Home » ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; പാക് പ്രധാനമന്ത്രി സൗദിയിലേയ്ക്ക്

ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; പാക് പ്രധാനമന്ത്രി സൗദിയിലേയ്ക്ക്

by Editor
Send your news and Advertisements

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ സൈനിക ഇടപെടൽ ഇറാനെ വലിയ തോതിൽ തകർത്തതായും ഇറാൻ ഒരു ഉടമ്പടി ആഗ്രഹിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനും യു.എസും തമ്മിൽ രണ്ടാം ഘട്ട ചർച്ചയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്‌താവന.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. യുദ്ധം അവസാനിക്കുന്നതിൻ്റെ അടുത്തെത്തി. ആ രാജ്യം പുനർ നിർമിക്കാൻ അവർക്ക് 20 വർഷമെടുക്കും. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിനെ തുടർന്ന് ആക്രമണങ്ങൾ ലഘൂകരിക്കപ്പെട്ടതിനിടയിലാണ് ട്രംപിന്റെ പ്രതികരണം.

ഇറാന്റെ ആണവ ശേഷികൾ നിർവീര്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ട്രംപ് രണ്ട് പ്രധാന നിബന്ധനകൾ കൂടി മുന്നോട്ടുവെച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കുക, ചർച്ചകളിൽ തീരുമാനമെടുക്കാൻ ഇറാൻ സൈനിക വിഭാഗത്തിൻ്റെ പൂർണ സമ്മതം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ഇറാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും തമ്മിലുള്ള ഭിന്നത ചർച്ചകളെ ബാധിക്കരുതെന്നും യു.എസിന് നിർബന്ധമുണ്ട്. ചർച്ചകളിൽ എടുക്കുന്ന തീരുമാനങ്ങൾ അന്തിമമാക്കാൻ ഐആർജിസിയുടെ പൂർണ പിന്തുണയുള്ള പ്രതിനിധികൾ തന്നെ എത്തണം. കഴിഞ്ഞ ചർച്ചകളിൽ പങ്കെടുത്ത റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥരായ അഹമ്മദ് വാഹിദിയും അലി അബ്ദുള്ളാഹിയും രാഷ്ട്രീയ പ്രതിനിധികളെ മറുപടി നൽകാൻ അനുവദിച്ചില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആഭ്യന്തര തർക്കങ്ങൾ കരാറിന് തടസമാകുമെന്ന ആശങ്കയിലാണ് അമേരിക്ക.

ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരടങ്ങുന്ന രാഷ്ട്രീയ വിഭാഗം സാമ്പത്തിക തകർച്ച ഒഴിവാക്കാൻ നയതന്ത്ര പരിഹാരം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സൈനിക വിഭാഗത്തിന്റെ കടുത്ത നിലപാടുകളാണ് ഇതിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. രാജ്യത്തെ രക്ഷിക്കാൻ വിട്ടുവീഴ്ച‌കൾക്ക് തയ്യാറാകണമെന്ന് പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിനോട് പെസഷ്കിയാൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ഇതിനിടെ ഇറാൻ യു.എസ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നിലവിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്ക് നാല് ദിവസത്തെ സന്ദർശനം (ഏപ്രിൽ 15-18) നടത്തുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിന്റെ ഭാഗമായി നയതന്ത്രപരമായ നീക്കങ്ങളാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നിവടങ്ങളിൽ ഷെഹബാസ് സന്ദർശനം നടത്തും. ട്രംപിന്റെ പിന്തുണയോടെയാണ് പാക് പ്രധാനമന്ത്രി രഹസ്യ നയതന്ത്ര നീക്കങ്ങളും സന്ദർശനങ്ങളും നടത്തുന്നതെന്നാണ് സൂചന. രണ്ടാം ഘട്ട ചർച്ച ഇസ്ലമാബാദിൽ തന്നെ നടക്കുമെന്ന് ട്രംപ് സൂചന നൽകുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഇറാൻ്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ വന്നിട്ടില്ല.

അതേസമയം ഹോർമുസ് കടലിടുക്കിലെ അവസ്ഥ അതീവ സങ്കീർണ്ണവും സംഘർഷഭരിതവുമാണ്. അമേരിക്കൻ നാവികസേന ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ ഏർപ്പെടുത്തിയ നാവിക ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മേഖലയിലെ ചരക്ക് നീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടിലാണ്. ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള കപ്പൽ ഗതാഗതം തടയുന്നതിനായി 15-ഓളം യുദ്ധക്കപ്പലുകളെ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഉപരോധം ലംഘിക്കാൻ ശ്രമിച്ച ആറ് ചരക്ക് കപ്പലുകളെ യുഎസ് സേന തിരിച്ചയച്ചു. സാധാരണയായി പ്രതിദിനം നൂറോളം കപ്പലുകൾ കടന്നുപോകാറുള്ള ഈ പാതയിലൂടെ ഇന്ന് വളരെ കുറച്ച് കപ്പലുകൾ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. ഉപരോധത്തെത്തുടർന്ന് പല കപ്പലുകളും കടലിൽ പാതിവഴിയിൽ യാത്ര നിർത്തിവെക്കുകയോ ദിശ മാറ്റുകയോ ചെയ്തു

മോദിയും ട്രംപും ഫോണിൽ സംസാരിച്ചു; 40 മിനിറ്റോളം നീണ്ട ചര്‍ച്ച, പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു.

You may also like

error: Content is protected !!