Saturday, May 30, 2026
Home » കണിക്കൊന്നപ്പൂക്കൾ
കണിക്കൊന്നപ്പൂക്കൾ

കണിക്കൊന്നപ്പൂക്കൾ

by Editor

ആഫ്രിക്കയുടെ ചുവന്ന മണ്ണിൽ,
ഫ്രാൻസിസ്‌ ടൗണിന്റെ ശാന്തമായ പ്രഭാതത്തിൽ,
ഞാൻ നിന്നു,
കേരളത്തിന്റെ ഒരു ചെറിയ ഉത്സവം
എന്റെ കൈകളിൽ പിടിച്ചു.

ഗ്രാമത്തലവന്റെ മുന്നിൽ,
ബഹുമാനത്തിന്റെ ഒരു നിമിഷം നീട്ടി,
എന്റെ വിരലുകളിൽ വിരിഞ്ഞിരുന്നു
മഞ്ഞത്തിളക്കമുള്ള കണിക്കൊന്നപ്പൂക്കൾ,
സൂര്യന്റെ ചെറു കിരണങ്ങൾ പോലെ.

അവ പൂക്കൾ മാത്രം അല്ല,
ഒരു ദേശത്തിന്റെ ഓർമ്മയും,
ഒരു പാരമ്പര്യത്തിന്റെ ശ്വാസവും,
ഒരു ഹൃദയത്തിന്റെ സ്നേഹവും
അവയിൽ ഒളിച്ചിരുന്നു.

വിഷു എന്ന ഉത്സവം
ഇവിടെ, അന്യഭൂമിയിൽ,
പുതിയ അർത്ഥം കണ്ടെത്തി—
സമൃദ്ധിയുടെ അടയാളം മാത്രമല്ല,
ബന്ധങ്ങളുടെ വിത്തായി മാറി.

ആഫ്രിക്കയുടെ പച്ചപ്പും ചുവന്ന മണ്ണും ഇടയിൽ,
കൊന്നപ്പൂവിന്റെ മഞ്ഞ നിറം തെളിഞ്ഞപ്പോൾ,
രണ്ട് സംസ്കാരങ്ങൾ
ഒരു പുഞ്ചിരിയിൽ ചേർന്നു.

ആ നിമിഷം.
കൈനീട്ടം മാത്രം അല്ല,
ഹൃദയം നീട്ടിയൊരു സൗഹൃദം.

ലീലാമ്മ തോമസ്, ബോട്സ്വാന

Send your news and Advertisements

You may also like

error: Content is protected !!