Wednesday, May 20, 2026
Home » കോടതി ഉത്തരവിന് പിന്നാലെ ഭോജ്‌ശാലയിലെ ഗര്‍ഭഗൃഹത്തില്‍ 700 വര്‍ഷങ്ങള്‍ക്ക് ശേഷം കെടാവിളക്ക് തെളിഞ്ഞു.
കോടതി ഉത്തരവിന് പിന്നാലെ ഭോജ്‌ശാലയിലെ ഗര്‍ഭഗൃഹത്തില്‍ 700 വര്‍ഷങ്ങള്‍ക്ക് ശേഷം കെടാവിളക്ക് തെളിഞ്ഞു.

കോടതി ഉത്തരവിന് പിന്നാലെ ഭോജ്‌ശാലയിലെ ഗര്‍ഭഗൃഹത്തില്‍ 700 വര്‍ഷങ്ങള്‍ക്ക് ശേഷം കെടാവിളക്ക് തെളിഞ്ഞു.

by Editor

ഭോപ്പാൽ: ദശാബ്ദങ്ങളായി തർക്കം നിലനിന്നിരുന്ന മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്‌ശാല സമുച്ചയം അടിസ്ഥാനപരമായി സരസ്വതി ക്ഷേത്രമാണെന്ന ഹൈക്കോടതിയുടെ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെ, പ്രദേശത്ത് വിപുലമായ പൂജാ ചടങ്ങുകൾ നടന്നു. കോടതി ഉത്തരവ് പുറത്തുവന്നതോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ഹൈന്ദവ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയുമായിരുന്നു. ഇതിൻ്റെ ഭാഗമായി ഏതാണ്ട് ഏഴ് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഭോജ്‌ശാലയുടെ പ്രധാന ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ (കെടാവിളക്ക്) വീണ്ടും തെളിയിക്കപ്പെട്ടത്.

ഭോജ്‌ശാല സമുച്ചയം പർമർ രാജവംശത്തിലെ രാജ ഭോജുമായി ബന്ധപ്പെട്ട സംസ്‌കൃത പഠനകേന്ദ്രവും സരസ്വതി ക്ഷേത്രവുമായിരുന്നു എന്ന ചരിത്ര രേഖകൾ മുൻനിർത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. എഡി 1034-ല്‍ ഭോജ-പര്‍മര രാജവംശത്തിലെ രാജാ ഭോജനാണ് ഈ സരസ്വതി ക്ഷേത്രവും പ്രശസ്തമായ സംസ്‌കൃത പഠനകേന്ദ്രവും നിര്‍മിച്ചത്. എഡി 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം നടത്തിയ അധിനിവേശത്തിൽ ഈ ക്ഷേത്രം തകർക്കപ്പെടുകയും, തുടർന്ന് ഇതിൻ്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് അവിടെ കമാൽ മൗല മസ്‌ജിദ് നിർമിക്കുകയുമായിരുന്നു. തർക്കങ്ങൾ നിലനിന്നിരുന്ന ഈ സമുച്ചയത്തിൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) ശാസ്ത്രീയ സർവേ റിപ്പോർട്ടുകളുടെയും ചരിത്രപരമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ കോടതി ഉത്തരവുകൾ പുറത്തുവന്നത്.

ദീർഘകാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഈ സമുച്ചയം യഥാർത്ഥത്തിൽ വാഗ്‌ദേവി ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി സ്ഥിരീകരിച്ചത്. 2003-ന് ശേഷം ആദ്യമായാണ് പൂര്‍ണ്ണമായ ആചാരവിധികളോടെ സരസ്വതി ദേവിയുടെ വിഗ്രഹം ഇവിടെ പ്രതിഷ്ഠിക്കുന്നത്. വേദമന്ത്രോച്ചാരണങ്ങളുടെയും പരമ്പരാഗത വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഈ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ആരാധന ആരംഭിക്കുന്നതിന് മുന്നോടിയായി സമുച്ചയത്തിലുടനീളം ഗംഗാജലം തളിച്ച് ശുദ്ധീകരണ പ്രക്രിയകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് പൂജകള്‍ തടസ്സമില്ലാതെ നടക്കാനായി ബ്രാഹ്‌മണരുടെ നേതൃത്വത്തില്‍ പ്രത്യേക നവഗ്രഹ പൂജയും സംഘടിപ്പിച്ചു.

ഭോജ്‌ശാലയെ അയോധ്യയുടെ മാതൃകയില്‍ രാജ്യത്തെ വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്നും മുന്‍പ് ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്ക് കടത്തിയ യഥാര്‍ത്ഥ ‘വാഗ്‌ദേവി’ വിഗ്രഹം നിയമപരമായ നടപടികളിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിച്ച് ഇവിടെ പുനഃപ്രതിഷ്ഠിക്കും എന്ന് കേന്ദ്ര സഹമന്ത്രി സാവിത്രി ഠാക്കൂര്‍ പറഞ്ഞു. ഈ നീക്കങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും പുരാവസ്തു വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ വരും ദിവസങ്ങളില്‍ പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.

Send your news and Advertisements

You may also like

error: Content is protected !!