ബെയ്‌ജിങ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെ ബീജിംഗിൽ എത്തിച്ചേർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് പുട്ടിന്റെ ഈ നിർണായക സന്ദർശനം.
റഷ്യയുമായി നല്ല ബന്ധം നിലനിർത്തിക്കൊണ്ട് യുഎസുമായുള്ള വ്യാപാര ബന്ധം ശക്തമാക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് പുട്ടിന്റെ സന്ദർശനം. ചൈന–റഷ്യ സൗഹൃദ ഉടമ്പടിയുടെ 25ാം വാർഷികവുമാണ്. 2001-ലെ ചൈന-റഷ്യ സൗഹൃദ ഉടമ്പടിയുടെ വാർഷികത്തോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്. ട്രംപിൻ്റെയും പുട്ടിൻ്റെയും ചൈനാ സന്ദർശനങ്ങൾ തമ്മിൽ ബന്ധമില്ലെന്നും ഫെബ്രുവരി 4-ന് പുട്ടിനും ഷി ചിൻപിങ്ങും സംസാരിച്ചതിനു ശേഷം യാത്ര തീരുമാനിച്ചിരുന്നതാണെന്നുമാണ് റഷ്യൻ ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പുട്ടിൻ വിപുലമായ ഉഭയകക്ഷി തന്ത്രപ്രധാന ചർച്ചകൾ നടത്തും. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇറാൻ സംബന്ധിച്ച വിഷയങ്ങളും ചർച്ചകളിൽ പ്രധാന പങ്കുവഹിക്കുമെന്നാണ് സൂചനകൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതുവരെയില്ലാത്ത തലത്തിലാണ് മുന്നോട്ടു പോകുന്നതെന്നും രാജ്യാന്തര തലത്തിൽ ഈ ബന്ധം വളരെ പ്രധാനമാണെന്നും ചൈനയിലേക്കു തിരിക്കും മുൻപ് പുറത്തുവിട്ട വിഡിയോയിൽ പുട്ടിൻ പറഞ്ഞു. 2025 സെപ്റ്റംബറിലാണ് പുട്ടിൻ ഇതിനു മുൻപ് ചൈനയിലെത്തിയത്.

