നാളെ (2026 മെയ് 31, ഞായറാഴ്ച) ആകാശത്ത് അപൂർവമായ ഒരു ചാന്ദ്രവിസ്മയം സംഭവിക്കുകയാണ്. ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന ‘ബ്ലൂ മൂൺ’ പ്രതിഭാസമാണ് നാളെ നടക്കുക. അതുമാത്രമല്ല 2026-ലെ ഏറ്റവും ചെറിയ പൂർണചന്ദ്രനായ ‘മൈക്രോമൂൺ’ കൂടിയാണ് നാളെ. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവിൽ എത്തുമ്പോൾ സംഭവിക്കുന്ന പൂർണചന്ദ്രനെയാണ് നമ്മൾ മൈക്രോമൂൺ എന്ന് വിളിക്കുന്നത്.
ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണ്ണചന്ദ്രൻ (വെളുത്തവാവ്) വരുന്ന പ്രതിഭാസത്തെയാണ് ‘ബ്ലൂ മൂൺ’ (Blue Moon) എന്ന് വിളിക്കുന്നത്. ഈ മേയ് മാസത്തിലെ ആദ്യ പൂർണചന്ദ്രൻ (ഫ്ലവർ മൂൺ) മേയ് 1-നായിരുന്നു. മാസാവസാനമായ മേയ് 31-ന് രണ്ടാമത്തെ പൂർണചന്ദ്രനും ഉദിച്ചുയരും. ഇത്തരം പ്രതിഭാസങ്ങൾ ഏകദേശം 2 മുതൽ 3 വർഷം കൂടുമ്പോൾ മാത്രമാണ് സംഭവിക്കാറുള്ളത്. പേര് ‘ബ്ലൂ മൂൺ’ എന്നാണെങ്കിലും ചന്ദ്രൻ നീലനിറത്തിൽ കാണപ്പെടില്ല. സാധാരണ കാണുന്നതുപോലെ സ്വർണ്ണനിറത്തിലോ വെള്ളിനിറത്തിലോ ഉള്ള പൂർണ്ണചന്ദ്രനെ തന്നെയാണ് കാണാൻ സാധിക്കുക.
ഇന്ത്യയിൽ മെയ് 31 ഞായറാഴ്ച വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം കിഴക്കൻ ആകാശത്ത് ഈ ചന്ദ്രൻ ഉദിച്ചുയരുന്നത് കാണാം. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഇത് വ്യക്തമായി കാണാൻ സാധിക്കും. ആകാശനിരീക്ഷകർക്കായി ഈ ബ്ലൂ മൂൺ ‘അന്റാറെസ്’ (Antares – തൃക്കേട്ട) എന്ന ചുവന്ന നക്ഷത്രത്തിന് സമീപത്തായിരിക്കും ദൃശ്യമാകുക. അടുത്ത ഒരു ബ്ലൂ മൂൺ കാണണമെങ്കിൽ ഇനി 2028 ഡിസംബർ 31 വരെ കാത്തിരിക്കണം.

