Friday, April 17, 2026
Home » അറം പറ്റിപ്പോകുന്ന എഴുത്തുകൾ
അറം പറ്റിപ്പോകുന്ന എഴുത്തുകൾ

അറം പറ്റിപ്പോകുന്ന എഴുത്തുകൾ

ഓർമ്മ കുറിപ്പ്

by Editor
Send your news and Advertisements

യുക്തിക്കതീതമാണ് ഞാൻ മേൽക്കൊടുത്ത ക്യാപ്ഷൻ എന്നറിഞ്ഞുകൊണ്ട്‌ തന്നെയാണ് ഈ കുറിപ്പ് എഴുതുന്നതു. 1979 മുതൽ എഴുത്തു തുടങ്ങിയതാണ്. മലയാളത്തിലെ മുഖ്യധാര പത്രങ്ങളിൽ അന്താരാഷ്ട്ര, രാഷ്ട്രീയ ലേഖനങ്ങൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. അതോടൊപ്പം ആഴ്ചപ്പതിപ്പുകളിൽ കഥകൾ, കവിതകൾ എന്നിവ കൂടി വന്നുകൊണ്ടിരുന്നു. ആയിടെ 1981-ലാണെന്ന് തോന്നുന്നു ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ “ഞാൻമാത്രം ഉറങ്ങിയില്ല” എന്നൊരു ഫുൾ പേജ് കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. അതോടെ ഞാൻ വേദനയുടെ കയത്തിലേക്കു വലിച്ചെറിയപ്പെട്ട അടിയന്തര ഓപ്പറേഷൻ വേണ്ടിവന്ന ചികിത്സക്ക് വിധേയമാകേണ്ടിവന്നു.

“എല്ലാവരും ഉറങ്ങുകയായിരുന്നു… പക്ഷെ എനിക്കുമാത്രം ഉറങ്ങാൻ കഴിഞ്ഞില്ല… യെന്നു തുടങ്ങുന്ന വരികൾ.…ചേതനയറ്റ ശരീരത്തിന്റെ തലക്കൽ ഒരു നാളികേര മുറിയിലെ കരിന്തിരി ഉറഞ്ഞുലയുന്നു…” എന്നൊക്കെ എഴുതിക്കൊണ്ടായിരുന്നു അത് അവസാനിക്കുന്നത്. ആ കവിതയിലെ ഓരോ വരികളും വേദനകളുടെ മഹാപർവങ്ങളായിരുന്നു എനിക്കു വെച്ചുനീട്ടിയത്.

പിന്നീട് ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെ വെളിച്ചം കണ്ട ‘കടലും ആകാശവും‘ എന്ന കഥയും യിതേപോലെ തിരിച്ചറിയാനാവാത്ത ഒരു രോഗത്തോട് മല്ലിടുന്ന മരണാസന്നനെക്കുറിച്ചുള്ളതായിരുന്നു. ആയിടെ രോഗബാധിതനായി ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കടലും ആകാശവും കഥയിലെ രോഗബാധിതൻ അനുഭവിക്കുന്ന ബോധാതീത അനുഭവങ്ങളിലൂടെ തന്നെയാണ് ഞാനും കടന്നുപോയത്.

ചെറിയ പ്രായത്തിൽ ഒരു വെള്ളക്കെട്ടിൽ നീന്തിക്കളിക്കുന്ന തവളക്കൂട്ടങ്ങളുടെ നേർക്കു കല്ലെടുത്തെറിയുന്ന വികൃതിയായ കുട്ടിയുടെ കഥപറയുന്ന ‘അനന്തതയിൽ നിന്ന് ആരോ…’ എന്ന കഥ അറം പറ്റിച്ചുകളഞ്ഞ ഒരു സംഭവത്തിന്റെ നേർ ചിത്രമാണെന്ന് പറയാം. ഇടതു കണ്ണിൽ എറുകൊണ്ട തവളയുടെ വേദന സ്വന്തം വേദനയായി വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന ആ ബാലൻ പിന്നീട് അവന്റെ 25-ആം വയസ്സിൽ അതേയിടതു കണ്ണിൽ രൂപപ്പെട്ട ടെറീജിയം എന്ന രോഗം പിടിപെട്ട് ഇന്ത്യയിലെ തന്നെ രണ്ടു പ്രമുഖ ആസ്പത്രികളിൽ ചികിത്സക്ക് വിധേയനായി. മധുരയിലെ അരവിന്ദ് ആസ്പത്രിയിലെ ചികിത്സാ പരാജയം ഹൈദരാബാദിലെ എൽ വി പ്രസാദ് ഐ ഇന്സ്ടിട്ടുറ്റിലെത്തിനിന്നു.

തവളയും ഞാനും മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ കഥ എന്റെ മാസ്റ്റർ പീസ് കഥകളിൽ ഒന്നായി ഞാൻ കരുതുന്നു. പിൽക്കാലത്തു വീക്ഷണം വാരാന്തപ്പതിപ്പിൽ വന്ന ‘ഐസ്യുവിൽ നിന്ന് ഹൃദയം ശരീരത്തോട്‌ പറയുന്നു…’ എന്ന കവിത എഴുതിവെച്ച ശേഷമാണ് മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാവേണ്ടി വന്നത്.

പിന്നീടെഴുതുന്ന ഓരോ കവിതയും എന്നെ haunt ചെയ്തുകൊണ്ടേയിരുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും മരണത്തിന്റെ വരും വരായ്കകളെക്കുറിച്ചും പ്രതിപാദിക്കുന്ന.. ‘ഇനി എത്ര സന്ധ്യകൾ…?’, ‘നിസ്സഹായന്റെ നിശാഗാഥ…’, ‘മൃത്യു… ‘, ‘കലണ്ടർ…’ എന്നി കവിതകൾക്ക് ശേഷം സമകാലിക മലയാളത്തിൽ വന്ന ‘ആർ സീ സീ‘ എന്ന് മനസ്സിൽ പേര് കണ്ടതും കാൻസർ വാർഡ്‌ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ പ്രസ്തുത കവിത എഴുതുന്നത് 2017-ലാണ്… എന്തോ ‘ആർ സീ സീ’ എന്ന തലക്കെട്ടിൽ ആ കവിത പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കുവാൻ മനസ്സ് സമ്മതിച്ചില്ല. കാൻസർ വാർഡിന്റെ ഇടനാഴികളിലൂടെ നടന്നുപോകുന്ന ഒരു കൂട്ടിരിപ്പുകാരൻ കാണുന്ന വേദനാജനകവും, ഭയാനകവുമായ കാഴ്ചകൾ ചുരുങ്ങിയ വരികളിലൂടെ വരച്ച ആ കവിത പിന്നീട് എന്നെ വലച്ചുകളയുകതന്നെ ചെയ്തു.

.“…വഴികൾ മുട്ടിയ ജീവിതങ്ങളിൽ
ചുഴികൾ ആഴങ്ങൾ തീർക്കവേ…
നിയതിയേകുന്ന കൈപ്പു നീരുകൾ….
പാന പാത്രം നിറയ്ക്കവേ….
നിനവുകൾക്കുമേൽ കണ്ണു നീരുകൾ….
കദന ഗാഥകൾ തുടരവേ…
……………………….
ബോധമണ്ഡലത്തിങ്കൽ വിങ്ങുന്നു…
അഗ്നിയാളുന്ന സന്ധ്യകൾ….!!
അഗ്നിയാളുന്ന സന്ധ്യകൾ…!!!

കവിത വന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാലിൽ ഒരു ചെറിയ വീക്കത്തോടെ ആയിരുന്നു അതിന്റെ തുടക്കം. പിന്നീട് 2021 നവംബറിൽ അത് വലുതായി വലുതായി ഒരു നോനി പഴത്തിന്റെ രൂപമാർജിച്ചു. ആസ്പത്രികളിൽ നിന്നു ആസ്പത്രികളിലേക്ക്, ദിവസങ്ങൾ നീണ്ട പരിശോധനകൾ, ലാബുകളുടെ വരാന്തകളിൽ നീണ്ട കുത്തി ഇരിപ്പുകൾ, ഒടുവിൽ മുഴകളെ സംബന്ധിച്ച കണ്ണൂരിലെ ഏറ്റവും വിദഗ്ധനായ ഡോക്ടർ വേണുഗോപാൽ ഒറ്റ പിടുത്തത്തിൽ അത് സ്ഥിരീകരിച്ചു. ഉടനടി ആർ സീ സീ യിലേക്ക് പോവുക.. എന്ന വാക് കേട്ട മാത്രയിൽ ഞാനൊന്ന് ഞെട്ടി.

ആയിടെ ഒടുവിൽ എഴുതിയ കവിതയ്ക്ക് ആദ്യം തലവാചകമായി ഞാൻ മനസ്സിൽ കണ്ട അതേ വാക്ക്… ആർ സീ സീ…. രോഗം അതാണെന്നറിഞ്ഞിട്ടും, ഹിമാലയത്തിലെ മഹാ ഗുരുക്കന്മാർ പകർന്നുതന്ന നിർഭയത്വം എന്നിൽ നിറച്ച പോരാട്ടവീര്യം ഒട്ടും ചെറുതായിരുന്നില്ല. ഒപ്പം ധീരയായ ഭാര്യ. എന്തിനും തെയ്യാറായി എനിക്കൊപ്പം നിന്ന ജ്യേഷ്ഠപുത്രൻ. കാറ്റും കോളും. വേദനകളും നേരിട്ട ആ ദുർദിനങ്ങളിൽ എനിക്ക് താങ്ങായി നിഴലായി നിന്ന രണ്ടുപേർ. ഒപ്പം എനിക്കുവേണ്ടി പ്രാർത്ഥിച്ചവർ. പിന്നീട് കോഴിക്കോട് എം വി ആർ കാൻസർ ഇന്സ്റ്റിട്യൂട്ടിൽ വെച്ച് സർജറി, 30 റേഡിയേഷൻ, ആറ് കീമോ… ആകെ 62 ദിവസത്തെ ആതുരാലയവാസം കഴിഞ്ഞു കരുവാളിച്ച മുഖവുമായി, മുണ്ഡനരൂപിയായി മഴ നഞ്ഞ കോഴിയെപ്പോലെ വീട്ടിൽ തിരിച്ച് എത്തുമ്പോഴും ചോർന്നു പോകാത്ത ആത്മധൈര്യം ആയിരുന്നു എന്റെ പിൻബലം.

ഞാനിപ്പോഴും മുന്നോട്ടുതുഴയുകയാണ്. മരിച്ചുപോയവരോടൊപ്പം അനന്തതയിലേക്ക് നടന്നുപോകുന്നതും. ആകാശത്തിൽ ചിത കത്തുന്നതുമായ സ്വപ്‌നങ്ങൾ കണ്ടുറങ്ങിയ കങ്കാള രാത്രികൾ. ഞാനെന്റെ ഊക്കും ഉയിരും വെച്ച് ഈ ജീവിതത്തോണി ഇപ്പോഴും തുഴഞ്ഞു കൊണ്ടേയിരിക്കുന്നു. നിരന്തര യാത്രകളിലൂടെ, വായനകളിലൂടെ, എഴുത്തിലൂടെ, ജീവിതത്തെ ഉത്സവമാക്കുന്നു.

എം വി ആർ ഇന്സ്ടിട്യൂട്ടിലെ ആസ്പത്രിക്കിടക്കയിൽ നിന്നെഴുകിയ ‘കുതിര‘ കലാകൗമുദിയിലൂടെയാണ് പുറത്തുവന്നത്.
“കൊമ്പ് തന്നില്ലയെങ്കിലും… സൃഷ്ടിക്ക് മുൻ
പേ പായും കുതിര ഞാൻ ; അറിയുക…..!! “
എഴുതുന്നതൊക്കെയും അറം പറ്റും…

വർഷങ്ങൾക്കുമുൻപ് ജാതകം പരിശ്ശോധിച്ച ജ്യോൽസ്യർ ശ്രീ നാരായണനമ്മശ്ശിയുടെ വാക്കുകൾ ഇത്തരുണത്തിൽ ഓർത്തുപോകുന്നതും യുക്തിക്കു അതീതമായിപ്പോകുമോ എന്ന് ഞാൻ ശങ്കിക്കുന്നു.

പ്രകാശ് ചിറക്കൽ, കണ്ണൂർ
mbprakashchirakkal@gmail.com

രഹസ്യം

You may also like

error: Content is protected !!