ന്യൂഡൽഹി: വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതിനായി ലോക്‌സഭയുടെ ഘടനയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കായി ഏപ്രില്‍ 16 മുതല്‍ 18 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിലവിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്താനാണ് ശുപാര്‍ശ. ഇതിലൂടെ സഭയുടെ മൂന്നിലൊന്ന് ഭാഗം അഥവാ 273 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെക്കപ്പെടും.
ആകെ 850 സീറ്റുകളിൽ 815 എണ്ണം സംസ്ഥാനങ്ങൾക്കും 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വീതം വെക്കും. പട്ടികജാതി സീറ്റുകൾ 84-ൽ നിന്ന് 126/136 ആയും, പട്ടികവർഗ്ഗ സീറ്റുകൾ 47-ൽ നിന്ന് 70 ആയും വർദ്ധിക്കും. പുതിയ പരിഷ്‌കാരങ്ങൾ 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെൻസസ് പൂർത്തിയാകുന്നത് വരെ കാത്തുനിൽക്കാതെ 2011-ലെ കണക്കുകൾ അടിസ്ഥാനമാക്കി 2029-ൽ തന്നെ സംവരണം നടപ്പിലാക്കാൻ ഇത് സഹായിക്കും. നിലവിലുള്ള പുരുഷ അംഗങ്ങളുടെ സീറ്റുകൾ കുറയ്ക്കാതെ തന്നെ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം നൽകാൻ 850 സീറ്റുകൾ എന്ന വിപുലീകരണം ആവശ്യമാണ്. കൂടാതെ, ‘ഡിലിമിറ്റേഷൻ ബിൽ 2026’ വഴി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക പരിഹരിക്കാനും ഈ നീക്കം ഉപകരിക്കും.
ഭരണഘടന ഭേദഗതി ബില്ല് എംപിമാർക്ക് കൈമാറി കേന്ദ്ര സർക്കാർ.
ലോക്സഭ സീറ്റുകളുടെ 850 വരെയായി ഉയർത്താൻ നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് എംപിമാർക്ക് കൈമാറി കേന്ദ്ര സർക്കാർ. പാർലമെൻറ് സമ്മേളനം ചേരാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ബില്ലുകൾ എംപിമാർക്ക് സർക്കാർ വിതരണം ചെയ്തത്. വനിതകൾക്കുള്ള മൂന്നിലൊന്ന് സീറ്റുകൾ മാറിമാറി നിശ്ചയിക്കുമെന്നു ബില്ല് ചൂണ്ടിക്കാട്ടുന്നു.
പാർലമെൻറ് സീറ്റുകൾക്ക് അനുസരിച്ച് നിയമസഭ സീറ്റുകളുടെ എണ്ണവും സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ പുനർനിശ്ചയിക്കും. സുപ്രീം കോടതി ജഡ്ജിയാകണം കമ്മീഷന് നേതൃത്വം നൽകേണ്ടത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോ അല്ലെങ്കിൽ കമ്മീഷണർമാരിൽ ഒരാളോ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷൻറെ ഭാഗമാകും.
ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനാണ് പ്രധാന നിർദ്ദേശം. ഇതിൽ സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് 35 സീറ്റുകളും ഉണ്ടാകും. മണ്ഡല പുനർനിർണ്ണയം 2026ലെ സെൻസസിന് ശേഷം മതിയെന്ന വ്യവസ്ഥ എടുത്തു കളഞ്ഞു. 2011 സെൻസസ് പ്രകാരമാകും 850 ലോക്സഭ സീറ്റുകൾ നിശ്ചയിക്കുക. ഈ 850 ൽ മൂന്നിലൊന്ന് അതായത് 283 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും വനിതകൾക്കുള്ള സീറ്റുകൾ മാറ്റി നിശ്ചയിക്കും. വനിതകൾക്ക് സംവരണം ചെയ്യുന്ന സീറ്റുകളിൽ പട്ടിക ജാതി പട്ടിക വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കും. എന്നാൽ ഒബിസി ഉപ സംവരണത്തിന് നിർദ്ദേശമില്ല.
പാർലമെൻറ് മണ്ഡലത്തിനകത്ത് നില്ക്കുന്ന തരത്തിൽ നിയമസഭ സീറ്റുകളും പുനർനിശ്ചയിക്കണമെന്ന് ബില്ല് നിർദ്ദേശിക്കുന്നു. 2029-ൽ സംവരണം നടപ്പാകും എന്നാണ് സർക്കാർ നിലപാടെങ്കിലും ബില്ലിൽ ഇക്കാര്യം പറയുന്നില്ല.
അംബേദ്‌കര്‍ ജയന്തിയില്‍ ‘നാരിശക്തി’ക്കായി പ്രധാനമന്ത്രിയുടെ ആഹ്വാനം

