Monday, May 18, 2026
Home » അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ക്ഷമിക്കാൻ പറ്റാത്ത പ്രകോപനമെന്ന് യുഎഇ

അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ക്ഷമിക്കാൻ പറ്റാത്ത പ്രകോപനമെന്ന് യുഎഇ

by Editor

അബുദാബി: യുഎഇയിലെ അബുദാബി അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടർന്ന് ആണവനിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിൽ വൻ തീപിടിത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അബുദാബിയിലെ സിവിൽ ഡിഫൻസും സുരക്ഷാ സേനയും ഉടനടി ഇടപെട്ട് ജനറേറ്ററിലെ തീ പൂർണ്ണമായും അണച്ചു.

ആണവനിലയത്തിന്റെ പ്രധാന സുരക്ഷാ പരിധിക്ക് പുറത്താണ് ആക്രമണം നടന്നത്. അതിനാൽ റിയാക്ടറുകൾക്കോ മറ്റ് പ്രധാന സംവിധാനങ്ങൾക്കോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. പ്ലാന്റിന്റെ റേഡിയോളജിക്കൽ സുരക്ഷാ മാനദണ്ഡങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും യാതൊരുവിധ റേഡിയോ ആക്ടീവ് ചോർച്ചയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.

ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി. ഈ ആക്രമണത്തെ ഗൾഫ് രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിക്കുകയും യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

യുഎഇ അതിർത്തിയിലേക്ക് പടിഞ്ഞാറു ഭാഗത്തുനിന്നും എത്തിയ മൂന്ന് ഡ്രോണുകളിൽ ഒന്നാണ് പ്ലാന്റിന് സമീപം പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി വഴിയാണ് മൂന്ന് ഡ്രോണുകൾ എത്തിയത്. ഇതിൽ രണ്ട് ഡ്രോണുകളെ യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തതായും മൂന്നാമത്തേതാണ് ജനറേറ്ററിൽ പതിച്ചതെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിന് പിന്നിൽ ഇറാനോ അവരുടെ സായുധ ഗ്രൂപ്പുകളോ ആണെന്ന് യുഎഇ സംശയിക്കുന്നു. ഈ സംഭവത്തെ ഒരു “ഭീകരാക്രമണം” എന്നും “അപകടകരമായ യുദ്ധസാഹചര്യം സൃഷ്ടിക്കൽ” എന്നുമാണ് യുഎഇ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആണവനിലയങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും കടുത്ത ലംഘനമാണെന്ന് യുഎഇ വ്യക്തമാക്കി.

ആക്രമണത്തിന് തൊട്ടുപിന്നാലെ യുഎഇ വിദേശകാര്യ മന്ത്രി, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) മേധാവി റാഫേൽ ഗ്രോസിയുമായും സൗദി അറേബ്യ, ഈജിപ്ത്, യുകെ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ചർച്ച ചെയ്തു.

യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ തകർത്തു. ഇറാഖ് വ്യോമഅതിർത്തിയിൽ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജ്യത്തിന്റെ അതിർത്തി കടന്ന ഉടൻ തന്നെ വ്യോമ പ്രതിരോധ സേന ഇവയെ തകർത്തതിനാൽ ജനവാസ മേഖലകളിലോ തന്ത്രപ്രധാന കേന്ദ്രങ്ങളിലോ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. തങ്ങളുടെ പരമാധികാരവും സുരക്ഷയും ലംഘിക്കാനുള്ള ഏത് ശ്രമത്തിനും അനുയോജ്യമായ സമയത്തും സ്ഥലത്തും ശക്തമായി തിരിച്ചടിയുണ്ടാകുമെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

മേഖലയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമാധാനം ലക്ഷ്യമിട്ട് ഖത്തർ പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് സംസാരിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ പാക്കിസ്ഥാനുമായും ഖത്തർ ഔദ്യോഗികമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ അക്രമണവും സൗദിക്ക് നേരെയുള്ള ഡ്രോൺ നീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് നിലവിൽ വഴിവെച്ചിരിക്കുന്നത്.

‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0’; ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം അടുത്ത ആഴ്ച പുനരാരംഭിച്ചേക്കും

Send your news and Advertisements

You may also like

error: Content is protected !!