Saturday, May 23, 2026
Home » ന്യൂയോർക്കിലുള്ള സ്റ്റാറ്റൻ ഐലൻഡിൽ സ്ഫോടനവും തീപിടിത്തവും; ഒരു മരണം, 36 പേർക്ക് പരുക്ക്.
ന്യൂയോർക്കിലുള്ള സ്റ്റാറ്റൻ ഐലൻഡിൽ സ്ഫോടനവും തീപിടിത്തവും; ഒരു മരണം, 36 പേർക്ക് പരുക്ക്.

ന്യൂയോർക്കിലുള്ള സ്റ്റാറ്റൻ ഐലൻഡിൽ സ്ഫോടനവും തീപിടിത്തവും; ഒരു മരണം, 36 പേർക്ക് പരുക്ക്.

by Editor

ന്യൂയോർക്ക്: ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലുള്ള ഷിപ്പ്‌യാർഡിൽ (കപ്പൽശാല) ഉണ്ടായ ശക്തമായ തീപിടിത്തത്തിലും തുടർച്ചയായുണ്ടായ സ്ഫോടനങ്ങളിലും ഒരാൾ മരിക്കുകയും 36 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്റ്റാറ്റൻ ഐലൻഡിലെ മറീനേഴ്സ് ഹാർബറിലുള്ള റിച്ച്മണ്ട് ടെറസിലെ ഒരു ഷിപ്പ്‌യാർഡിലാണ് അപകടമുണ്ടായത്.

അഗ്നിശമനസേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ, കെട്ടിടത്തിനുള്ളിൽ ശക്തമായ രണ്ടാമതൊരു സ്ഫോടനം കൂടി ഉണ്ടാകുകയായിരുന്നു. ഇതാണ് പരുക്കുകളുടെ വ്യാപ്തി കൂട്ടിയത്. പരുക്കേറ്റ 36 പേരിൽ ഭൂരിഭാഗവും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ (FDNY) ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരുമാണ് എന്നാണ് റിപ്പോർട്ടുകൾ.

ദുരന്തത്തിൻ്റെ വ്യാപ്‌തി കണക്കിലെടുത്ത് ഇരൂറിലധികം അടിയന്തര സേവന വിഭാഗം ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി അടിയന്തരമായി വിന്യസിച്ചിരിക്കുന്നത്. അഗ്നിശമനസേനാ വിഭാഗം, ഇ.എം.എസ് മെഡിക്കൽ സംഘം, പൊലീസ് എന്നിവർ സംയുക്തമായി സ്ഥലത്ത് വ്യാപകമായ രക്ഷാപ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അപകടത്തിൽ പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും തീ നിയന്ത്രണ വിധേയമാക്കുന്നതിനുമുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

അതേസമയം സ്റ്റാറ്റൻ ഐലൻഡിലുണ്ടായ ഈ സ്ഫോടനത്തിൻ്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായും വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും ന്യൂയോർക്ക് ഔദ്യോഗിക അധികൃതർ അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!