യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഇറാനുമായി നേരിട്ട് ഒരു കൂടിക്കാഴ്ച കൂടി നടത്തുന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി വിവരം. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21-ന് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചർച്ച വ്യാഴാഴ്ച നടന്നേക്കുമെന്ന് സൂചനയുണ്ടെങ്കിലും സമയവും സ്ഥലവും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല.
ഇസ്‌ലാമാബാദ് അല്ലെങ്കിൽ ജനീവ എന്നിവയാണ് പരിഗണനയിലുള്ള പ്രധാന വേദികൾ. ചർച്ചകൾക്ക് ആതിഥ്യമരുളാൻ പാക്കിസ്ഥാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇറാൻ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ അമേരിക്കയുടെ നിലപാടുകളോട് കുറച്ചുകൂടി അടുത്തുവെന്നും എന്നാൽ പൂർണ്ണമായൊരു കരാറിലെത്താൻ ആവശ്യമായ വിട്ടുവീഴ്ചകൾ അവർ ചെയ്തിട്ടില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വാൻസ് വ്യക്തമാക്കിയിരുന്നു. ഇനിയുള്ള നീക്കം ഇറാന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് ആഴ്ച നീണ്ട യുദ്ധത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്. ഇറാൻ – യുഎസ് സമാധാന ചർച്ചകളിലെ ഏറ്റവും നിർണ്ണായകമായ വിഷയം ഇറാന്റെ ആണവ പദ്ധതികൾ തന്നെയാണ്. ഇറാൻ തങ്ങളുടെ ആണവായുധ മോഹങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും അതിനായി ഉറച്ച വാഗ്ദാനം നൽകണമെന്നുമാണ് യുഎസിന്റെ ആവശ്യം. എന്നാൽ തങ്ങളുടെ ആണവ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഇറാൻ. ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് പൂർണ്ണമായും നിർത്തണമെന്നും കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്നും യുഎസ് ആവശ്യപ്പെടുന്നു.
ചർച്ചകളുടെ ഭാഗമായി ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം ഏറ്റെടുക്കാൻ റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇറാൻ സ്വന്തം മണ്ണിൽ യുറേനിയം സൂക്ഷിക്കുന്നത് ആണവായുധം നിർമ്മിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുഎസ് ഭയപ്പെടുന്നു. ഈ ശേഖരം മറ്റൊരു രാജ്യത്തേക്ക് (റഷ്യ) മാറ്റുന്നതിലൂടെ ആ ആശങ്ക പരിഹരിക്കാൻ കഴിയും. ചർച്ചകൾ പാതിവഴിയിൽ തടസ്സപ്പെടാതിരിക്കാൻ ഒരു ‘മൂന്നാം കക്ഷി’ എന്ന നിലയിലാണ് റഷ്യ ഈ ദൗത്യം ഏറ്റെടുക്കുന്നത്.
ആണവ വിഷയത്തിലും ഹോർമൂസിലും വഴങ്ങാൻ ഇറാനു മേൽ അമേരിക്ക സമ്മർദം തുടരുകയാണ്. സമാധാന നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേന ഉപരോധം തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മൂലം ഇറാന് പ്രതിദിനം 435 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,081 കോടി രൂപ) സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ നടപടി ഇറാനിലെ ഇന്ധന, ഭക്ഷ്യവസ്തുക്കളുടെ നീക്കത്തെ ബാധിക്കുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപ് വഴിയാണ് നടക്കുന്നത്. നിലവിലെ ഉപരോധം ഈ പാതയെ പൂർണമായും തടസപ്പെടുത്തിയേക്കാം. ഇത് ഇറാനിൽ കടുത്ത വിലക്കയറ്റത്തിന് കാരണമാകും. അമേരിക്കൻ സൈന്യം തുറമുഖങ്ങൾ വളഞ്ഞതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്.

