തിരുവനന്തപുരം: യു ഡി എഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിനു ശേഷം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തൻ്റെ അറിവിൽ രാജ്യത്ത് ആദ്യമായി കേരളത്തിലാണ് വയോജനങ്ങൾക്കായി വകുപ്പ് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയ രാജ്യം ജപ്പാനാണ്, അവരുടെ മോഡൽ പരിശോധിച്ചായിരിക്കും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക. ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം കൂട്ടാന്‍ തീരുമാനിച്ചെന്നും 3000 രൂപയുടെ വര്‍ദ്ധനവായിരിക്കും ആദ്യഘട്ടം ഉണ്ടാവുകയെന്നും വി ഡി സതീശന്‍ പറഞ്ഞു. റിട്ടയർമെന്റ് ബെനഫിറ്റ് സംബന്ധിച്ച യോഗം അടുത്ത ഒരു മാസത്തിനുള്ളിൽ തീരുമാനിച്ച് പ്രഖ്യാപിക്കും. കുറച്ചുകൂടി കഴിയുമ്പോൾ ഒരു ഘട്ടം കൂടി പ്രഖ്യാപിക്കും. ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കും മെന്നും അദ്ദേഹം അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ കൂട്ടി. പാചകതൊഴിലാളികള്‍ക്കും 1000 രൂപ വര്‍ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതൽ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ കൂട്ടി. സാമ്പത്തിക ബാധ്യതകൾ പരിശോധിച്ച ശേഷമാണ് ഈ വർധനവുകൾ വരുത്തിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭാ സമ്മേളനം മെയ് 21-ന് നടക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 22ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനെ പ്രൊ ടൈം സ്പീക്കര്‍ ആക്കും. അഡ്വ ജനറല്‍ ആയി അഡ്വ. ജെയ്ജു ബാബുവിനെയും ടി അസഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തും. എസ്‌ഐടിയില്‍ ആരൊക്കെ എന്നത് ആഭ്യന്തരവകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനസാഗരത്തെ സാക്ഷിയാക്കി യു ഡി എഫ് സർക്കാർ അധികാരമേറ്റു; ആശംസകൾ അറിയിച്ചു പ്രധാനമന്ത്രി

