ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തു.
വി.ഡി. സതീശൻ അടക്കമുള്ള ഭൂരിഭാഗംപേരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞചെയ്‌തത്. ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവർ സഗൗരവും സത്യപ്രതിജ്ഞചെയ്‌തു. മറ്റെല്ലാവരും മലയാളത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ കെ. മുരളീധരൻ ഇംഗ്ലീഷിലാണ് സത്യവാചകംചൊല്ലിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയനേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശന് അഭിനന്ദനങ്ങൾ അറിയിച്ചു. തന്റെ ഔദ്യോഗിക ‘X’ (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് അദ്ദേഹം ആശംസകൾ പങ്കുവെച്ചത്. സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് പറഞ്ഞ മോദി കേരളത്തിന്റെ വികസനത്തിന് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും നൽകും എന്നും കുറിച്ചു.
ടീം യുഡിഎഫ് റെഡി; രാവിലെ 10-നു 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.

