കോളേജിൽ പഠിക്കുന്ന കാലത്ത്, വീട്ടിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുമ്പോൾ, ഏകദേശം 30 രൂപയാണ് ഒരു വഴിക്ക്, അങ്ങോട്ടും ഇങ്ങോട്ടും ആകുമ്പോൾ 60 രൂപയോളം എന്നാണ് എന്റെ ഓർമ്മ. ഒരു മാസം നാലോ അഞ്ചോ തവണ പോയി വരുമ്പോൾ കുറെയധികം പൈസയാകും. ഇത് ഫാസ്റ്റ് പാസഞ്ചറിലെ റേറ്റ് ആണ്, സൂപ്പർ ഫാസ്റ്റ് ൽ അങ്ങനെ അധികം പോയിട്ടില്ല. പഠിക്കുകയാണ് വരുമാനം ഒന്നുമില്ലാത്ത കാലമാണ്. ഇത്രയും രൂപ ചെലവഴിക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.
ഇന്നിപ്പോൾ സർക്കാർ ജോലിയുണ്ട്, എനിക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ആവശ്യമില്ല, അതുപോലെതന്നെയായിരിക്കും എന്നെപ്പോലെയുള്ള ഒട്ടുമിക്ക സ്ത്രീകൾക്കും. പഠിക്കുന്ന കാലത്ത് കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. സർക്കാർ തരുന്ന ശമ്പളത്തിന് പുറമേ ഇങ്ങനെയൊരു ആനുകൂല്യം വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് എടുത്ത് തന്നെ പോകും.
പക്ഷേ ഇത് ആവശ്യമുള്ള ഒരുപാട് സ്ത്രീകളുണ്ട്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ, അതിൽ ചെറുതല്ലാത്ത പങ്ക് ബസ് കൂലിയായി കൊടുക്കുന്നവർ. അവർക്കിത് വലിയ ആശ്വാസമായിരിക്കും. അവരിത് അർഹിക്കുന്നുമുണ്ട്.
മിനി ബാബു

