വാഷിംഗ്ടൺ: ഇന്ത്യൻ സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്ന അതിനിർണായകമായ രണ്ട് വന്‍ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി യുഎസ് ഭരണകൂടം. സൈന്യത്തിൻ്റെ യുദ്ധശേഷിയും പ്രതിരോധ സജ്ജീകരണങ്ങളും കൂടുതൽ ശക്തമാക്കുന്നതിനായി 428 മില്യൺ ഡോളറിലധികം (ഏകദേശം 3,500 കോടിയിലധികം രൂപ) മൂല്യം വരുന്ന രണ്ട് വൻ പ്രതിരോധ കരാറുകൾക്കാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ സായുധ സേന നിലവിൽ ഉപയോഗിക്കുന്ന അത്യാധുനിക അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ, എം777 അൾട്രാ-ലൈറ്റ് ഹോവിറ്റ്സർ പീരങ്കികൾ എന്നിവയുടെ ദീർഘകാല അറ്റകുറ്റപ്പണികളും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതാണ് ഈ പുതിയ കരാറുകൾ.
എ.എച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ സാങ്കേതിക-ലോജിസ്റ്റിക്‌സ് സഹായങ്ങള്‍ ഇന്ത്യയ്‌ക്ക് ലഭിക്കും. യു.എസ് സര്‍ക്കാരിന്റെയും പ്രമുഖ ആഗോള കമ്പനികളായ ബോയിംഗ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവരുടെയും എന്‍ജിനീയറിങ് പിന്തുണയും ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പരിശീലനവും ഇതിന്റെ ഭാഗമായി ഉറപ്പാക്കും. ഇതിനായി മാത്രം 198.2 മില്യൺ ഡോളറിന്റെ (ഏകദേശം 1,600 കോടി രൂപ) കരാറാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചത്.
കരസേനയുടെ കരുത്തായ എം-777 എ2 (M777 A2) അൾട്രാ ലൈറ്റ് ഹോവിറ്റ്സർ പീരങ്കികളുടെ ദീർഘകാല പരിപാലനത്തിനായുള്ളതാണ് രണ്ടാമത്തെ പാക്കേജ്. ഇതിനായി 230 മില്യൺ ഡോളറാണ് (ഏകദേശം 1,900 കോടി രൂപ) വകയിരുത്തിയിരിക്കുന്നത്. ആഗോള പ്രതിരോധ നിര്‍മ്മാതാക്കളായ ബി.എ.ഇ സിസ്റ്റംസ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. പീരങ്കികളുടെ അനുബന്ധ ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, തകരാറുകള്‍ പരിഹരിക്കാനുള്ള സാങ്കേതിക സഹായം, ഫീല്‍ഡ് സര്‍വീസ് പ്രതിനിധികളുടെ സേവനം എന്നിവ ഇതിലുണ്ടാകും. ചൈനീസ് അതിർത്തിയായ ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും പ്രകൃതിദുർഘടമായ മലനിരകളിൽ ഇന്ത്യ വ്യാപകമായി വിന്യസിച്ചിരിക്കുന്ന പീരങ്കികളാണിവ.
ഉയർന്ന മലയോര മേഖലകളിലും തന്ത്രപ്രധാന അതിർത്തികളിലും വിന്യസിച്ചിരിക്കുന്ന ഈ രണ്ട് നിർണായക ആയുധ വ്യൂഹങ്ങളും എപ്പോഴും പൂർണ്ണ സജ്ജമായിരിക്കാൻ ഇത് സഹായിക്കും. ഇന്‍ഡോ-പസഫിക്, ദക്ഷിണേഷ്യന്‍ മേഖലകളില്‍ രാഷ്‌ട്രീയ സ്ഥിരതയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്‌ക്കുള്ള പങ്കിനെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രകീർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ പുതിയ കരാറുകള്‍ സഹായിക്കുമെന്നും, പ്രാദേശിക സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ ഇത് കൂടുതല്‍ പ്രാപ്തമാക്കുമെന്നും യു.എസ് വ്യക്തമാക്കി.
Picture Courtesy: www.boeing.com

