2023 സെപ്റ്റംബറിൽ വിടവാങ്ങിയ കെ.ജി.ജോർജിൻ്റെ 80-ാം ജന്മദിന വാർഷികമാണിന്ന്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് ‘അശീതി’ ആഘോഷിക്കേണ്ടതായിരുന്നു. (കെ.ജി.ജോർജിൻ്റെ ജനനം1946 മേയ് 24)
എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് ഇന്ന് നമ്മോടൊപ്പമില്ല. 2023 സെപ്റ്റംബർ 24-ന്, 78-ാം വയസ്സിലാണ് കെ.ജി.ജോർജിൻ്റെ വിയോഗം; അതിനു നാലു മാസം മുമ്പ് 2023 മേയ് 24-ന്, 77-ാം ജന്മദിനം അദ്ദേഹം താമസിച്ചിരുന്ന ‘സിഗ്നേച്ചർ ഏജ്ഡ് കെയർ’ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ചതിൻ്റെ റിപ്പോർട്ടും ഫോട്ടോയും പത്രത്തിൽ വന്നിരുന്നത് ഓർക്കുന്നു.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച, കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോർജ്ജ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കൽപ്പിക അതിർത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോർജ്ജ് പൊളിച്ചെഴുതി.
എഴുപതുകളില്‍ മലയാള സിനിമയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച സംവിധായകരില്‍ മുൻനിരയിലുണ്ടായിരുന്ന ഒരു പ്രമുഖനാണ് കെ ജി ജോര്‍ജ്. അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും ഭരതനും കെ പി കുമാരനും ഭരതനുമൊപ്പമുള്ള ഒരു ബ്രില്ല്യന്റ് ക്രാഫ്റ്റ്സ്മാൻ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം! (പി. പത്മരാജൻ, ഇവർക്ക് തൊട്ടുപിന്നാലെ ഈ നിരയിലൊരു സംവിധായകനായിയെത്തി എന്നും ഓർക്കണം…) മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സംവിധായകരുടെ ലിസ്റ്റ് എടുത്താല്‍ ആദ്യത്തെ അഞ്ചാറ് സ്ഥാനങ്ങളില്‍ ഒന്നില്‍ കെ. ജി. ജോര്‍ജ് ഉണ്ടാകും, എന്നത് ഉറപ്പാണ്. തൻ്റെ ഓരോ സിനിമകളിലും വ്യത്യസ്തമായ പ്രമേയത്തിലൂയും പുതുമയാർന്ന അവതരണ രീതിക്കിലൂടെയും ഇദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചു. ആദ്യ സിനിമ ‘സ്വപ്നാടനം’ മുതൽ തന്നെ ഇതു തിരിച്ചറിയാനാകും. ചില പരീക്ഷണങ്ങൾ സ്വാഭാവികമായും പരാജയപ്പെട്ടു. സിനിമാ വ്യവസായത്തിലെ പതിവ് രീതിയനുസരിച്ചു ‘പരാജയപ്പെട്ടവന് പടമില്ല’ എന്ന അവസ്ഥ അദ്ദേഹത്തിനും വന്നു ചേർന്നു.
സ്വപ്നാടനം, ഉൾക്കടൽ, യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല്, തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. ‘സ്വപ്നാടനം‘ എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 1998-ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടു ദേശം’ ആണ് അവസാന ചിത്രം. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്. സ്വപ്നാടനം, ഉൾക്കടൽ, കോലങ്ങൾ, മേള, ഇരകൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി, എന്നിങ്ങനെയുള്ള സിനിമകൾ .
‘കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്’ എന്ന ‘കെ. .ജി ജോര്‍ജ്‘, 1946-ൽ മേയ് 24-ന് തിരുവല്ലയിൽ ജനിച്ചു. കുളക്കാട്ടിൽ ഗീവർഗീസ് സാമുവൽ പിതാവ് അന്നമ്മ മാതാവും. 1968-ൽ കേരള സർവ്വകലാശാലയുടെ നിന്നു ബിരുദം നേടി; തുടർന്ന്, പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ചലച്ചിത്ര പഠനം ആരംഭിക്കുകയും 1971-ൽ സ്വര്‍ണ്ണ മെഡലോടെ സിനിമാ സംവിധാനത്തിൽ ഡിപ്ലോമയും സമ്പാദിച്ചു.
രാമു കാര്യാട്ടിൻ്റെ ‘മായ‘ (1972), ‘നെല്ല്‘ (1974) എന്നീ സിനിമകളിൽ സംവിധാന-സഹായിയായി (അസോസിയേറ്റ് ഡയറക്ടര്‍) ചലച്ചിത്ര ജിവിതം ആരംഭിച്ചു. (കെ. ജി. ജോർജ്, എസ്. എൽ. പുരം സദാനന്ദൻ, വത്സല എന്നിവർ പി വത്സലയുടെ ‘നെല്ല്’ നോവലിനെ അടിസ്ഥാനമാക്കി പ്രത്യേക തിരക്കഥകൾ എഴുതുകയും അവയിൽനിന്നുള്ള ഒരു സമ്മിശ്രണമാണ് ‘നെല്ല്‘ സിനിമയിൽ സ്വീകരിച്ചത്.) അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം പ്രവർത്തിച്ചു.
1975-ല്‍ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ ആയിരുന്നു കെ. ജി. ജോര്‍ജിൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം എന്നു മുൻ സൂചിപ്പിച്ചുവല്ലോ… ‘സ്വപ്‌നാടനം‘ അതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത രീതിയില്‍ സ്വപ്‌നങ്ങളെ, ഭ്രമാത്മകമായിട്ടുള്ള ബിംബങ്ങളെയൊക്കെ, വിളക്കി ചേര്‍ത്തുള്ളൊരു സിനിമയായിരുന്നു. സിനിമയോടും സിനിമാഭാഷയുടെ പ്രയോഗത്തോടും വളരെ വ്യത്യസ്തമായൊരു സമീപനം സ്വീകരിച്ച ഒരു മലയാള ചിത്രം. ആ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ‘സ്വപ്നാടനം‘ നിരൂപക പ്രശംസയോടൊപ്പം തിയേറ്റര്‍ വിജയവും കൂടി നേടിയപ്പോള്‍ മലയാള മധ്യവര്‍ത്തി സിനിമയുടെ വക്താക്കളില്‍ ഒരാളായി ജോര്‍ജും അംഗീകരിക്കപ്പെട്ടു; ‘ആർട്ടു ഫിലി’വ്യത്യസ്തമായ ഒരു വ്യകരണ നിർമ്മിതിയാണ് ഈ ചിത്രത്തിലൂടെ സംഭവിച്ചത് എന്നാണ് എൻ്റെ നിരീക്ഷണം. (‘സ്വപ്നാടനം’ ത്തിലെ അഭിനയത്തിനു് ‘റാണിചന്ദ്ര’ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.)
‘വ്യാമോഹം’ (1978) രണ്ടാമത്തെ സിനിമ; ഒരു നാടകത്തെ ആസ്പദമാക്കിഉള്ള തമിഴ് ചിത്രമായ ‘പോലീസ്കരൻ മകളി‘ൻ്റെ റീമേക്കാണ് ഇത്. അടൂർ ഭാസി, ലക്ഷ്മി, മോഹൻ (ശർമ), ജനാർദ്ദനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജ മലയാളത്തില്‍ സൃഷ്ടിച്ച ആദ്യ മൗലികഗാനം അവതരിപ്പിച്ച ചരിത്ര പ്രാധാന്യം കൂടിയുണ്ട്, ഈ ചിത്രത്തിന്…
‘രാപ്പാടികളുടെ ഗാഥ’ (1978) എന്ന ജോര്‍ജിൻ്റെ മൂന്നാമത്തെ ചിത്രം അദ്ദേഹത്തിന്റെ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ചിത്രമാണ്. എന്നാല്‍, ജോര്‍ജിൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നാണ് പദ്മരാജന്‍ തിരക്കഥ എഴുതിയ ഈ ചിത്രം.
1979 മുതല്‍ 1985 വരെ കെ. ജി. ജോര്‍ജിൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകള്‍ ഒന്നിന് പുറകെ ഒന്നായി പുറത്തുവന്ന കാലഘട്ടമായിരുന്നു. ക്യാമ്പസ് സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ‘ഉള്‍ക്കടല്‍‘ ആയിരുന്നു അതില്‍ ആദ്യത്തേത്. വേണു നാഗവള്ളിയും ശോഭയും പ്രധാന കഥാപാത്രങ്ങളായി വന്ന ‘ഉള്‍ക്കടല്‍’ അദ്ദേഹത്തെ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന നിലയിലേക്ക് ഉയര്‍ത്തി. മമ്മൂട്ടി എന്ന നടനെ ആദ്യമായി നായക തുല്യമായ വേഷത്തില്‍ അവതരിപ്പിച്ച ‘മേള’: ഇതിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച മേള രഘു (ശശിധരൻ– 61) ഒരു വർഷം മുമ്പ് അന്തരിച്ചുവല്ലോ. പി. ജെ. ആന്റണിയുടെ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കിയ ‘കോലങ്ങള്‍’ എന്നിവ ജോര്‍ജ് എന്ന സംവിധായകനെ കൂടുതല്‍ മെച്ചപ്പെടുത്തിയ ചലച്ചിത്രങ്ങളായിരുന്നു.
കെ.ജി. ജോര്‍ജിന്റെ ‘യവനിക‘ (1982) മലയാള സിനിമയിലെ ഒരു ട്രെന്‍ഡ് സെറ്ററായാണ് അറിയപ്പെടുന്നത്. ‘യവനിക’ തീയറ്ററുകളിലെത്തിയിട്ട് 40 വര്‍ഷം ഇക്കഴിഞ്ഞ (2023) ഏപ്രില്‍ 30-ന് പിന്നിട്ടു. കെ.ജി. ജോര്‍ജിൻ്റെ കരിയറിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്; മമ്മൂട്ടിയുടെയും. ജോര്‍ജിൻ്റെയും മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്. ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്’ എന്ന ചിത്രം അന്തരിച്ച നടി ശോഭയുടെ ജീവിതം ചര്‍ച്ച ചെയ്തപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു സംവിധായകന്‍ കെ ജി ജോര്‍ജിന്.
ജോര്‍ജിൻ്റെ ഏറ്റവും വ്യത്യസ്തമായ ചിത്രം എന്നു പറയാവുന്ന ഒന്നാണ് ‘ആദാമിന്റെ വാരിയെല്ല്’ മൂന്നു വ്യത്യസ്തരായ സ്ത്രീകളിലൂടെ മുന്നേറുന്ന കഥയാണ് ചിത്രത്തിന്റേത്. ജോര്‍ജിന്റെ സ്ത്രീപക്ഷ സിനിമ എന്ന് നിസംശയം പറയാവുന്ന ഈ ചിത്രത്തിൻ്റെ അവസാന ഷോട്ട് ചിത്രം കണ്ട ഒരാളും ഒരിക്കലും മറക്കാന്‍ ഇടയില്ല.
അതു പോലെ തന്നെ വ്യത്യസ്തവും ഇന്നു പ്രസക്തിയുള്ളതുമായ ‘പഞ്ചവടിപ്പാലം‘ (1984) എന്ന ആക്ഷേപഹാസ്യ സിനിമയെ. വർഷമിത്ര കഴിഞ്ഞിട്ടും എല്ലാവരും ഇടക്കിടെ ഓർമ്മപ്പെടുത്താറുണ്ട്. 1985-ല്‍ പുറത്തു വന്ന ‘ഇരകള്‍‘ മറ്റൊരു ‘സൈക്കോ ത്രില്ലര്‍‘; കെ ജി ജോര്‍ജിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം തന്നെയാണ്.
പിന്നീട് കെ.ജി. ജോര്‍ജിടുത്ത സിനിമകൾ കലാപരമായുള്ള പിന്നോക്കം പോക്കായിരുന്നു; പ്രദർശന വിജയവും നേടിയില്ല. ‘കഥക്ക് പിന്നില്‍’, ‘മറ്റൊരാള്‍’, ‘ഒരു യാത്രയുടെ അന്ത്യം’, ‘ഈ കണ്ണി കൂടി’ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത അദ്ദേഹം ഒരിടവേളക്ക് ശേഷം ‘ഇലവങ്കോട് ദേശം’ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നെങ്കിലും ചിത്രം സാമ്പത്തികമായും കലാപരമായും പരാജയപ്പെട്ടു.
നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സ്വപ്നാടനത്തിന് മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ സിനിമാ അവാർഡും ലഭിച്ചു. രാപ്പാടികളുടെ ഗാഥയ്ക്ക് 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.1982-ൽ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് യവനികയ്ക്കും 1983-ൽ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് ആദാമിന്റെ വാരിയെല്ലിനും സംസ്ഥാന പുരസ്കാരം ലഭിച്ചു. ‘ഇരകൾ’ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985-ലും കെ.ജി. ജോർജിനെത്തേടി സംസ്ഥാന പുരസ്കാരമെത്തി.
2016-ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരത്തിനും അർഹനായി.
മലയാള സംഗീതനാടക വേദിയിലെ ഗായക -നടനായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു ഇവരുടെ വിവാഹം. “ശരദിന്ദു മലർദീപ നാളം നീട്ടി …” (‘ഉൾക്കടൽ’) എന്ന ഹിറ്റ് ഗാനം ഉൾപ്പെടെ പല സിനിമാ ആലപിച്ചത് സൽമയാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ. സൽമ ഏറെ നാളായി മകനോടൊപ്പം ഗോവയിലാണ് താമസം. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്.
സ്ട്രോക്ക് വന്നതിനു ശേഷമാണ് കെ.ജി. ജോര്‍ജ്, എറണാകുളം, കാക്കനാടിനടുത്ത് പടമുകൾ കുന്നുമ്പുറം എന്ന സ്ഥലത്ത്, മികച്ച സൗകര്യങ്ങൾ ഉള്ളതും ‘മുതിർന്ന പൗരന്മാർ’ താമസിക്കുന്നതുമായ ഒരു ഇടത്തിൽ, ‘സിഗ്നേച്ചർ ഏജ്ഡ് കെയർ, എന്ന സങ്കേതത്തിൽ, താമസമാക്കിയത്.
ആർ. ഗോപാലകൃഷ്ണൻ

