Saturday, May 30, 2026
Home » അതിവേഗ റെയിൽപാത: ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി
അതിവേഗ റെയിൽപാത: ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി

അതിവേഗ റെയിൽപാത: ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി

by Editor

തിരുവനന്തപുരം: ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തത്. ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെ.പി. നൗഷാദ് അലിയും പങ്കെടുത്തു.

നേരത്തെ പിണറായി വിജയൻ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച ബദൽ പദ്ധതിയുമായാണ് ഇ. ശ്രീധരൻ ഇപ്പോൾ പുതിയ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍പാതയാണ് ഇ. ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. നിലവിലുള്ള റെയിൽ പാതകളുമായി കൂട്ടിയോജിപ്പിക്കാൻ കഴിയുന്നതും ബ്രോഡ്ഗേജ് അടിസ്ഥാനമാക്കിയുള്ളതുമായ ഈ പദ്ധതിക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് വിഭാവനം ചെയ്യുന്നത്.

നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതി. മുക്കാൽ പങ്കും എലവേറ്റഡ് പാതയായാണ് റെയിൽ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗർഭ പാതയായും നടപ്പാക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും പാത. പദ്ധതിയുടെ വിശദമായ പദ്ധതി രേഖയുടെ (ഡിപിആർ) 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നാണ് സൂചന. പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി ഇ. ശ്രീധരൻ നേരത്തെ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി വിജ്ഞാപനം പുതിയ സർക്കാർ പിൻവലിച്ച സാഹചര്യത്തിൽ, അതിവേഗ റെയിൽ പദ്ധതിയിൽ സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നത് നിർണായകമാണ്.

യു ഡി എഫ് സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ തീരുമാനമെടുത്തത്. പിണറായി വിജയൻ സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസർകോട് കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അ‍ടഞ്ഞ് അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

കേരളത്തിൻ്റെ അതിവേഗ പാത സ്ഥിരീകരിച്ച് മെട്രോ മാൻ ഇ. ശ്രീധരൻ; ഡിപിആർ തയ്യാറാക്കാൻ കേന്ദ്രം ചുമതലപ്പെടുത്തി.

Send your news and Advertisements

You may also like

error: Content is protected !!