Saturday, May 30, 2026
Home » ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ട് നീറ്റിലിറക്കി; ജലോപരിതലത്തിന് മുകളിലൂടെ പറക്കും
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ട് നീറ്റിലിറക്കി; ജലോപരിതലത്തിന് മുകളിലൂടെ പറക്കും

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ട് നീറ്റിലിറക്കി; ജലോപരിതലത്തിന് മുകളിലൂടെ പറക്കും

by Editor

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ട് മുംബൈയിൽ നീറ്റിലിറക്കി. ഉൾനാടൻ ജലഗതാഗതം ശക്തമായി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാരാണ് ഈ ഹൈടെക് ബോട്ട് യാഥാർത്ഥ്യമാക്കിയത്. സ്വീഡിഷ് നിർമാതാക്കളായ കാൻഡേല (Candela) വികസിപ്പിച്ചെടുത്ത അത്യാധുനിക ബോട്ടാണ് കാൻഡെല പി-12. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ബോട്ട് ‘പറക്കുന്ന ബോട്ട്‘ എന്ന പേരിലാണ് അറിയപ്പെടുന്നത്.

മുംബൈയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗേറ്റ്‌വേ ഓഫ് ഇന്ത്യ, അലിബാഗ്, എലിഫൻ്റാ ഗുഹകൾ എന്നിവയ്ക്കിടയിൽ വേഗതയേറിയതും സുഗമവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ സൗകര്യം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത യാത്രാ ബോട്ടുകൾക്ക് പകരമായി സമയം ലാഭിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ഒരു ബദൽ മാർഗമാണ് ഇതിലൂടെ യാത്രക്കാർക്ക് ലഭിക്കുന്നത്. സ്വീഡിഷ് ഇലക്ട്രിക് ബോട്ട് നിർമാതാക്കളായ കാൻഡെല വികസിപ്പിച്ചെടുത്ത ഈ ബോട്ട് ഗേറ്റ്‌വേ ഓഫ് ഇന്ത്യ, അലിബാഗ്, എലിഫന്റാ ഗുഹകൾ എന്നിവയ്ക്കിടയിലാണ് സർവീസ് നടത്തുക.

നൂതനമായ ഹൈഡ്രോഫോയിൽ സാങ്കേതിക വിദ്യയാണ് ഈ ബോട്ടിൻ്റെ ഏറ്റവും വലിയ സവിശേഷത. ബോട്ട് ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ അതിൻ്റെ അടി ഭാഗത്തുള്ള പ്രത്യേക വിങ്ങുകൾ കാരണം ബോട്ട് ജലോപരിതലത്തിൽ നിന്ന് പൂർണമായും ഉയർന്ന് വായുവിൽ പൊങ്ങിപ്പറക്കുന്നതുപോലെ സഞ്ചരിക്കും. കൂടാതെ ബോട്ടിൻ്റെ ഉൾഭാഗം വെള്ള തൊടാതെ ഉയർന്നു നീങ്ങുന്നതിനാൽ ജലഘർഷണം ഗണ്യമായി കുറയുന്നു. ഇതുമൂലം പരമ്പരാഗത ബോട്ടുകളിൽ ഉണ്ടാകാറുള്ള ശക്തമായ കുലുക്കങ്ങളോ തിരമാലകളുടെ ആഘാതമോ യാത്രക്കാരെ ബാധിക്കില്ല. തിരമാലകൾക്ക് മുകളിലൂടെ സുഖകരമായി തെന്നി നീങ്ങുന്ന യാത്രയാണ് ഇത് സമ്മാനിക്കുന്നത്.

പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാൻഡെല പി-12 പുകയോ മറ്റ് മലിനീകരണങ്ങളോ ഉണ്ടാക്കുന്നില്ല. കായലുകളിലെയും കടലിലെയും ആവാസ വ്യവസ്ഥയ്ക്ക് ദോഷം വരുത്താത്ത രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഇന്ത്യയുടെ ഹരിത ഊർജ ലക്ഷ്യങ്ങളിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കുമുള്ള ഒരു വലിയ ചുവടുവെപ്പായി ഈ സംരംഭം വിലയിരുത്തപ്പെടുന്നു. മുംബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഈ ബോട്ടിന്റെ ഔദ്യോഗിക സർവീസ് തീയതികൾ ഉടൻ തന്നെ അധികൃതർ പ്രഖ്യാപിക്കും എന്നാണ് സൂചന.

Send your news and Advertisements

You may also like

error: Content is protected !!