കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു കുരുവിള (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി ഒൻപതോടെ ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള. 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്ന് നിയമസഭയിൽ എത്തി.
കോതമംഗലത്തെ ഊഞ്ഞപ്പാറ തോമ്പ്രയിൽ ടി.ഒ ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി 1936 സെപ്റ്റംബർ 13 നാണ് ടി.യു കുരുവിള ജനിച്ചത്. സിവിൽ എൻജിനീയറിങിൽ ഡിപ്ലോമ നേടിയ അദ്ദേഹം കൃഷി, വ്യാപാരം, സഭാ പ്രവർത്തനങ്ങൾ എന്നിവയിലും സജീവമായിരുന്നു. നീണ്ട 14 വർഷക്കാലം (1964-1978) കീരമ്പാറ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ചുകൊണ്ട് താഴേത്തട്ടിൽ നിന്നാണ് അദേഹം രാഷ്ട്രീയ അടിത്തറ പടുത്തുയർത്തിയത്. പിന്നീട് കോതമംഗലം നഗരസഭാ ചെയർമാനായും മികച്ച പ്രവർത്തനം കാഴ്‌ചവെച്ചു. പ്ലാൻഷൻ കോർപറേഷൻ ചെയർമാർ (1982-1987), കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ (1996-2001) എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2006 ൽ കോതമംഗലം മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് ടി.യു കുരുവിള ആദ്യമായി നിയമസഭയിലെത്തുന്നത്. അക്കൊല്ലം നവംബറിൽ പി.ജെ ജോസഫ് രാജിവെച്ചതിനെ തുടർന്ന് വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. എന്നാൽ രാജകുമാരി ഭൂമിയിടപാട് വിവാദത്തെ തുടർന്ന് 2007 സെപ്റ്റംബർ രണ്ടിന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. എങ്കിലും പിന്നീട് നടന്ന വിശദമായ പൊലീസ് അന്വേഷണത്തിൽ കുരുവിളയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തുകയും കോടതി അദ്ദേഹത്തെ പൂർണമായി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
2011 -ൽ യുഡിഎഫ് സ്ഥാനാർഥിയായി വീണ്ടും കോതമംഗലത്ത് നിന്ന് മത്സരിച്ച് നിയമസഭാംഗമായി. കേരള കോൺഗ്രസിന്റെറെ സംസ്ഥാന ട്രഷറർ, സെക്രട്ടറി, വൈസ് ചെയർമാൻ, യുഡിഎഫ് എറണാകുളം ജില്ലാ ചെയർമാൻ എന്നി പദവികളും വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിന് പുറമെ യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ സെക്രട്ടറിയായും അങ്കമാലി ഭദ്രാസനം ട്രസ്റ്റ് കൺവീനറായും ദീർഘകാലം പ്രവർത്തിച്ചു. ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്.
ഭാര്യ: ചിന്നമ്മ (ഊഞ്ഞാപ്പാറ കല്ലുങ്കൽ കുടുംബാംഗം)
മക്കൾ: റീന, ഡോ. രേണു, റെമി, ഡോ. രേഖ, എൽദോ.
മരുമക്കൾ: ഡോ. പോൾ ജേക്കബ്, പരേതനായ പൗവ്വൽസ് കുര്യൻ, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോൺ, റിതിക അസറിയ.

