ലണ്ടൻ/തിരുവല്ല: യുകെയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോൾ വർഗീസ് (41) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. രാത്രി ആശുപത്രി ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കവെ അജയിന് കടുത്ത തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.
ഒറ്റയ്ക്ക് മടങ്ങാതെ ഇരിക്കുവാൻ സഹപ്രവർത്തകർ ഭാര്യയെയും ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. കുറച്ചു സമയത്തിന് ശേഷം അജയിന് നേരിയ ആശ്വാസം തോന്നി. തുടര്‍ന്ന്, ഒന്‍പത് വയസ്സുകാരിയായ മകളെ സ്‌കൂളില്‍ വിട്ട ശേഷം വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകാമെന്ന് കരുതി ദമ്പതികള്‍ പുറത്തിറങ്ങിയെങ്കിലും, വീടിന്റെ മുറ്റത്തുവെച്ച് അജയ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
പത്ത് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അജയിനെ അതിവേഗം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. തീവ്രപരിചരണത്തിനിടെ പള്‍സ് തിരികെ ലഭിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും, തൊട്ടുപിന്നാലെ വീണ്ടും കടുത്ത ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022 ലാണ് അജയ് പോൾ വർഗീസ് യുകെയിൽ കുടുംബമായി എത്തുന്നത്. ഭാര്യ: ശ്യാമ അജയ് (നഴ്സ്, ക്യൂൻസ് മെഡിക്കൽ സെൻ്റർ, നോട്ടിങ്ങാം). ഏക മകൾ: അയാൻ എൽസ പോൾ (9 വയസ്സ്). തിരുവല്ല വളഞ്ഞവട്ടം പുത്തൻവിളയിൽ പി. റ്റി. തങ്കച്ചൻ – റാഹേൽ ദമ്പതികളുടെ ഏക മകനാണ്.
നിലവില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുകെയിലെ നിയമനടപടികള്‍ വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കുടുംബസുഹൃത്തുക്കളുടെയും സഭാ അധികൃതരുടെയും നോട്ടിങ്ഹാമിലെ മലയാളി കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
യുകെയിലെ മലയാളി ക്രിക്കറ്റ് കൂട്ടായ്മകളിലും സഭാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം. യുകെയിൽ ലെസ്‌റ്റർ സെൻ്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിലെ അംഗമായ അജയ് പോൾ വർഗീസ് മദ്ബഹാ ശുശ്രൂഷകനും സൺഡേ സ്കൂൾ അധ്യാപകനുമായിരുന്നു. വളഞ്ഞവട്ടം സെന്റ് ജോർജ് പള്ളിയിലെ അംഗമാണ്.

