Thursday, May 21, 2026
Home » മോദിയെ അധിക്ഷേപിച്ച് നോർവേ പത്രം, ‘പാമ്പാട്ടി’യായി ചിത്രീകരിച്ചു കാർട്ടൂൺ.
മോദിയെ അധിക്ഷേപിച്ച് നോർവേ പത്രം, 'പാമ്പാട്ടി'യായി ചിത്രീകരിച്ചു കാർട്ടൂൺ.

മോദിയെ അധിക്ഷേപിച്ച് നോർവേ പത്രം, ‘പാമ്പാട്ടി’യായി ചിത്രീകരിച്ചു കാർട്ടൂൺ.

നോർവെ മാധ്യമ പ്രവർത്തകയുടെ സോഷ്യൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു

by Editor

ഓസ്ലോ: നോർവേയിലെ പ്രമുഖ ദിനപത്രമായ ‘ആഫ്റ്റൻപോസ്റ്റൻ‘ (Aftenposten) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പാമ്പാട്ടി’യായി ചിത്രീകരിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. അഞ്ച് വിദേശ രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നോർവേയിലെത്തിയ സമയത്താണ് ഈ സംഭവം പുറത്തുവന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ പഴയകാല വംശീയ അധിക്ഷേപങ്ങളെയും അന്ധവിശ്വാസങ്ങളെയും ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രീകരണമെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാമ്പിന്റെ ആകൃതിയിലുള്ള ഇന്ധന പൈപ്പ് കൈകളിൽ പിടിച്ചിരിക്കുന്ന രീതിയിലാണ് കാർട്ടൂൺ വരച്ചിരിക്കുന്നത്. “ബുദ്ധിമാനും എന്നാൽ ഒരൽപ്പം അലോസരപ്പെടുത്തുന്നതുമായ മനുഷ്യൻ” (A clever and slightly annoying man) എന്ന എന്ന തലക്കെട്ടിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്.

ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു ‘പാമ്പാട്ടികളുടെ നാടായി‘ മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്‍റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയെ ‘പാമ്പാട്ടികളുടെ നാട്’ എന്ന് വിദേശികൾ പണ്ട് പരിഹസിച്ചിരുന്ന അതേ വംശീയ മനോഭാവമാണ് (Colonial Stereotype) 21-ാം നൂറ്റാണ്ടിലും പത്രം ആവർത്തിച്ചതെന്ന് ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു. യൂറോപ്യൻ മാധ്യമങ്ങളുടെ ഇത്തരം കാർട്ടൂണുകൾ അങ്ങേയറ്റം അപകീർത്തികരവും വംശീയ വിദ്വേഷം നിറഞ്ഞതുമാണെന്ന് കാണിച്ച് എക്സ് (X), ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ ക്യാമ്പെയ്നുകൾ നടക്കുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യം എന്നാൽ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും ജനതയെയും അധിക്ഷേപിക്കാനുള്ള ലൈസൻസല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ‘ഇന്ത്യയുടെ ജിഡിപി വളർച്ചയോടും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളോടും മത്സരിക്കാൻ കഴിയാതെ വരുമ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ പുറത്തെടുക്കുന്ന അവസാനത്തെ ആയുധമാണ് ഇത്തരം വംശീയ അധിക്ഷേപങ്ങൾ‘ എന്ന് ഉപയോക്താക്കൾ വിമർശിച്ചു. മുൻപ് 2022-ൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഇതേ രീതിയിൽ പാമ്പാട്ടിയുടെ ചിത്രം ഉപയോഗിച്ച് പരിഹസിച്ചിരുന്നു.

നോർവേ സന്ദർശനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനിൽക്കുന്നതിനിടയിലാണ് ഈ കാർട്ടൂൺ കൂടി പുറത്തുവന്നത്. നോർവേ പ്രധാനമന്ത്രിക്കൊപ്പം നരേന്ദ്ര മോദി പങ്കെടുത്ത സംയുക്ത മാധ്യമ സമ്മേളനത്തിനിടയിലാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. മാധ്യമ സമ്മേളനം കഴിഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി വേദി വിട്ടുപോകുമ്പോൾ, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾക്ക് മറുപടി നൽകിക്കൂടാ? എന്ന് ഹെല്ലെ ലാംഗ് വിളിച്ചു ചോദിക്കുകയായിരുന്നു. പ്രധാനമന്ത്രി ഇത് കേട്ടിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി മാറി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എന്തുകൊണ്ട് മറുപടി നൽകുന്നില്ല എന്ന തരത്തിലുള്ള ഈ ചോദ്യം പിന്നീട് വലിയ വാർത്താപ്രാധാന്യം നേടി. ഹെല്ലെ ലിംഗ് ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെ ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി. ഇന്ത്യയിൽ നിന്നും കടുത്ത സൈബർ ആക്രമണം നേരിട്ടതിനെത്തുടർന്ന് താൻ ഒരു വിദേശ ചാരയല്ലെന്നും, കേവലം ഒരു ജേണലിസ്റ്റ് മാത്രമാണെന്നും അവർക്ക് പിന്നീട് വ്യക്തമാക്കേണ്ടി വന്നു.

തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തിലും ഹെല്ലെ ലിംഗ് ഇതേ ചോദ്യങ്ങൾ ആവർത്തിച്ചതോടെ ഇന്ത്യൻ നയതന്ത്രജ്ഞൻ സിബി ജോർജ്ജ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. ‘ചില അറിവില്ലാത്ത എൻജിഒകൾ എഴുതിവിടുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ മാത്രം വായിച്ച് വന്ന് ഇന്ത്യയെ വിലയിരുത്തരുത്. ഇന്ത്യയുടെ വ്യാപ്തിയും സങ്കീർണ്ണതയും നിങ്ങൾക്ക് അറിയില്ല. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുനൂറിലധികം വാർത്താ ചാനലുകൾ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യക്ക് വ്യക്തമായ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും പൗരന്മാർക്ക് നിയമപരമായ പരിഹാര മാർഗ്ഗങ്ങളുമുണ്ട്. കോവിഡ് കാലത്ത് ലോകത്തെ മുഴുവൻ സഹായിച്ച വിശ്വസ്ത പങ്കാളിയാണ് ഇന്ത്യ,’ സിബി ജോർജ്ജ് തുറന്നടിച്ചു. ഇതൊരു സംയുക്ത വാർത്താപ്രസ്താവന (Joint Press Statement) മാത്രമായിരുന്നുവെന്നും ചോദ്യോത്തരങ്ങൾക്കുള്ള പത്രസമ്മേളനമല്ലായിരുന്നുവെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

അതേസമയം സൈബർ ആക്രമണത്തിന് പിന്നാലെ നോർവെ മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പ്രതിഷേധങ്ങളും നേരിടുന്നതിനിടയിലാണ് തനിക്ക് മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ വിലക്ക് നേരിട്ടതായി ഹെല്ലെ അവകാശപ്പെട്ടത്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകേണ്ടി വന്ന ഒരു ചെറിയ വില മാത്രമാണ് ഇതെന്ന് അവർ തന്റെ എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചത്. ഒരു ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കാതിരുന്നതിന് ശേഷമാണ് അക്കൗണ്ട് പൂർണ്ണമായും സസ്പെൻഡ് ചെയ്യപ്പെട്ടതെന്നും, തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണെന്നും ഹെല്ലെ ലാംഗ് കുറിച്ചിരിക്കുന്നത്. മെറ്റാ കമ്പനിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ ഫേസ്ബുക്ക് അക്കൗണ്ടും നഷ്ടപ്പെട്ടതായി അവർ വ്യക്തമാക്കി.

മൂന്നാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടി ഒസ്ലോയില്‍ പൂര്‍ത്തിയായി; ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ല എന്ന് നരേന്ദ്ര മോദി.

Send your news and Advertisements

You may also like

error: Content is protected !!