തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവ് കുറഞ്ഞ ചികിത്സ ഉറപ്പാക്കുമെന്നും ലഹരി മുക്ത കേരളത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിലേക്കുയർത്താൻ വിപുലമായ പദ്ധതികളും പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. തികച്ചും സുതാര്യവും അഴിമതി മുക്തവുമായ ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതുതായി അധികാരമേറ്റ യു ഡി എഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്.
നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മുഖ്യമന്ത്രി വി.ഡി സതീശൻ, പാർലമെൻ്ററികാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇന്നത്തെ സഭാ നടപടികൾക്ക് തുടക്കമിട്ടത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് തൊട്ടുമുമ്പായിരുന്നു വന്ദേമാതരത്തിൻ്റെ ആദ്യ ഭാഗം പൊലീസ് ബാൻഡ് വായിച്ചത്. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന രാജ്‌ഭവന്റെ നിർദേശം ഉണ്ടായിരുന്നെങ്കിലും ആദ്യ ഭാഗം മാത്രം പ്ലേ ചെയ്യാനായിരുന്നു സർക്കാർ തീരുമാനം. വന്ദേമാതരം മുഴുവന്‍ ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ പിന്നീട് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിച്ചു. സ്പീക്കറെയും മുഖ്യമന്ത്രിയെയും ഇക്കാര്യം രേഖാമൂലം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗവർണർക്ക് ഇതിൽ അതൃപ്‌തിയുണ്ടായിരുന്നുവെങ്കിലും നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിച്ചാണ് അദ്ദേഹം മടങ്ങിയത്. സഭയിൽ വിവാദമുണ്ടാക്കാൻ ആഗ്രഹമില്ലാത്തതിനാലാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിച്ചത്.
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. മാനുഷികതയില്‍ ഊന്നിയ, സുതാര്യമായ ഭരണമാണ് ലക്ഷ്യമിടുന്നത്. ക്ലീന്‍ ഗവര്‍ണേന്‍സ് എന്നതായിരിക്കും സര്‍ക്കാര്‍ മുദ്രാവാക്യമെന്നാണ് നയപ്രഖ്യാപനം. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, ക്രമസമാധാനം തുടങ്ങിയ മേഖലകൾക്ക് വലിയ ഊന്നൽ നൽകുന്നതാണ് പുതിയ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം.
നയപ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനങ്ങളും പദ്ധതികളും
ലഹരി മാഫിയക്കെതിരെ കർശന നടപടി: ലഹരി വിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും. മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കാൻ കർശന നിയമ നടപടികൾ സ്വീകരിക്കും. എക്‌സ്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ചാകും പദ്ധതികള്‍. സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം നടപ്പാക്കും.
ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവ്: സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ മേഖലയെ ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: ഒരു കുടുംബത്തിന് ഒരു വർഷം 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കും. സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും ക്യാൻസർ ചികിത്സയുമുൾപ്പെടെ ഒറ്റ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സഹകരണ മേഖലയിലെ തട്ടിപ്പുകൾക്ക് തടയിടും: സഹകരണ മേഖലയിൽ ജനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള തട്ടിപ്പുകളെയും ക്രമക്കേടുകളെയും കർശനമായി നേരിടും.
പൊതുവിതരണ സംവിധാനം വിപുലീകരിക്കും: സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ആധുനിക രീതിയിൽ നവീകരിക്കും. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും എണ്ണം വർധിപ്പിക്കും.
വിദ്യാഭ്യാസമേഖല ആഗോളനിലവാരത്തിലേക്കുയർത്തും: സർക്കാർ സ്‌കൂളുകളും കോളേജുകളും ഡിജിറ്റൽ സംവിധാനങ്ങളോടെ അത്യാധുനിക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ കൊണ്ടുവരും. കൂടാതെ തൊഴിൽ നൈപുണ്യ വികസനത്തിനും ഗവേഷണത്തിനും മുൻഗണന നൽകും. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്തിനകത്തുതന്നെ വികസിപ്പിക്കും. ഭരണ ഏകോപനത്തിനായി അക്കാദമിക് സിൻഡിക്കേറ്റ് രൂപവത്കരിക്കും. വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനായി ജവഹർ നെഹ്‌റു സയന്റിഫിക് സെന്ററുകൾ സ്ഥാപിക്കും.
വിദ്യാഭ്യാസ-ഗവേഷണ മേഖലകൾക്ക് പിന്തുണ: ഗവേഷക വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പുകളുടെ എണ്ണവും തുകയും വർധിപ്പിക്കും. സർവകലാശാലകളുടെ ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ അക്കാദമിക് സിൻഡിക്കേറ്റിന് രൂപം നൽകും.
കൃഷി ഹൈടെക് ആക്കും: നെല്ല്, നാളികേരം, റബ്ബർ എന്നിവയുടെ തറവില പുതുക്കുന്നതിനൊപ്പം സംഭരണ സംവിധാനങ്ങൾ കുറ്റമറ്റതാക്കും. കൃഷിയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ഈ വർഷം ‘വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം’ രൂപീകരിക്കും. സംസ്ഥാനത്ത് ആദ്യമായി സമഗ്രമായ മണ്ണുപരിശോധന പോളിസിയും രജിസ്റ്ററും തയ്യാറാക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാർക്കുകളും പ്രൊക്യുർമെന്റ് ഹബ്ബുകളും സ്ഥാപിക്കും.
വ്യാപാര-ടൂറിസം വികസനം: കേരളത്തിൻ്റെ പാരമ്പര്യ സുഗന്ധ വ്യഞ്ജനങ്ങളുടെ വിൽപനയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി പബ്ലിക്-പ്രൈവറ്റ് പാർട്‌ണർഷിപ്പ് മാതൃകയിൽ പ്രത്യേക പാർക്ക് സ്ഥാപിക്കും. ഒപ്പം സംസ്ഥാനത്ത് തീർത്ഥാടന ടൂറിസം വിപുലമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കും.
കേന്ദ്ര പിന്തുണയ്ക്ക് ആഹ്വാനം: കേരളത്തിൻ്റെ സമഗ്ര വികസനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അർഹമായ പിന്തുണയും സാമ്പത്തിക സഹായങ്ങളും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നതായും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ഐടി മിഷനെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷനാക്കും. ഐടി വകുപ്പിന്റെ പുതിയ പേര് ഐടി ഫ്യൂച്ചര്‍ ടെക്‌നോളജി എന്നാക്കി മാറ്റും. വ്യാവസായിക വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കും. ഉല്‍പാദന മേഖല ശക്തിപ്പെടുത്തും. അതിഥി തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം പോര്‍ട്ടല്‍. വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക്.
സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതുസ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു. ഒരു മണിക്കൂർ 13 മിനിട്ട് ആണ് നയപ്രഖ്യാപന പ്രസംഗം നീണ്ടു നിന്നത്.

