Saturday, May 30, 2026
Home » മോദിയും ട്രംപും ഫോണിൽ സംസാരിച്ചു; 40 മിനിറ്റോളം നീണ്ട ചര്‍ച്ച, പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു.
നരേന്ദ്ര മോദി ട്രംപ്

മോദിയും ട്രംപും ഫോണിൽ സംസാരിച്ചു; 40 മിനിറ്റോളം നീണ്ട ചര്‍ച്ച, പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു.

by Editor

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കും സമാധാന നീക്കങ്ങള്‍ക്കും മധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെലിഫോണില്‍ ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും പങ്കുവെച്ചു. യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ആഗോള വ്യാപാരത്തിൻ്റെ നട്ടെല്ലായ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനെക്കുറിച്ചും അതിൻ്റെ സുരക്ഷാ പ്രാധാന്യത്തെക്കുറിച്ചും മോദിയും ട്രംപും സംസാരിച്ചു.

ഫോൺ സംഭാഷണത്തെക്കുറിച്ച് നരേന്ദ്ര മോദി എക്‌സിൽ കുറിപ്പും പങ്കുവച്ചു. “സുഹൃത്ത് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലുണ്ടായ പുരോഗതി വിലയിരുത്തി. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്‌തു. ഹോർമുസ് കടലിടുക്ക് തടസമില്ലാതെ തുറന്നിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു” -മോദി എക്സിൽ കുറിച്ചു.

വിവിധ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം അവലോകനം ചെയ്ത നേതാക്കള്‍, തന്ത്രപരമായ പങ്കാളിത്തം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് ഉറപ്പുനല്‍കി. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തിനിടെ, ‘ഇന്ത്യയിലെ ജനങ്ങൾ താങ്കളെ സ്നേഹിക്കുന്നു’ എന്ന് പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോർ വെളിപ്പെടുത്തി. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇരു നേതാക്കളും ഫോണിൽ സംസാരിക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ട്രംപ് മോദിയെ വിശദമായി ധരിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ആഗോള ക്രമസമാധാനത്തിലും വ്യാപാര മേഖലയിലും ഇന്ത്യയുടെ നിലപാടിന് യുഎസ് നൽകുന്ന പ്രാധാന്യമാണ് ഈ ചർച്ചയിലൂടെ വ്യക്തമാകുന്നത്.

ഇറാൻ – യുഎസ് ചർച്ച വീണ്ടും? സമ്പുഷ്ടീകരിച്ച യുറേനിയം ഏറ്റെടുക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!