ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള (ചട്ടോഗ്രാം) ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിൽ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ പ്രോട്ടോകോള്‍ ഓഫീസറായ നരേന് ധറിന്റെ (38) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. പ്രാഥമിക ഇൻക്വസ്റ്റ് റിപ്പോർട്ടിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല.
ചൊവ്വാഴ്ച രാവിലെ മുറിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പഴയ വിസ സെന്റർ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഡാറ്റാ എൻട്രി റൂമിന് സമീപമുള്ള ശുചിമുറിയുടെ മുൻപിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം കൃത്യമായി അറിയുന്നതിനായി മൃതദേഹം ചിറ്റഗോങ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
നരേൻ ധറിൻ്റെ മരണം കുടുംബത്തെ അറിയിച്ചതായും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും ഹൈക്കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയ്ക്ക് ബംഗ്ലാദേശിൽ ചിറ്റഗോങ്ങ് കൂടാതെ ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലും അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസുകളുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള മരണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയവും പ്രത്യേക അന്വേഷണം നടത്തുമെന്നാണ് വിവരം.

